കഴിഞ്ഞ കാലങ്ങളിൽ ഇന്ത്യക്കായി തകർപ്പൻ ബോളിങ് പ്രകടനങ്ങൾ കാഴ്ചവച്ചിട്ടുള്ള പേസറാണ് ജസ്പ്രീത് ബുംറ. ഇന്ത്യയ്ക്കായി മൂന്ന് ഫോർമാറ്റിലും മിന്നിത്തിളങ്ങുന്ന പ്രകടനങ്ങളാണ് ബുംറ കാഴ്ച വെച്ചിട്ടുള്ളത്. ഇപ്പോൾ ബുംറയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ പേസർ ആർപി സിംഗ്. ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച പേസർ ജസ്പ്രീത് ബുംറയാണ് എന്ന് ആർ പി സിംഗ് പറയുന്നു. ഒരുപക്ഷേ അവന്റെ കരിയറിന്റെ അവസാനം, അവന്റെ റെക്കോർഡുകളെക്കാൾ മികച്ച ബോളറാവും ബുംറ എന്നാണ് ആർപി സിംഗ് കരുതുന്നത്.
ബംഗ്ലാദേശിനെതിരായ പരമ്പരയിൽ മികച്ച ബോളിങ് പ്രകടനം കാഴ്ചവച്ചിട്ടും പ്ലയർ ഓഫ് ദി സീരീസ് പുരസ്കാരം ബുംറയ്ക്ക് ലഭിച്ചിരുന്നില്ല. ഇതേക്കുറിച്ചുള്ള ചോദ്യം ഉയർന്നപ്പോഴാണ് ആർ പി സിങ് പ്രതികരിച്ചത്. “ബുംറയുടെ മനസ്സിൽ ഇത്തരമൊരു കാര്യമുണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല. കാരണം അവന് അവന്റെ മൂല്യവും ഇമ്പാക്ടും നന്നായി അറിയാം. ഏതുതരം കളിക്കാരനാണ് താൻ എന്ന ബോധ്യം ബുംറയ്ക്കുണ്ട്. മാത്രമല്ല അവനെപ്പോലൊരു താരമില്ലാതെ ഒരു കാരണവശാലും ഇന്ത്യയ്ക്ക് ഇത്തരമൊരു മത്സരത്തിൽ വിജയം സ്വന്തമാക്കാൻ സാധിക്കില്ല. ഇന്ത്യൻ സാഹചര്യത്തിൽ അത് ബുദ്ധിമുട്ടാണ്. ഈ മത്സരത്തിൽ ബുംറ ഇല്ലായിരുന്നുവെങ്കിൽ ഫലം മറ്റൊന്നായേനെ.”- ആർ പി സിംഗ് പറയുന്നു.
“ഒരു 15-20 വർഷങ്ങൾ കൂടി കഴിയുമ്പോൾ ബുംറയുടെ റെക്കോർഡ് പരിശോധിച്ചാൽ ഒരുപക്ഷേ അത്ര മികച്ചതായിരിക്കില്ല. പക്ഷേ ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച പേസർ ബുംറയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. ഏത് സാഹചര്യത്തിൽ, ഏത് സ്റ്റേജിൽ, ഏത് ഫോർമാറ്റിൽ അവന് ബോൾ നൽകിയാലും അവൻ വിക്കറ്റുകൾ കണ്ടെത്തുകയും, തന്റെ ക്യാപ്റ്റനായി വിജയം സ്വന്തമാക്കുകയും ചെയ്യും. അതാണ് ഏറ്റവും വലിയ ഗുണം.”- ആർപി സിങ് കൂട്ടിച്ചേർത്തു. കാൺപൂർ ടെസ്റ്റിന്റെ 2 ഇന്നിങ്സുകളിലുമായി 6 വിക്കറ്റുകളാണ് ബുംറ സ്വന്തമാക്കിയത്. ഇത് മത്സരത്തിലെ ഇന്ത്യയുടെ വിജയത്തിൽ നിർണായകമായിരുന്നു.
പരമ്പരയിലെ മികച്ച താരമായി ഒരാളെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടപ്പോഴും ബുംറയെ തന്നെയാണ് ആർപി സിംഗ് തിരഞ്ഞെടുക്കുന്നത്. “ഞാൻ തിരഞ്ഞെടുക്കുന്നത് ബുംറയെയാണ്. കാരണം മത്സരത്തിൽ നിർണായകമായ വിക്കറ്റുകൾ സ്വന്തമാക്കിയത് അവനാണ്. ഒരുപാട് വേരിയേഷനുകൾ മത്സരത്തിൽ ഉപയോഗിക്കാൻ അവന് സാധിച്ചു. മത്സരത്തിന്റെ അഞ്ചാം ദിവസത്തിൽ കാൺപൂർ ടെസ്റ്റിൽ പേസ് ബോളർമാർക്ക് വലിയ സഹായങ്ങൾ ലഭിച്ചിരുന്നില്ല. പക്ഷേ അവന് നിർണായകമായ വിക്കറ്റുകൾ സ്വന്തമാക്കാൻ സാധിച്ചു. ഒരുപാട് സ്ലോ ബോളുകളും അഞ്ചാം ദിവസം ബുംറ എറിഞ്ഞിരുന്നു.”- ആർപി സിംഗ് പറഞ്ഞുവെക്കുന്നു.