ലോകകപ്പിലെ ഓസ്ട്രേലിയക്കെതിരായ ആദ്യ മത്സരത്തിൽ തകർപ്പൻ വിജയം തന്നെയാണ് ഇന്ത്യ സ്വന്തമാക്കിയത്. 6 വിക്കറ്റുകളുടെ വിജയമായിരുന്നു ഇന്ത്യ നേടിയത്. എന്നാൽ 200 എന്ന വിജയലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ഞെട്ടിപ്പിക്കുന്ന തുടക്കമാണ് ലഭിച്ചത്. കേവലം 2 റൺസ് നേടുന്നതിനിടെ മത്സരത്തിൽ ഇന്ത്യയുടെ 3 മുൻനിര ബാറ്റർമാർ കൂടാരം കയറുകയുണ്ടായി.
ഈ സമയത്ത് മത്സരത്തിൽ പരാജയമറിയുമോ എന്ന ഭയം തനിക്കുണ്ടായിരുന്നു എന്ന് മത്സരശേഷം തുറന്നു പറഞ്ഞിരിക്കുകയാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ. ഒരു ടീമും ആഗ്രഹിക്കുന്ന തുടക്കമല്ല തങ്ങൾക്ക് ലഭിച്ചത് എന്നാണ് രോഹിത് ശർമ പറഞ്ഞത്.
“ഇന്നിംഗ്സിന്റെ തുടക്കത്തിൽ ഞാൻ അല്പം ഭയപ്പെട്ടിരുന്നു. അത്തരത്തിൽ ഒരു ഇന്നിംഗ്സ് ആരംഭിക്കാൻ ആരും തന്നെ ആഗ്രഹിക്കുന്നില്ല. അങ്ങനെയൊരു തുടക്കത്തിന്റെ മുഴുവൻ ക്രെഡിറ്റും ഓസ്ട്രേലിയക്ക് തന്നെ അർഹതപ്പെട്ടതാണ്. അവർ കൃത്യമായ ഏരിയയിൽ തന്നെ പന്ത് എറിയുകയുണ്ടായി. അതോടൊപ്പം മുൻനിര ബാറ്റർമാരുടെ ഭാഗത്തുനിന്ന് കുറച്ച് മോശം ഷോട്ടുകളുമുണ്ടായി.
ഇത്തരം ഒരു വിജയലക്ഷം മുൻപിൽ നിൽക്കുമ്പോൾ പവർപ്ലേ ഓവറുകളിൽ പരമാവധി റൺസ് കണ്ടെത്താനാണ് നമ്മൾ ശ്രമിക്കേണ്ടത്. എന്നിരുന്നാലും മത്സരത്തിൽ ഇന്ത്യയുടെ വിജയത്തിലെ ക്രെഡിറ്റ് പൂർണമായും വിരാട് കോഹ്ലിക്കും കെഎൽ രാഹുലിനും അർഹതപ്പെട്ടതാണ്.”- രോഹിത് ശർമ പറയുന്നു.
“മത്സരത്തിന്റെ സാഹചര്യങ്ങളോട് ഇണങ്ങുകയും കണ്ടീഷൻസ് പൂർണമായും മനസ്സിലാക്കുകയും ചെയ്യുക എന്നതായിരുന്നു ഞങ്ങളെ സംബന്ധിച്ച് വലിയ വെല്ലുവിളി. ആർക്കാണോ മത്സര സാഹചര്യങ്ങളോട് പൂർണമായും പൊരുത്തപ്പെടാൻ സാധിക്കുന്നത് അവർ മത്സരത്തിൽ ടീമിനെ വിജയത്തിൽ എത്തിക്കേണ്ടതുണ്ടായിരുന്നു. മാത്രമല്ല ചെന്നൈയിലെ ആരാധകരും ഞങ്ങൾക്ക് വലിയ പിന്തുണ നൽകുകയുണ്ടായി. അവർ എല്ലായിപ്പോഴും ക്രിക്കറ്റിനെ സ്നേഹിക്കുകയും എത്ര മോശം സാഹചര്യങ്ങളിലും മത്സരം കാണാൻ എത്തുകയും ചെയ്യാറുണ്ട്.”- രോഹിത് ശർമ കൂട്ടിച്ചേർത്തു.
മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ 199 റൺസായിരുന്നു നേടിയത്. ഓസ്ട്രേലിയയ്ക്കായി വാർണറും സ്റ്റീവ് സ്മിത്തുമാണ് ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചത്. ഇന്ത്യക്കായി സ്പിന്നർ രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കി. കുൽദീപ് യാദവും ബുംറയും രണ്ടു വിക്കറ്റ് വീതമാണ് മത്സരത്തിൽ വീഴ്ത്തിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ഒരു ഷോക്കിങ് തുടക്കം തന്നെയായിരുന്നു ലഭിച്ചത്. എന്നാൽ അതിനു ശേഷം വിരാട് കോഹ്ലിയുടെയും രാഹുലിന്റെയും മികവാർന്ന പ്രകടനം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 165 റൺസിന്റെ കൂട്ടുകെട്ടായിരുന്നു ഇന്ത്യയ്ക്കായി കെട്ടിപ്പടുത്തത്.