ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച നായകന്മാരാണ് മഹേന്ദ്രസിംഗ് ധോണിയും രോഹിത് ശർമയും. ഇന്ത്യയെ 2007 ട്വന്റി20 ലോകകപ്പിൽ കിരീടം ചൂടിക്കാൻ ധോണിയ്ക്ക് സാധിച്ചിരുന്നു. ശേഷം 2011 ഏകദിന ലോകകപ്പിലും 2013 ചാമ്പ്യൻസ് ട്രോഫിയിലും ഇന്ത്യയ്ക്ക് കിരീടം നേടിക്കൊടുത്ത നായകനാണ് മഹേന്ദ്രസിംഗ് ധോണി.
അതേസമയം 2024 ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്കായി മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച് കിരീടം സ്വന്തമാക്കിയ നായകനാണ് രോഹിത് ശർമ. എന്നിരുന്നാലും ഇരുവരും മൈതാനത്ത് വളരെ വ്യത്യസ്തരാണ്. ഇരു താരങ്ങളെയും പറ്റി സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ ഹർഭജൻ സിംഗ് ഇപ്പോൾ.
ഇരുവരെയും താരതമ്യം ചെയ്താണ് ഹർഭജൻ സിംഗ് സംസാരിച്ചത്. മഹേന്ദ്രസിംഗ് ധോണിയ്ക്ക് കീഴിൽ ഇന്ത്യൻ ടീമിലും ചെന്നൈ സൂപ്പർ കിംഗ്സ് ടീമിലും കളിക്കാൻ അവസരം ലഭിച്ച ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് ഹർഭജൻ. മാത്രമല്ല രോഹിത് ശർമയുടെ നായകത്വത്തിൽ മുംബൈ ഇന്ത്യൻസ് ടീമിലും ഹർഭജൻ കളിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇരുവരുടെയും വ്യത്യസ്തതകൾ ചൂണ്ടിക്കാട്ടി ഹർഭജൻ രംഗത്തെത്തിയത്. രോഹിത് ശർമ എല്ലായിപ്പോഴും ടീമിലെ താരങ്ങളുടെ നായകനാണെന്നും, എന്നാൽ മഹേന്ദ്രസിംഗ് ധോണി അങ്ങനെയല്ല എന്നും ഹർഭജൻ പറയുന്നു. ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഹർഭജൻ ഇക്കാര്യം വെളിപ്പെടുത്തിയത്.
“ഞാൻ ധോണിയെക്കാൾ മുകളിൽ തിരഞ്ഞെടുക്കുന്നത് രോഹിത് ശർമയെ ആയിരിക്കും. കാരണം രോഹിത് ശർമ എല്ലായിപ്പോഴും കളിക്കാരുടെ ക്യാപ്റ്റനാണ്. അവൻ താരങ്ങളുടെ അടുത്തുചെന്ന് എന്താണ് ചെയ്യേണ്ടത് എന്നതിനെപ്പറ്റി സംസാരിക്കാറുണ്ട്. ടീമിലുള്ള മറ്റു താരങ്ങളുമായി പെട്ടെന്ന് കണക്ടാവാൻ രോഹിത് ശർമയ്ക്ക് സാധിക്കും. പക്ഷേ മഹേന്ദ്രസിംഗ് ധോണിയുടെ രീതികൾ ഇതിൽ നിന്ന് പൂർണ്ണമായി വ്യത്യസ്തമാണ്. ധോണി ഇത്തരത്തിൽ ആരോടും സംസാരിക്കാറില്ല. തന്റെ ആശയം വളരെ മൗനമായി അറിയിക്കുക എന്നതാണ് ധോണിയുടെ ശീലം.”- ഹർഭജൻ സിംഗ് പറയുകയുണ്ടായി.
ഇന്ത്യൻ ടീമിലും ഇന്ത്യൻ പ്രീമിയർ ലീഗിലും അങ്ങേയറ്റം മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത 2 നായകന്മാരാണ് മഹേന്ദ്രസിംഗ് ധോണിയും രോഹിത് ശർമയും. ചെന്നൈ സൂപ്പർ കിംഗ്സിനെ 5 തവണ കിരീടത്തിൽ എത്തിക്കാൻ ധോണിയ്ക്ക് സാധിച്ചിട്ടുണ്ട്.
അതേസമയം മുംബൈ ഇന്ത്യൻസ് ടീമിന് 5 കിരീടങ്ങൾ നേടിക്കൊടുക്കാൻ രോഹിത് ശർമയ്ക്കും സാധിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് വരുമ്പോൾ കൂടുതൽ കിരീടങ്ങൾ സ്വന്തമാക്കിയിട്ടുള്ളത് ധോണിയാണെങ്കിലും, സമീപകാലത്ത് മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത് രോഹിത് ശർമയും മികവ് പുലർത്തുന്നു.