“നിലവിലെ ഏറ്റവും മികച്ച ടെസ്റ്റ്‌ ബാറ്റർ ജോ റൂട്ടല്ല. മറ്റൊരു യുവതാരം”. റിക്കി പോണ്ടിങ്

സമീപകാലത്ത് ടെസ്റ്റ് ക്രിക്കറ്റിൽ തട്ടുപൊളിപ്പൻ പ്രകടനങ്ങൾ പുറത്തെടുത്തിട്ടുള്ള ചുരുക്കം ചില ബാറ്റർമാരിൽ ഒരാളാണ് ഇംഗ്ലണ്ടിന്റെ സൂപ്പർതാരം ജോ റൂട്ട്. 2021നു ശേഷം 19 ടെസ്റ്റ് സെഞ്ച്വറികൾ സ്വന്തമാക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. എന്നിരുന്നാലും ടെസ്റ്റ് ക്രിക്കറ്റിലെ നിലവിലെ ഏറ്റവും മികച്ച ബാറ്റർ ജോ റൂട്ടല്ല എന്നാണ് മുൻ ഓസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിംഗ് പറയുന്നത്.

ഇംഗ്ലണ്ടിന്റെ തന്നെ മറ്റൊരു യുവതാരമായ ഹാരി ബ്രൂക്കാണ് നിലവിലെ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാരൻ എന്ന് റിക്കി പോണ്ടിംഗ് പറയുകയുണ്ടായി. മുൻപ് റൂട്ടിനെ പിന്തള്ളി ഹാരി ബ്രൂക്ക് ബാറ്റർമാരുടെ ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. ന്യൂസിലാൻഡിനെതിരെ നിലവിൽ നടക്കുന്ന പരമ്പരയിലെ രണ്ടു മത്സരങ്ങളിലും സെഞ്ച്വറികൾ സ്വന്തമാക്കാനും ബ്രൂക്കിന് സാധിച്ചിരുന്നു. ഇതിന് ശേഷമാണ് ഇപ്പോൾ പോണ്ടിംഗ് രംഗത്തെത്തിയിരിക്കുന്നത്.

ഹാരി ബ്രൂക്കാണോ നിലവിൽ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർ എന്ന ചോദ്യത്തിന് ‘അതെ’ എന്നാണ് പോണ്ടിംഗ് ഉത്തരം നൽകിയത്. ടെസ്റ്റ് ക്രിക്കറ്റിൽ അതിവേഗത്തിൽ റൺസ് സ്വന്തമാക്കാൻ സാധിക്കുന്ന ഒരു താരമാണ് ബ്രൂക്ക് എന്ന് പോണ്ടിംഗ് പറഞ്ഞു. വിദേശ പിച്ചുകളിൽ കൃത്യമായി സെഞ്ച്വറികൾ സ്വന്തമാക്കാനുള്ള കഴിവ് ബ്രുക്കിനുണ്ട് എന്നാണ് പോണ്ടിംഗ് കരുതുന്നത്. തന്റെ ടെസ്റ്റ് കരിയറിൽ നേടിയിട്ടുള്ള 9 സെഞ്ചുറികളിൽ 7 എണ്ണവും അവൻ വിദേശത്താണ് നേടിയിരിക്കുന്നത് എന്ന കാര്യം പോണ്ടിംഗ് ചൂണ്ടിക്കാട്ടുകയുണ്ടായി. തനിക്ക് ബ്രൂക്കിന്റെ ബാറ്റിംഗ് വളരെ ഇഷ്ടമാണ് എന്നാണ് പോണ്ടിംഗ് ഐസിസിയുടെ അഭിമുഖത്തിൽ പറഞ്ഞത്.

“നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റർ ഹാരി ബ്രൂക്ക് തന്നെയാണ്. വിദേശ പിച്ചുകളിൽ കൃത്യമായി വലിയ സെഞ്ച്വറികൾ സ്വന്തമാക്കാനുള്ള കഴിവ് ഹാരി ബ്രൂക്കിനുണ്ട്. ഇതുവരെ തന്റെ കരിയറിൽ 9 സെഞ്ച്വറികൾ സ്വന്തമാക്കിയ ബ്രുക്കിന്റെ 7 സെഞ്ച്വറികൾ പിറന്നതും വിദേശ പിച്ചുകളിലാണ്. ഇത്തരത്തിലാണ് അവൻ റൺസ് കണ്ടെത്തുന്നത്. മാത്രമല്ല പുതിയ മാനേജ്മെന്റിന്റെ കീഴിൽ ഏറ്റവും വേഗത്തിൽ തന്നെ റൺസ് കണ്ടെത്താനും ബ്രൂക്കിന് സാധിക്കാറുണ്ട്. അവന്റെ ബാറ്റിംഗ് ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്നു.”- റിക്കി പോണ്ടിംഗ് പറയുകയുണ്ടായി.

ഇതുവരെ സ്വന്തം നാട്ടിൽ ഒരു ടെസ്റ്റ് സെഞ്ച്വറി മാത്രമാണ് ബ്രുക്ക് സ്വന്തമാക്കിയിട്ടുള്ളത്. ഈ വർഷത്തിന്റെ തുടക്കത്തിൽ വിൻഡീസിനെതിരെ ആയിരുന്നു ബ്രുക്കിന്റെ ഇംഗ്ലണ്ടിലെ സെഞ്ച്വറി. മുൾട്ടാനിൽ പാകിസ്ഥാനെതിരെ ഒരു ട്രിപ്പിൾ സെഞ്ച്വറി ബ്രൂക്ക് സ്വന്തമാക്കുകയുണ്ടായി. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2024 ഐപിഎൽ ലേലത്തിൽ ഹാരി ബ്രൂക്കിനെ ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയിരുന്നു. എന്നാൽ ബ്രുക്കിന് ചില വ്യക്തിപരമായ കാരണങ്ങളാൽ സീസണിൽ കളിക്കാൻ സാധിച്ചിരുന്നില്ല. ശേഷം ഇപ്പോൾ 2025 ഐപിഎല്ലിൽ 6.25 കോടി രൂപയ്ക്ക് ബ്രുക്കിനെ വീണ്ടും ഡൽഹി സ്വന്തമാക്കിയിട്ടുണ്ട്.

Previous articleപെരുമാറ്റം രോഹിതിന് ഇഷ്ടമായില്ല, ജയസ്വാളിനെ കൂട്ടാതെ ഇന്ത്യ എയർപോർട്ടിൽ.