ബുമ്രയുമായി ഉടക്കിയത് എന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റ്. കോൺസ്റ്റസ് തുറന്ന് പറയുന്നു.

തന്റെ അരങ്ങേറ്റ പരമ്പരയായിരുന്നിട്ടും യാതൊരു ഭയവുമില്ലാതെ ഇന്ത്യൻ ബോളിംഗ് നിരയെ നേരിടാൻ കോണ്‍സ്റ്റസിന് സാധിച്ചു. മാത്രമല്ല മൈതാനത്ത് ഇന്ത്യൻ താരങ്ങൾക്കെതിരെ വാക്പോരുകളും മറ്റുമായി കോൺസ്റ്റസ് കളം നിറഞ്ഞിരുന്നു. സിഡ്നി ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ നായകൻ ബൂമ്രയ്ക്കെതിരെ കോൺസ്റ്റസ് രംഗത്ത് എത്തിയിരുന്നു.

മത്സരത്തിൽ സ്ട്രൈക്കർ എൻഡിൽ ഉസ്മാൻ ഖവാജ സമയം പാഴാക്കാനായി പലതര തന്ത്രങ്ങളും ഉപയോഗിച്ചിരുന്നു. ബൂമ്ര ഇക്കാര്യത്തിൽ അത്ര സന്തോഷവാനായിരുന്നില്ല. എന്നാൽ ഈ സമയത്ത് കോൺസ്റ്റസ് രംഗത്ത് വരികയും ബൂമ്രയുമായി വാക്പോരിൽ ഏർപ്പെടുകയും ചെയ്തു. ഇതേപ്പറ്റിയാണ് ഇപ്പോൾ കോൺസ്റ്റസ് സംസാരിക്കുന്നത്.

അന്ന് ബുമ്രയുമായി ഉടക്കിയ സംഭവത്തിൽ തെറ്റ് തന്റെ ഭാഗത്താണ് എന്ന് കോൺസ്റ്റസ് തുറന്നു പറഞ്ഞിരിക്കുകയാണ്. “അക്കാര്യത്തിൽ ഞാൻ ഒരുപാട് അസ്വസ്ഥൻ ആയിരുന്നില്ല. പക്ഷേ നിർഭാഗ്യവശാൽ ഖവാജ അടുത്ത പന്തിൽ തന്നെ പുറത്താകുകയാണ് ഉണ്ടായത്. ആ സമയത്ത് ഖവാജ ശ്രമിച്ചത് ക്രീസിൽ നിന്ന് അല്പം സമയം പാഴാക്കാൻ തന്നെയാണ്. ബൂമ്രയുമായി ഉടക്കിയത് എന്റെ തെറ്റ് തന്നെയായിരുന്നു. അത് അങ്ങനെ സംഭവിച്ചു പോയി. ക്രിക്കറ്റിൽ ഇത്തരം കാര്യങ്ങൾ ഉണ്ടാവാം. മുഴുവൻ ക്രെഡിറ്റും ഞാൻ ബുമ്രയ്ക്ക് നൽകുകയാണ്. അടുത്ത പന്തിൽ തന്നെ വിക്കറ്റ് സ്വന്തമാക്കാൻ ബുമ്രയ്ക്ക് സാധിച്ചു.”- കോൺസ്റ്റസ് പറഞ്ഞു.

ക്യാൻസർ രോഗികൾക്കായി അവബോധം നൽകുന്നതിന് മഗ്രാത്ത് ഫൗണ്ടേഷൻ നടത്തുന്ന ബോധവൽക്കരണങ്ങളെ പ്രശംസിച്ചു കൊണ്ടും കോൺസ്റ്റസ് സംസാരിക്കുകയുണ്ടായി. “ക്യാൻസറിനെ പറ്റി കൂടുതൽ ബോധവൽക്കരണം ആളുകൾക്ക് നടത്താൻ ഇത് സഹായിക്കുന്നു. മാത്രമല്ല ഇത്തരം രോഗം വന്നവർക്കായി ഒരുപാട് പണം ശേഖരിക്കാനും ഇത് സഹായകരമാണ്. എന്റെ ഒരു അടുത്ത ബന്ധു ലുക്കീമിയ മൂലം സമീപകാലത്താണ് മരണമടഞ്ഞത്.എന്റെ മുത്തച്ഛൻ ക്യാൻസർ മൂലമാണ് മരണപ്പെട്ടത്. അതുകൊണ്ടുതന്നെ മഗ്രാത്ത് ഫൗണ്ടേഷന്റെ ഈ ക്യാമ്പയിനുകൾ വളരെ മികച്ചതാണ്.”- കോൺസ്റ്റസ് പറഞ്ഞു.

ബോർഡർ ഗവാസ്കർ പരമ്പരയിൽ ഓപ്പണർ മാക്‌സീനിയ്ക്ക് പകരക്കാരനായി ആയിരുന്നു കോൺസ്റ്റസ് ഓസ്ട്രേലിയൻ ടീമിലെത്തിയത്. 4 ഇന്നിംഗ്സുകൾ ഓസ്ട്രേലിയക്കായി കളിച്ച താരം 113 റൺസാണ് നേടിയത്. തന്റെ അരങ്ങേറ്റ ഇന്നിങ്സിൽ തന്നെ ഒരു അർധസെഞ്ച്വറി സ്വന്തമാക്കാൻ താരത്തിന് സാധിച്ചിരുന്നു. ഇന്ത്യയുടെ ഏറ്റവും മികച്ച ബോളറായ ബുമ്രയ്ക്കെതിരെ പലതവണ ആക്രമണം അഴിച്ചുവിട്ടാണ് കോൺസ്റ്റസ് ശ്രദ്ധ നേടിയത്. പല സമയത്തും അവിചാരിതമായ ഷോട്ടുകൾ കളിച്ചായിരുന്നു കോൺസ്റ്റസ് ഓസ്ട്രേലിയൻ ആരാധകരെ കയ്യിലെടുത്തത്.

Previous articleസഞ്ജു പുറത്ത്, ഷാമി തിരിച്ചുവരുന്നു. ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി സാധ്യത സ്‌ക്വാഡ്