വെസ്റ്റ് ഇൻഡീസ് എതിരായ ഒന്നാം ഏകദിന മത്സരത്തിൽ ആറ് വിക്കെറ്റ് ജയം സ്വന്തമാക്കിയ ഇന്ത്യൻ ടീമിന് സൗത്താഫ്രിക്കക്ക് എതിരായ പൂർണ്ണ തോൽവിയിൽ നിന്നും ആശ്വാസം നേടാൻ കഴിഞ്ഞു. സ്ഥിരം നായകനായി രോഹിത് ശർമ്മ എത്തുമ്പോൾ ലോകകപ്പ് മുന്നിൽ കാണുന്ന ഇന്ത്യൻ സംഘത്തിന് ഈ ജയം നൽകുന്ന ആവേശം വളരെ അധികം തന്നെയാണ്.എന്നാൽ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾക്ക് അടക്കം ജയത്തിലും നിരാശ സമ്മാനിച്ചത് കോഹ്ലിയാണ്.
നേരിട്ട നാലാമത്തെ ബോളിൽ മോശം ഷോട്ട് കളിച്ചാണ് 8 റൺസ് അടിച്ച കോഹ്ലി പുറത്തായത്. മത്സരത്തിൽ കോഹ്ലി 5000 ഏകദിന റൺസ് ഇന്ത്യൻ മണ്ണിൽ സ്വന്തമാക്കുന്ന താരമായി മാറി എങ്കിലും താരത്തിന്റെ ബാറ്റിങ് സമീപനം വിമർശനത്തിന് കാരണമായി മാറി കഴിഞ്ഞു.
ഇക്കാര്യം പറയുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. കോഹ്ലിയുടെ ഇന്നലത്തെ മത്സരത്തിലെ സമീപനം ഏറെ ഷോക്കിംഗ് ആയി മാറിയെന്ന് പറയുകയാണ് ആകാശ് ചോപ്ര. “രണ്ട് ബോളുകളിൽ തുടർച്ചയായി ഫോർ അടിച്ച ശേഷം അതേ ഓവറിൽ മറ്റൊരു ഷോട്ടിന് വിരാട് കോഹ്ലി ശ്രമിക്കുന്നത് നമ്മൾ മുൻപ് ആരും തന്നെ കണ്ടിട്ടില്ല. ഇത് പ്രധാന പ്രശ്നമാണ്.ഒരിക്കലും ഇങ്ങനെ ഒരു സമീപനം കോഹ്ലിയിൽ നിന്നും നമ്മൾ പ്രതീക്ഷിച്ചിട്ടില്ല.നമ്മൾ സൗത്താഫ്രിക്കയിൽ കോഹ്ലിയിൽ നിന്നും എന്താണോ കണ്ടത് അതിൽ നിന്നും വ്യത്യസ്തമാണ് ഒന്നാമത്തെ ഏകദിന മത്സരം.”ആകാശ് ചോപ്ര വിമർശനം വിശദമാക്കി.
“കോഹ്ലി ഇന്നലെ നേടിയ റൺസ് അത്ര നല്ലതല്ല. അദ്ദേഹത്തിൽ നിന്നും നമ്മൾ ആരും പ്രതീക്ഷിക്കുന്നത് ഇതല്ല. തന്റെ ബാറ്റിങ്ങിൽ എക്കാലവും അച്ചടക്കം പാലിക്കുന്ന ആളാണ് കോഹ്ലി. ഏത് ബോളിൽ ഷോട്ട് കളിക്കണമെന്ന് വിരാട് കോഹ്ലിക്ക് നല്ലത് പോലെ അറിയാം. പക്ഷേ ആശങ്കയില്ല. കോഹ്ലിക്ക് തിരികെ എത്താൻ സാധിക്കും “ആകാശ് ചോപ്ര നയം വിശദമാക്കി.