“അതെന്റെ തെറ്റ്, പിച്ച് കൃത്യമായി ജഡ്ജ് ചെയ്യാൻ സാധിച്ചില്ല”. രോഹിത്

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഒരു ദുരന്ത തുടക്കമാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നാണംകെട്ട രീതിയിൽ പുറത്താവുകയായിരുന്നു. ആദ്യ ഇന്നിംഗ്സിൽ കേവലം 46 റൺസ് മാത്രമാണ് ഇന്ത്യയ്ക്ക് നേടാൻ സാധിച്ചത്.

മത്സരത്തിലെ പ്രകടനത്തിന് ശേഷം ഇന്ത്യൻ ടീമിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് പല ദിക്കിൽ നിന്നും ഉയരുന്നത്. എന്തുകൊണ്ടാണ് മത്സരത്തിൽ ടോസ് നേടിയ രോഹിത് ശർമ ഇത്തരമൊരു സാഹചര്യത്തിൽ ബാറ്റിംഗ് തിരഞ്ഞെടുത്തത് എന്നാണ് മുൻ താരങ്ങൾ അടക്കം ചോദിക്കുന്നത്. ഇത് തനിക്ക് വന്ന വലിയ പിഴവാണ് എന്ന് രോഹിത് ശർമ രണ്ടാം ദിവസത്തെ മത്സരത്തിനു ശേഷം പറയുകയുണ്ടായി.

തന്റെ ഭാഗത്തുനിന്നും വന്ന വലിയ പിഴവാണ് ഇത്തരത്തിൽ ഒരു ദുരന്ത ബാറ്റിംഗ് പ്രകടനത്തിന് കാരണം എന്ന് രോഹിത് പറയുന്നു. പിച്ചിനെ കൃത്യമായി ജഡ്ജ് ചെയ്യാൻ തനിക്ക് സാധിച്ചില്ല എന്നാണ് രോഹിത് ശർമ പത്രസമ്മേളനത്തിൽ പറഞ്ഞത്.

“ആദ്യ സെഷന് ശേഷം ഈ പിച്ച് സീമർമാരെ ഇത്തരത്തിൽ സഹായിക്കുമെന്ന് ഞങ്ങൾ കരുതിയിരുന്നില്ല. പിച്ചിൽ അധികമായി പുല്ല് ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പിച്ച് ഫ്ലാറ്റ് ആണ് എന്നാണ് ഞാൻ കരുതിയത്. അത് ജഡ്ജ്മെന്റിൽ വന്ന ഒരു വലിയ പിഴവാണ്. എനിക്ക് കൃത്യമായി പിച്ചിനെ പഠിക്കാൻ സാധിച്ചില്ല.”- രോഹിത് ശർമ പറഞ്ഞു.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തതിന് പിന്നാലെ വലിയ തിരിച്ചടി തന്നെയാണ് ഇന്ത്യൻ ടീമിന് ലഭിച്ചത്. ന്യൂസിലാൻഡിന്റെ സീമർമാർക്ക് മുൻപിൽ പിടിച്ചു നിൽക്കാൻ ഇന്ത്യൻ ബാറ്റർമാരും പാടുപെട്ടു. വിരാട് കോഹ്ലി, സർഫറാസ് ഖാൻ, രാഹുൽ, രവീന്ദ്ര ജഡേജ, അശ്വിൻ എന്നിവർ മത്സരത്തിൽ പൂജ്യരായാണ് പുറത്തായത്. ഇങ്ങനെയാണ് ഇന്ത്യ 46 റൺസിന് ഓൾഔട്ട് ആയത്.

ന്യൂസിലാൻഡിനായി മാറ്റ് ഹെൻട്രി 5 വിക്കറ്റുകൾ നേടി മികച്ച പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗ് ആരംഭിച്ച ന്യൂസിലാൻഡിന് മികച്ച തുടക്കമാണ് ഡെവൻ കോൺവെ നൽകിയത്.

ഒരു ഏകദിന ശൈലിയിൽ കളിച്ച കോൺവെ ഇന്ത്യയുടെ ബോളർമാർക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചു. മത്സരത്തിൽ 101 പന്തുകളിൽ 95 റൺസാണ് കോൺവെ നേടിയത്. ഇതോടെ രണ്ടാം ദിവസത്തിന്റെ അവസാനം കൃത്യമായി ലീഡ് കണ്ടെത്താനും ന്യൂസിലാൻഡിന് സാധിച്ചിട്ടുണ്ട്. രണ്ടാം ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ 50 ഓവറുകളിൽ 3 വിക്കറ്റ് നഷ്ടത്തിൽ 180 റൺസ് ആണ് ന്യൂസിലാൻഡ് സ്വന്തമാക്കിയത്.ആദ്യ ഇന്നിങ്സിൽ ഇതിനോടകം 134 റൺസിന്റെ ലീഡ് ന്യൂസിലാൻഡ് നേടിക്കഴിഞ്ഞു. മത്സരത്തിന്റെ മൂന്നാം ദിവസം ന്യൂസിലാൻഡിനെ പെട്ടെന്ന് പുറത്താക്കിയില്ലെങ്കിൽ ഇന്ത്യ പരാജയമറിയും എന്നത് ഉറപ്പാണ്.

Previous articleന്യൂസിലന്‍റ് ആക്രമണം. ആദ്യ ടെസ്റ്റിൽ ഇന്ത്യ ബഹുദൂരം പിന്നിൽ.
Next articleഐസിസി റാങ്കിങ്ങിൽ സഞ്ജുവിന്റെ കുതിച്ചുചാട്ടം. 91 സ്ഥാനങ്ങൾ മുൻപിലേക്ക് കയറി.