“ഇനിയും കളി മെച്ചപ്പെടാനുണ്ട്”. ഇന്ത്യ ഫൈനലിൽ എത്തിയിട്ടും ഗംഭീറിന് അതൃപ്തി.

ഇതുവരെ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചാണ് ഇന്ത്യ ഫൈനൽ മത്സരത്തിലേക്ക് യോഗ്യത നേടിയത്. ചാമ്പ്യൻസ് ട്രോഫിയിൽ കളിച്ച 4 മത്സരങ്ങളിലും പൂർണമായ ആധിപത്യത്തോടെ വിജയം സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. എന്നാൽ ഫൈനലിലേക്ക് ഇത്രമാത്രം മികച്ച രീതിയിൽ പ്രവേശനം നേടിയിട്ടും ഇന്ത്യൻ ടീമിന്റെ പ്രകടനത്തിൽ താൻ പൂർണ്ണ സംതൃപ്തനല്ല എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് കോച്ച് ഗൗതം ഗംഭീർ. ഇതിലും മികച്ച രീതിയിൽ പ്രകടനങ്ങൾ കാഴ്ചവയ്ക്കാൻ സാധിക്കുന്ന താരങ്ങളാണ് ടീമിലുള്ളത് എന്ന് ഗംഭീർ പറയുന്നു.

“ഇന്ത്യൻ താരങ്ങൾ ഇതിൽ കൂടുതൽ കഴിവും കപ്പാസിറ്റിയും ഉള്ളവരാണ്. അങ്ങനെ ചിന്തിക്കുമ്പോൾ ടീമിന് ഇനിയും വളരെ മുൻപിലേക്ക് ചലിക്കാൻ സാധിക്കും. പൂർണ്ണമായ രീതിയിൽ ആധിപത്യം സ്ഥാപിക്കാനും കഴിയും. മാർച്ച് 9ന് ദുബായ് സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനൽ മത്സരത്തിൽ ഇന്ത്യയുടെ പൂർണമായ ഒരു വേർഷൻ കാണാൻ സാധിക്കും എന്നാണ് ഞങ്ങൾ കരുതുന്നത്.”- ഗൗതം ഗംഭീർ പറയുകയുണ്ടായി. ഒപ്പം കഴിഞ്ഞ മത്സരങ്ങളിലെ വിരാട് കോഹ്ലിയുടെ പ്രകടനത്തെ പ്രശംസിക്കാനും ഗംഭീർ മറന്നില്ല. ടീം കൂടുതൽ മെച്ചപ്പെടുക എന്നതിനാണ് തങ്ങൾ ഇപ്പോൾ ശ്രദ്ധിക്കുന്നത് എന്നും ഗംഭീർ പറയുകയുണ്ടായി.

“ടൂർണമെന്റിൽ ഇനി ഒരു മത്സരം കൂടിയാണ് നമുക്ക് ബാക്കിയുള്ളത്. ആ മത്സരത്തിൽ നമുക്ക് പൂർണമായും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ടീം കൂടുതലായി മെച്ചപ്പെടുക എന്നതാണ് എന്റെ ആഗ്രഹം. മൈതാനത്ത് എതിർ ടീമിന്മേൽ കൃത്യമായ ക്രൂരത കാണിക്കാനും, എന്നാൽ മൈതാനത്തിന് പുറത്ത് തികച്ചും വിനയത്തോടെ മുൻപോട്ടു പോകാനുമാണ് ഞങ്ങളുടെ ആഗ്രഹവും.”- ഗൗതം ഗംഭീർ കൂട്ടിച്ചേർക്കുകയുണ്ടായി. കഴിഞ്ഞ മത്സരങ്ങളിൽ ഇന്ത്യ 4 സ്പിന്നർമാരെ കളിപ്പിച്ചതും അക്ഷർ പട്ടേലിനെ അഞ്ചാം സ്ഥാനത്തേക്ക് ഉയർത്തിയതും വലിയ ചർച്ചകൾ സൃഷ്ടിച്ചിരുന്നു. ഇതേ സംബന്ധിച്ചും ഗംഭീർ തന്റെ നിലപാട് വ്യക്തമാക്കുകയുണ്ടായി.

ഇത്തരം തീരുമാനങ്ങൾ കളിക്കാരിൽ നിന്ന് കൂടുതൽ മികച്ച പ്രകടനങ്ങൾ ഉണ്ടാവാൻ കാരണമായിട്ടുണ്ട് എന്നാണ് ഗംഭീറിന്റെ വാദം. “പുറത്തുനിന്ന് നോക്കുമ്പോൾ ഇത്തരത്തിലുള്ള തീരുമാനങ്ങൾ യുക്തിക്ക് നിരക്കാത്തതായി തോന്നിയേക്കാം. പക്ഷേ കളിക്കാരെ അവരുടെ കംഫർട്ട് സോണിൽ നിന്ന് പുറത്തുകൊണ്ടുവരിക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം. അവരിൽ നിന്ന് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കുക എന്നതും ഞങ്ങളുടെ മുൻപിലുള്ള ലക്ഷ്യമാണ്.”- ഗംഭീർ പറഞ്ഞു വയ്ക്കുന്നു. ഇതുവരെ ടൂർണമെന്റിൽ പുറത്തെടുത്ത മികച്ച പ്രകടനം ഇന്ത്യ ഫൈനൽ മത്സരത്തിലും ആവർത്തിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

Previous article“ഇന്ത്യൻ ടീമിലെ നിസ്വാർത്ഥനായ താരം.. അവന് ടീമാണ് വലുത്”- മുൻ പാക് താരം പറയുന്നു..