സത്യം പറഞ്ഞാൽ ബോർഡർ-ഗാവാസ്കർ ട്രോഫിയിൽ ഓസീസിന്റെ കാര്യം വലിയ പരിതാപകരം തന്നെയാണ്. മത്സരത്തിനു മുൻപുള്ള ഓരോ ദിവസങ്ങളിലും ഓരോ വിമർശന അസ്ത്രങ്ങളായിരുന്നു ഓസീസ് ഇന്ത്യക്കെതിരെ എയ്തുകൊണ്ടിരുന്നത്. എന്നാൽ ഓരോ നിമിഷവും ഇവയെല്ലാം വെള്ളത്തിലാവുകയാണ്. മുൻപ് ഓസീസ് ഏറ്റവുമധികം ഉയർത്തിക്കാട്ടിയ പ്രശ്നം നാഗ്പൂരിലെ പിച്ചു തന്നെയായിരുന്നു. സ്പിന്നിന് അനുകൂലമായി നിർമ്മിച്ച പിച്ച്, ഓസീസ് ഇടങ്കയ്യന്മാരെ ലക്ഷ്യം വച്ചാണ് ഉണ്ടാക്കിയെടുത്തത് എന്ന ആരോപണം അവർ പുറത്തുവിട്ടിരുന്നു.
ഓസീസ് നിരയിൽ ഒരുപാട് ഇടംകയ്യൻ ബാറ്റർമാർ ഉള്ളതിനാൽ, ഇടംകയ്യന്മാരെ കുഴപ്പിക്കുന്ന തരത്തിൽ ഇന്ത്യ പിച്ചു നിർമ്മിച്ചു എന്നാണ് അവർ പലയിടത്തും വാദിച്ചത്. എന്നാൽ മത്സരം രണ്ടാം ദിവസത്തിലേക്ക് എത്തുമ്പോൾ ഈ വാദത്തിന്റെ പ്രസക്തി നശിച്ചിരിക്കുകയാണ്. മുൻപ് ഓസിസിന്റെ ഇടങ്കയ്യൻ ബാറ്റർമാരായ ഉസ്മാൻ ഖവാജയും ഡേവിഡ് വാർഡറുമൊക്കെ പിച്ചിൽ പതറിയപ്പോൾ ഓസ്ട്രേലിയ തങ്ങളുടെ വാദത്തിൽ ഉറച്ചുനിന്നു. എന്നാൽ രവീന്ദ്ര ജഡേജയുടെയും അക്ഷർ പട്ടെലിന്റെയും തകർപ്പൻ ഇന്നിങ്സുകൾ അവരുടെ വാദം പൊളിച്ചു.
ഇടംകയ്യന്മാർക്ക് ഒരുക്കിയ കെണി എന്ന് വിശേഷിപ്പിക്കപ്പെട്ട പിച്ചിൽ 81 റൺസിന്റെ കൂട്ടുകെട്ടാണ് ഇന്ത്യയുടെ ജഡേജ-അക്ഷർ ഇടങ്കയ്യൻ ജോഡി കൂട്ടിച്ചേർത്തത്. ജഡേജ മത്സരത്തിൽ 66 റൺസ് നേടിയപ്പോൾ, അക്ഷർ 52 റൺസ് നേടി. ഇരുവരും രണ്ടാം ദിവസം പുറത്താവാതെ നിൽക്കുകയാണ്.
മത്സരത്തിനു മുൻപുള്ള ഓസീസിന്റെ മൈൻഡ് ഗെയിമിലെ വലിയ നുണയാണ് ഈ ബാറ്റർമാർ പൊളിച്ച് കയ്യിൽ കൊടുത്തിരിക്കുന്നത്. സംയമനത്തോടെ കളിച്ചാൽ ഈ പിച്ചിൽ ആർക്കും പിടിച്ചുനിൽക്കാനാവും എന്ന സൂചനയും ഈ ഇടംകയ്യന്മാർ നൽകുന്നു. ഇനി ഓസീസ് അടുത്ത കരച്ചിലുമായി വരുന്നതിന് കാതോർത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം.