വെടിക്കെട്ട് ബാറ്റിംഗ് നിര കടപുഴകി വീണു. പക്ഷേ ഹൈദരാബാദിന്റെ ദൗർബല്യം അതല്ല. മുൻ താരം പറയുന്നു.

2025 ഐപിഎല്ലിലെ രാജസ്ഥാനെതിരായ തങ്ങളുടെ ആദ്യ മത്സരത്തിൽ മികച്ച തുടക്കമായിരുന്നു ഹൈദരാബാദ് സൺറൈസേഴ്സിന് ലഭിച്ചത്. എന്നാൽ പിന്നീടുള്ള മത്സരങ്ങളിൽ ഹൈദരാബാദ് തുടർച്ചയായി പരാജയം ഏറ്റുവാങ്ങുകയാണ് ഉണ്ടായത്. ഈ സമയത്ത് ഹൈദരാബാദ് ടീമിന്റെ പോരായ്മകൾ വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം അമ്പാട്ടി റായുഡു.

ഈ സീസണിൽ ഹൈദരാബാദിനെ പിന്നോട്ടടിക്കുന്നത് ബോളിങ്‌ നിരയുടെ മോശം പ്രകടനമാണ് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് റായുഡു. ഗുജറാത്തിനെതിരായ മത്സരത്തിൽ 7 വിക്കറ്റുകളുടെ പരാജയം ഹൈദരാബാദ് നേരിട്ടതിന് ശേഷമായിരുന്നു താരത്തിന്റെ ഈ പ്രതികരണം.

ഗുജറാത്തിനെതിരായ മത്സരത്തിൽ ഹൈദരാബാദിന്റെ വെടിക്കെട്ട് ബാറ്റർമാരായ അഭിഷേക് ശർമ, ട്രാവസ് ഹെഡ്, കിഷൻ എന്നിവർ പൂർണമായി പരാജയപ്പെടുകയുണ്ടായി. ഇതിന് ശേഷം മത്സരത്തിൽ കേവലം 152 റൺസ് മാത്രമാണ് ഹൈദരാബാദിന് നേടാൻ സാധിച്ചത്. ബോളിങ്ങിൽ മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാനും ഹൈദരാബാദിന് സാധിച്ചില്ല. ഗുജറാത്തിനായി വാഷിംഗ്ടൺ സുന്ദറും ശുഭ്മാൻ ഗില്ലും മികച്ച പ്രകടനം കാഴ്ചവച്ചതോടെ ഹൈദരാബാദ് പരാജയത്തിലേക്ക് നീങ്ങുകയായിരുന്നു. ശക്തമായ ബോളിംഗ് നിര ഇല്ലാത്തത് ഹൈദരാബാദിന് ഈ സീസണിൽ തിരിച്ചടിയായിട്ടുണ്ട് എന്ന് റായുഡു പറയുന്നു. മധ്യ ഓവറുകളിൽ കൃത്യമായി ഇമ്പാക്ട് ഉണ്ടാക്കാൻ സാധിക്കാത്ത ബോളന്മാരാണ് ഹൈദരാബാദിന്റെ ദൗർബല്യം എന്നാണ് റായുഡുവിന്റെ വിലയിരുത്തൽ.

“എനിക്ക് തോന്നുന്നു പ്രധാനമായും ഹൈദരാബാദിന് പ്രശ്നമായി മാറുന്നത് അവരുടെ ബോളിംഗാണ് എന്ന്. ബാറ്റിങ്ങിനേക്കാളും മോശമാണ് അവരുടെ ബോളിംഗ് എന്ന് പറയാതിരിക്കാൻ സാധിക്കില്ല. കാരണം മധ്യ ഓവറുകളിൽ നിർണായകമായ വിക്കറ്റുകൾ സ്വന്തമാക്കാൻ സാധിക്കുന്ന ബോളർമാർ അവർക്കില്ല. സമ്മർദ്ദ ഓവറുകളിൽ വിക്കറ്റുകൾ സ്വന്തമാക്കാൻ സാധിച്ചില്ലെങ്കിൽ അത് ടീമുകളെ ബാധിക്കും. ഗുജറാത്ത് ടൈറ്റൻസിനെ സംബന്ധിച്ച് സായി കിഷോർ, റാഷിദ് ഖാൻ, പ്രസീദ് കൃഷ്ണ എന്നീ ബോളർമാർ കൃത്യമായി മധ്യ ഓവറുകളിൽ എത്തി വിക്കറ്റുകൾ സ്വന്തമാക്കാറുണ്ട്.”- റായിഡു പറഞ്ഞു.

“ഹൈദരാബാദിനെ സംബന്ധിച്ച് മത്സരത്തിന്റെ ഒരു സമയത്തും അവർ വിക്കറ്റുകൾ സ്വന്തമാക്കാൻ ശ്രമിക്കുന്നതായി പോലും എനിക്ക് തോന്നിയില്ല. അവർ കൂടുതലായും പ്രതിരോധാത്മക മനോഭാവമാണ് പുറത്തു കാട്ടിയത്. ഒരു ബാറ്റർ ബൗണ്ടറി സ്വന്തമാക്കുന്നതിൽ നിന്ന് അവനെ തടയുക എന്ന ലക്ഷ്യത്തോടെയാണ് ഹൈദരാബാദ് കളിച്ചത്. പക്ഷേ ഇത്തരത്തിൽ മുന്നോട്ടുപോയാൽ നമുക്ക് ഐപിഎൽ പോലെ വലിയ ടൂർണമെന്റുകളിൽ വിജയം സ്വന്തമാക്കാൻ സാധിക്കില്ല. മധ്യ ഓവറുകളിൽ മികച്ച ബോളിംഗ് നിര എല്ലാ ടീമുകൾക്കും ആവശ്യമാണ്. അതിനനുസരിച്ച് ടീം അണിയിച്ചൊരുക്കണം.”- റായുഡു കൂട്ടിച്ചേർക്കുന്നു.