മനീഷ് പാണ്ട്യക്കും സഞ്ജുവിനും സംഭവിച്ചത് പോലെ സൂര്യകുമാറിന് സംഭവിക്കാതിരിക്കട്ടെ : രൂക്ഷ വിമർശനവുമായി ഗൗതം ഗംഭീർ

ഇംഗ്ലണ്ടിനെതിരായ ഇന്നലെ നടന്ന  മൂന്നാം ടി20 മത്സരത്തിനുള്ള ഇന്ത്യന്‍ പ്ലെയിങ് ഇലവനിൽ  നിന്ന് സൂര്യകുമാര്‍ യാദവിനെ ഒഴിവാക്കിയതിനെതിരെ തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. സ്റ്റാർ ഓപ്പണർ രോഹിത്  ടീമിൽ തിരികെ എത്തിയതോടെയാണ് ഇന്ത്യൻ ടീം മാനേജ്‌മന്റ് അദ്ധേഹത്തെ മൂന്നാം
ടി:20യിൽ നിന്ന് ഒഴിവാക്കിയത് .

കേവലം ഒരു മത്സരത്തില്‍ മാത്രം കളിപ്പിച്ച സൂര്യകുമാറിനെ തഴഞ്ഞ ടീം മാനേജ്മെന്‍റിന്‍റെ തീരുമാനം ഏറെ  ആശ്ചര്യപ്പെടുത്തിയെന്നും താരത്തോട് സഹതാപമുണ്ടെന്നും ഗംഭീര്‍ ക്രിക് ഇന്‍ഫോയോട് തന്റെ അഭിപ്രായം വ്യക്തമാക്കവേ പറഞ്ഞു .”ഒരു കളിക്കാരനെ ടീമിലെടുത്തശേഷം അയാളുടെ പ്രതിഭ അളക്കാന്‍ മൂന്നോ നാലോ മത്സരങ്ങളിലെങ്കിലും കളിപ്പിക്കേണ്ടതുണ്ട്. എന്നാല്‍ ഒരു മത്സരത്തില്‍ അവസരം നല്‍കിയ സൂര്യകുമാറിന് ബാറ്റിംഗിന് ഇറങ്ങാന്‍ പോലുമായില്ല. പിന്നെ എങ്ങനെയാണ് സൂര്യകുമാറിലെ കളിക്കാരനെ വിലയിരുത്തുക. സൂര്യകുമാറിന് ഇപ്പോള്‍ തന്നെ 30 വയസായി ” താരത്തിന് അവസരം നഷ്ടമാകുന്നതിൽ ഗംഭീർ തന്റെ എതിർപ്പ് പ്രകടിപ്പിച്ചു .

“സൂര്യകുമാറിന്‍റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ ഒഴിവാക്കിയ തീരുമാനം  ഉറപ്പായും എന്നെ ഏറെ  വേദനിപ്പിക്കും. കാരണം സൂര്യകുമാറിന് 21-22 അല്ല പ്രായം. 30 കഴിഞ്ഞ കളിക്കാരന് ഇന്ത്യന്‍ ക്രിക്കറ്റില്‍ എന്താണ് സംഭവിക്കുക എന്ന് എല്ലാവര്‍ക്കും അറിയാം .കേവലം ഒന്നോ രണ്ടോ മത്സരങ്ങളല്ല ഒരാളുടെ കഴിവിനുള്ള അവസരങ്ങൾ .ഒന്നോ രണ്ടോ മോശം പ്രകടനം ടീമില്‍ മിക്ക താരങ്ങൾക്കും  പുറത്തേക്കുള്ള വഴി തെളിക്കും. പകരം ആ സ്ഥാനത്ത് യുവതാരത്തെ പരീക്ഷിക്കും .ഇതാണ് ഇവിടുത്തെ രീതി .
മനീഷ് പാണ്ഡെക്ക് സംഭവിച്ചത് എന്താണെന്ന് നോക്കു. ആരുമിപ്പോള്‍ അയാളെക്കുറിച്ച് പറയുന്നില്ല. സഞ്ജു സാംസണെ നോക്കു. ആരുമിപ്പോള്‍ സഞ്ജു എവിടെ പോയെന്ന് പോലും ചോദിക്കുന്നില്ല. ഐപിഎല്ലില്‍ വേറെ ഒരു താരം മികച്ച പ്രകടനം നടത്തിയാല്‍ അയാളെക്കുറിച്ചാവും പിന്നെ എല്ലാവരുടെയും   ചര്‍ച്ച. ഇന്ത്യൻ ടീമിൽ  അരങ്ങേറ്റം കുറിച്ചാല്‍ മൂന്നോ നാലോ മത്സരങ്ങളിലെങ്കിലും ഒരു കളിക്കാരന് കഴിവ് തെളിയിക്കാന്‍ അവസരം നല്‍കണം. ആദ്യ മത്സരത്തില്‍ ഓപ്പണറായി തകര്‍പ്പന്‍ അര്‍ധസെഞ്ചുറി നേടിയ ഇഷാന്‍ കിഷനെ അടുത്ത മത്സരത്തില്‍ മൂന്നാം നമ്പറിലാണ് ഇറക്കിയത്. ഇത് താരങ്ങളെ പിന്തുണക്കുന്ന നിലപാടല്ല .അവർക്ക് അവസരങ്ങൾ ഉറപ്പാക്കേണ്ടത് ടീമിന്റെ കടമയാണ് “മുൻ ഇന്ത്യൻ ഓപ്പണർ തന്റെ അഭിപ്രായം പറഞ്ഞുനിർത്തി .

See also  ഹർദിക് ഇന്ത്യയുടെ വൈറ്റ് ബോൾ നായകൻ. ബുമ്ര ടെസ്റ്റ്‌ നായകൻ. ടീമിന്റെ ഭാവി പ്രവചിച്ച് മുൻ താരം.
Scroll to Top