നിർണായക സമയത്ത് ബോളർമാർ മുന്നോട്ട് വന്നു. യുവതാരങ്ങൾ മെച്ചപ്പെടാനുണ്ട്. രോഹിത് ശർമ പറയുന്നു.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഒരു ഉജ്വല വിജയം തന്നെയാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ജയസ്വാളിന്റെ ഇരട്ട സെഞ്ചുറിയുടെ ബലത്തിൽ 396 റൺസ് സ്വന്തമാക്കിയിരുന്നു. മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ടിനെ 253 റൺസിന് പുറത്താക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. ജസ്പ്രീത് ബുമ്രയുടെ തകർപ്പൻ ബോളിംഗ് പ്രകടനമാണ് ഇന്ത്യയെ മത്സരത്തിൽ കൃത്യമായ ലീഡിലെത്തിച്ചത്.

രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 255 റൺസ് സ്വന്തമാക്കിയതോടെ ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 399 റൺസായി മാറുകയായിരുന്നു. എന്നാൽ മറുപടി ബാറ്റിംഗിൽ 292 റൺസിന് ഇംഗ്ലണ്ട് പുറത്താവുകയും, ഇന്ത്യ 106 റൺസിന്റെ വിജയം സ്വന്തമാക്കുകയും ചെയ്തു. മത്സരത്തിലെ വിജയത്തെപ്പറ്റി രോഹിത് ശർമ മത്സരശേഷം സംസാരിക്കുകയുണ്ടായി.

യുവ താരനിര അടങ്ങുന്ന ടീം എന്ന നിലയ്ക്ക് തങ്ങൾക്ക് ഒരുപാട് മധുരം നൽകുന്ന വിജയമാണ് മത്സരത്തിൽ ഉണ്ടായത് എന്ന് രോഹിത് പറഞ്ഞു. കളിയിലെ താരമായി മാറിയ ബൂമ്രയുടെ പ്രകടനം എടുത്തുകാട്ടിയാണ് രോഹിത് സംസാരിച്ചത്. “ബൂമ്ര ഞങ്ങളെ സംബന്ധിച്ച് ഒരു ചാമ്പ്യൻ കളിക്കാരനാണ്.

ഇത്തരത്തിൽ ഒരു മത്സരത്തിൽ വിജയം സ്വന്തമാക്കുമ്പോൾ നമ്മൾ എല്ലാവരുടെയും പ്രകടനങ്ങൾ വിലയിരുത്തേണ്ടതുണ്ട്. ബാറ്റിംഗിൽ നന്നായി മികവ് പുലർത്താൻ ഞങ്ങൾക്ക് സാധിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഒരു ടെസ്റ്റ് മത്സരം വിജയിക്കുക എന്നത് അത്ര അനായാസകരമായ കാര്യമല്ല. അതുകൊണ്ടു തന്നെ ഞങ്ങളുടെ ബോളർമാർ ഒരുപടി മുൻപിലേക്ക് വരണമായിരുന്നു. അവർക്ക് അത് കൃത്യമായി ചെയ്യാൻ സാധിച്ചു.”- രോഹിത് പറഞ്ഞു.

india vs england 2024

“ബൂമ്ര എല്ലായിപ്പോഴും നല്ലൊരു കളിക്കാരനായി തന്നെയാണ് കാണാറുള്ളത്. മത്സരത്തിന്റെ സാഹചര്യങ്ങൾ കൃത്യമായി മനസ്സിലാക്കാൻ അവന് സാധിക്കുന്നുണ്ട്. ഇനിയും ഒരുപാട് ദൂരം അവന് സഞ്ചരിക്കാനുണ്ട്. മാത്രമല്ല ടീമിനായി ഇനിയും ഒരുപാട് സംഭാവനകളും നൽകാൻ ബുമ്രയ്ക്ക് സാധിക്കും. അതിനാൽ തന്നെ ഇത്തരത്തിൽ ബുംമ്ര മുൻപിലേക്ക് പോകും എന്നാണ് ഞാൻ കരുതുന്നത്. മത്സരത്തിലെ വിക്കറ്റ് ബാറ്റിംഗിന് അനുകൂലമായിരുന്നു.”

“എന്നിരുന്നാലും ഞങ്ങളുടെ പല ബാറ്റർമാർക്കും മികച്ച തുടക്കം ലഭിച്ചിട്ടും അത് വലിയ ഇന്നിംഗ്സാക്കി മാറ്റാൻ സാധിച്ചില്ല. അവരൊക്കെയും യുവതാരങ്ങളാണ് എന്ന കാര്യം ഞാൻ മനസ്സിലാക്കുന്നു. അതിനാൽ തന്നെ പിഴവുകൾ ഉണ്ടാവാം. അവർക്ക് പരമാവധി ആത്മവിശ്വാസം നൽകുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഇംഗ്ലണ്ട് പോലെ ഒരു ടീമിനെതിരെ ഇത്തരം യുവതാരങ്ങൾ അടങ്ങുന്ന സ്‌ക്വാഡിനെ അണിനിരത്തി വിജയിക്കാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ട്.”- രോഹിത് കൂട്ടിച്ചേർത്തു.

“ടെസ്റ്റ് ക്രിക്കറ്റിന്റെ ഫോർമാറ്റിൽ ഒരുപാട് മത്സരങ്ങളിൽ പരിചയസമ്പന്നരല്ലാത്ത താരങ്ങളാണ് സ്ക്വാഡിൽ കൂടുതലും. അവരുടെ ഏറ്റവും മികച്ച പ്രകടനം പുറത്തുവരാൻ ഇനിയും സമയം ആവശ്യമാണ്. അതുകൊണ്ടുതന്നെ യാതൊരുതര സമ്മർദ്ദവും നൽകാതെ അവർക്ക് അനായാസം കളിക്കാൻ അവസരം നൽകുക എന്നതാണ് പ്രധാനപ്പെട്ട കാര്യം.”

“കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇംഗ്ലണ്ട് വളരെ മികച്ച രീതിയിൽ കളിക്കുന്നുണ്ട്. അതിനാൽ ഇത് അനായാസ പരമ്പരയല്ല എന്ന ബോധ്യം ഞങ്ങൾക്കുണ്ടായിരുന്നു. മൂന്നു മത്സരങ്ങൾ കൂടി ഇനിയുമുണ്ട്. ആ മത്സരങ്ങളിലും കൃത്യമായി പ്രകടനം കാഴ്ചവച്ച് വിജയം സ്വന്തമാക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.”- രോഹിത് പറഞ്ഞുവയ്ക്കുന്നു.

Previous articleതിരിച്ചടിച്ച് ഇന്ത്യ 🔥 ബാസ്ബോൾ തല്ലിത്തകർത്ത് ഇന്ത്യൻ തേരോട്ടം.. 106 റൺസ് വിജയം..
Next articleജയ്‌സ്വാളും ഗില്ലും അല്ല. മത്സരത്തിലെ താരം സർപ്രൈസ്