വളരെയധികം സർപ്രൈസുകൾ നിറഞ്ഞതായിരുന്നു ഇന്ത്യയുടെ ശ്രീലങ്കയ്ക്കെതിരായ പരമ്പരകൾക്കുള്ള ടീം സെലക്ഷൻ. പലരും പ്രതീക്ഷിച്ച യുവതാരങ്ങൾ ആരുംതന്നെ ടീമിൽ ഇടം പിടിച്ചിരുന്നില്ല. സഞ്ജു സാംസൺ, അഭിഷേക് ശർമ, ചാഹൽ തുടങ്ങി കഴിഞ്ഞ മത്സരങ്ങളിലൊക്കെയും മികവ് പുലർത്തിയ പലതാരങ്ങളെയും ഇന്ത്യ പര്യടനത്തിൽ നിന്ന് മാറ്റി നിർത്തുകയുണ്ടായി.
എന്തുകൊണ്ടാണ് ഇത്തരത്തിൽ താരങ്ങളെ മാറ്റി നിർത്തേണ്ടി വന്നത് എന്നതിനുള്ള ഉത്തരം നൽകിയിരിക്കുകയാണ് ഇന്ത്യയുടെ മുഖ്യ സെലക്ടറായ അജിത്ത് അഗാർക്കറും പരിശീലകൻ ഗൗതം ഗംഭീറും. ശ്രീലങ്കൻ പര്യടനത്തിന് മുൻപായി നടന്ന വാർത്താ സമ്മേളനത്തിലാണ് ഇരുവരും തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
ഒരു സ്ക്വാഡിൽ പരമാവധി 15 താരങ്ങളെ മാത്രമേ ഉൾപ്പെടുത്താൻ സാധിക്കൂ എന്നുള്ളത് കൊണ്ടാണ് ഇത്തരത്തിൽ പലരെയും മാറ്റി നിർത്തേണ്ടി വരുന്നത് എന്ന് അഗാർക്കർ പറയുകയുണ്ടായി. ഇക്കാരണത്താൽ തന്നെ എല്ലാ താരങ്ങളെയും ടീമിൽ ഉൾപ്പെടുത്താൻ തങ്ങൾക്ക് സാധിക്കില്ല എന്ന് അഗാർക്കർ പറയുന്നു. റിങ്കു സിംഗിന്റെ കാര്യം ഉദാഹരണമായി എടുത്താണ് അഗാർക്കർ സംസാരിച്ചത്. ട്വന്റി20 ലോകകപ്പിന് മുൻപ് മികച്ച പ്രകടനം റിങ്കു കാഴ്ചവെച്ചിരുന്നുവെങ്കിലും ലോകകപ്പിനുള്ള സ്ക്വാഡിൽ അവന് ഇടംപിടിക്കാൻ സാധിച്ചിരുന്നില്ല എന്ന് അഗാർക്കർ ചൂണ്ടിക്കാട്ടുന്നു. ഒരുപിടി താരങ്ങൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതാണ് ഇതിന് കാരണമെന്നും അഗാർക്കർ പറഞ്ഞു.
“ഒരു പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടുത്താൻ സാധിക്കുക കേവലം 15 താരങ്ങളെ മാത്രമാണ്. എല്ലാ താരങ്ങളെയും ടീമിൽ ഉൾപ്പെടുത്താൻ നമുക്ക് സാധിക്കില്ല. പക്ഷേ എല്ലാത്തരത്തിലും സന്തുലിതമായ ഒരു ടീമിനെ നമ്മൾ തിരഞ്ഞെടുക്കുകയും ചെയ്യണം. ഇന്ത്യയുടെ മധ്യനിര ബാറ്ററായ റിങ്കു സിംഗിന്റെ കാര്യം നമുക്ക് പരിശോധിക്കാം. ട്വന്റി20 ലോകകപ്പിന് മുൻപ് എല്ലാത്തരത്തിലും മികച്ച പ്രകടനങ്ങൾ റിങ്കു പുറത്തെടുത്തിരുന്നു. പക്ഷേ ലോകകപ്പിനുള്ള 15 അംഗ സ്ക്വാഡിലേക്ക് എത്താൻ താരത്തിന് സാധിച്ചില്ല. മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുന്ന ഒന്നിലധികം താരങ്ങൾ ഉള്ളതാണ് ഇതിന് പ്രധാന കാരണം.”- അജിത്ത് അഗാർക്കർ പറയുന്നു.
ഇന്ത്യൻ ടീമിലേക്കുള്ള റിഷഭ് പന്ത്, കെഎൽ രാഹുൽ എന്നിവരുടെ മടങ്ങി വരവിനെ പറ്റിയും അഗാർക്കർ സംസാരിക്കുകയുണ്ടായി. “റിഷഭ് പന്ത് ഒരുപാട് കാലം ഗ്രൗണ്ടിന് പുറത്തുനിന്ന താരമാണ്. നിശ്ചിത ഓവർ ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങളാണ് പന്ത് മുൻപ് കാഴ്ചവെച്ചിട്ടുള്ളത്. സാവകാശം പന്തിലെ ക്രിക്കറ്ററെ തിരികെ കൊണ്ടുവരാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ഇപ്പോൾ അതിനായുള്ള ശ്രമത്തിലാണ്. അതേപോലെതന്നെ, വലിയ വെല്ലുവിളികളെ തരണം ചെയ്ത് തിരികെ വരാൻ സാധിക്കുന്ന താരമാണ് കെഎൽ രാഹുലും.”- അഗാർക്കർ കൂട്ടിച്ചേർത്തു.