ഹൈദരാബാദിനെതിരായ ഐപിഎൽ മത്സരത്തിൽ കൊൽക്കത്തയ്ക്കായി വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം കാഴ്ചവയ്ക്കാൻ വെങ്കിടേഷ് അയ്യർക്ക് സാധിച്ചു. മത്സരത്തിൽ നിർണായ സമയത്ത് ക്രീസിലേത്തിയ വെങ്കിടേഷ് ഹൈദരാബാദിനെതിരെ പൂർണ്ണമായ ആക്രമണം അഴിച്ചുവിടുകയായിരുന്നു. മത്സരത്തിൽ 29 പന്തുകളിൽ 60 റൺസാണ് വെങ്കിടേഷ് സ്വന്തമാക്കിയത്.
7 ബൗണ്ടറികളും 3 സിക്സറുകളും താരത്തിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. ഇതിന്റെ ബലത്തിലാണ് കൊൽക്കത്ത നിശ്ചിത 20 ഓവറുകളിൽ 200 റൺസ് സ്വന്തമാക്കിയത്. മത്സരത്തിൽ 80 റൺസിന്റെ വിജയവും കൊൽക്കത്ത നേടുകയുണ്ടായി. മത്സരത്തിലെ തന്റെ പദ്ധതികളെ പറ്റി തുറന്നു സംസാരിക്കുകയാണ് വെങ്കിടേഷ് അയ്യർ ഇപ്പോൾ.
മൈതാനത്ത് ആക്രമണ മനോഭാവം പുലർത്താൻ തന്നെയാണ് എപ്പോഴും ശ്രമിക്കുന്നത് എന്ന് വെങ്കിടേഷ് പറയുന്നു. എന്നാൽ ആക്രമണ മനോഭാവം എന്നത് എല്ലാ പന്തുകളും സിക്സർലൈൻ കടത്തുക എന്നതല്ല എന്ന് വെങ്കിടേഷ് കൂട്ടിച്ചേർക്കുകയുണ്ടായി.
“എല്ലാ സമയത്തും ബാറ്റർമാർ പോസിറ്റീവ് ആയിരിക്കുക എന്നത് ഒരു പ്രധാനപ്പെട്ട കാര്യമാണ്. പക്ഷേ കൃത്യമായ മനോഭാവം ആയിരിക്കണം പുലർത്തുന്നത്. നമ്മൾ ഒരു മത്സരത്തിൽ 50 റൺസ് സ്വന്തമാക്കുന്നതിനിടെ 6 വിക്കറ്റുകൾ നഷ്ടമായാലും നമുക്ക് പോസിറ്റീവായി മൈതാനത്ത് തുടരാൻ സാധിക്കണം.”- വെങ്കിടേഷ് പറയുകയുണ്ടായി.
“ആക്രമണ മനോഭാവം എന്നത് എല്ലാ പന്തുകളും സിക്സർ പായിക്കുക എന്നതിലല്ല. അത് സാഹചര്യങ്ങൾ മനസ്സിലാക്കുന്നതിലാണ്. കൃത്യമായി സാഹചര്യങ്ങൾ മനസ്സിലാക്കി അതിനനുസരിച്ച് മികവ് പുലർത്താൻ സാധിക്കുന്നതിനെ നമുക്ക് ആക്രമണ ശൈലി എന്നു പറയാം. അതാണ് യഥാർത്ഥത്തിൽ ആക്രമണ മനോഭാവം. നന്നായി കളിക്കുമ്പോൾ 250 റൺസ് സ്വന്തമാക്കുകയും, അല്ലാത്ത സമയത്ത് 70 റൺസിന് ഓൾഔട്ട് ആവുകയും ചെയ്യുന്ന ടീമിനെയല്ല നമുക്ക് ആവശ്യം.”- വെങ്കിടേഷ് അയ്യർ കൂട്ടിച്ചേർക്കുകയുണ്ടായി.
മത്സരത്തിൽ ഡ്രസിങ് റൂമിൽ നിന്ന് ലഭിച്ച മെസ്സേജിനെ പറ്റിയും വെങ്കിടേഷ് സംസാരിച്ചു. “ടൈം ഔട്ടിന്റെ സമയത്ത് അജിങ്ക്യ നൽകിയ സന്ദേശം വളരെ വ്യക്തമായിരുന്നു. ഇതൊരു അനായാസ പിച്ചല്ലെന്നും അതിനാൽ അതിനനുസരിച്ച് കളിക്കണമെന്നുമാണ് ഡ്രസ്സിംഗ് റൂമിൽ നിന്ന് ലഭിച്ച സന്ദേശം. കൃത്യമായി മൈതാനത്ത് സമയം ചിലവഴിക്കണമെന്നും അവർ പറഞ്ഞിരുന്നു. ബോളിന് പിച്ചിൽ നിന്ന് ലഭിക്കുന്ന സഹായങ്ങളും ടേണും മനസ്സിലാക്കാനാണ് ഞാൻ ശ്രമിച്ചത്. അതുകൊണ്ടു തന്നെയാണ് ഇന്നിംഗ്സിന്റെ ആദ്യ സമയത്ത് കുറച്ച് ബോളുകൾ ഞാൻ പ്രതിരോധിച്ചത്. പിച്ച് മനസ്സിലാക്കിയ ശേഷം ആക്രമണം തുടരാൻ എനിക്ക് സാധിച്ചു.”- അയ്യർ പറഞ്ഞു വെക്കുന്നു.