“സാക്ഷാൽ ഗെയ്ലിന്റെ മുട്ട് വിറപ്പിച്ച ഇന്ത്യൻ ബോളർ”. ചെന്നൈ താരത്തെ പറ്റി ശ്രീകാന്ത്.

ലോക ക്രിക്കറ്റിൽ തന്നെ ഏറ്റവും അപകടകാരിയായ ബാറ്റർമാരിൽ ഒരാളാണ് ക്രിസ് ഗെയ്ൽ. മാത്രമല്ല ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിലും വെടിക്കെട്ടിന് തിരികൊളുത്തിയ പാരമ്പര്യമാണ് ഗെയ്ലിനുള്ളത്. ഒരുപാട് യുവതാരങ്ങളുടെ കരിയർ കേവലം ഒന്നോ രണ്ടോ മത്സരങ്ങളിൽ അവസാനിച്ചതിൽ വലിയ പങ്കുവഹിച്ചത് ഗെയ്ലിന്റെ ഈ വെടിക്കെട്ട് ആയിരുന്നു.

പല ബോളർമാർക്കും ഗെയിലിനെ പിടിച്ചു കെട്ടുക എന്നത് വലിയ രീതിയിലുള്ള പ്രശ്നമായി നിലനിന്നു. എന്നാൽ ഗെയ്ലിനെതിരെ മികച്ച ബോളിംഗ് പ്രകടനം കാഴ്ചവച്ച ഒരു ഇന്ത്യൻ ബോളറാണ് രവിചന്ദ്രൻ അശ്വിൻ. എപ്പോഴൊക്കെ അശ്വിൻ ബോളിംഗ് ക്രീസിൽ എത്തിയാലും ഗെയിലിന്റെ മുട്ടു വിറയ്ക്കാറുണ്ട് എന്നാണ് മുൻ ഇന്ത്യൻ താരം ശ്രീകാന്ത് ഇപ്പോൾ പറഞ്ഞിരിക്കുന്നത്.

ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ശ്രീകാന്ത് ഇക്കാര്യം പറഞ്ഞത്. അശ്വിൻ എന്നും ഗെയിലിന് ഭീഷണി സൃഷ്ടിച്ചിട്ടുണ്ട് എന്ന് ശ്രീകാന്ത് തുറന്നു പറയുകയാണ് ഉണ്ടായത്. “ക്രിസ് ഗെയ്ലിന് സിക്സറുകൾ നേടാനും ബൗണ്ടറുകൾ നേടാനും സാധിക്കും. പക്ഷേ അശ്വിനെതിരെ ഇതൊന്നും ചെയ്യാൻ അവന് കഴിയില്ല. കേവലം മൂന്നോ നാലോ പന്തുകളിൽ തന്നെ ഗെയ്ലിനെ പുറത്താക്കാൻ അശ്വിന് സാധിക്കുമായിരുന്നു. അശ്വിൻ ബോളിംഗ് ക്രീസിലെത്തുമ്പോൾ തന്നെ ഗെയ്ലിന്റെ മുട്ടുകൾ വിറയ്ക്കുന്നത് നമുക്ക് കാണാൻ സാധിക്കുമായിരുന്നു.”- ശ്രീകാന്ത് പറഞ്ഞു.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ 5 തവണയാണ് അശ്വിൻ ഗെയിലിനെ പുറത്താക്കിയിട്ടുള്ളത്. 64 പന്തുകൾ ഗെയിലിനെതിരെ എറിയാൻ അശ്വിന് സാധിച്ചിട്ടുണ്ട്. ഇതിൽ നിന്ന് 53 റൺസ് മാത്രമാണ് ഗെയിലിന് നേടാൻ സാധിച്ചത്. അതുകൊണ്ടു തന്നെയാണ് നിലവിൽ ഐപിഎല്ലിലെ ഏറ്റവും മികച്ച സ്പിന്നർമാരിൽ ഒരാളായി അശ്വിൻ നിലനിൽക്കുന്നത്. അശ്വിനെ ഇത്തരത്തിൽ മികച്ച ഒരു ബോളറാക്കി മാറ്റിയതിന്റെ പൂർണ്ണമായ ക്രെഡിറ്റ് ശ്രീകാന്ത് നൽകുന്നത് മഹേന്ദ്ര സിംഗ് ധോണിയ്ക്കാണ്. അശ്വിനെ കണ്ടെത്താനും ഉയർത്തിക്കൊണ്ടു വരാനും ധോണിയ്ക്ക് വലിയ രീതിയിൽ സാധിച്ചു എന്ന് ശ്രീകാന്ത് പറയുന്നു.

“ട്വന്റി20 ക്രിക്കറ്റിൽ അശ്വിന്റെ പ്രതിഭ പൂർണമായും തിരിച്ചറിഞ്ഞ വ്യക്തിയാണ് ധോണി. ഒരു മാച്ച് വിന്നിങ് ബോളറാക്കി അശ്വിനെ മാറ്റുന്നതിൽ ധോണി ഒരു പ്രധാന പങ്കുതന്നെ വഹിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയായിരുന്നു അശ്വിൻ ഏകദിന ക്രിക്കറ്റിലും ടെസ്റ്റ് ക്രിക്കറ്റിലും തന്റെ ക്ലാസ് തെളിയിച്ചത്. മാത്രമല്ല നിലവിൽ അശ്വിൻ ഒരു മികച്ച ബാറ്റർ കൂടിയാണ്.”- ശ്രീകാന്ത് കൂട്ടിച്ചേർത്തു. ഇത്തവണത്തെ മെഗാ ലേലത്തിൽ 9.75 കോടി രൂപയ്ക്കായിരുന്നു അശ്വിൻ ചെന്നൈ സൂപ്പർ കിംഗ്സ് ടീമിലേക്ക് എത്തിയത്. മാർച്ച് 23ന് മുംബൈ ഇന്ത്യൻസിനെതിരെയാണ് ചെന്നൈയുടെ ആദ്യ മത്സരം നടക്കുന്നത്.

Previous article“ഒരിക്കലെങ്കിലും രോഹിതിന്റെ കീഴിൽ കളിക്കണം, അദ്ദേഹം എന്റെ സ്വപ്ന നായകൻ”- ശശാങ്ക് സിംഗ്.