ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ച്വറിയായിരുന്നു വിരാട് കോഹ്ലി സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ , 30ആം സെഞ്ച്വറിയാണ് പെർത്തിൽ കോഹ്ലി നേടിയത്.
നായകൻ ജസ്പ്രീത് ബുംറയുടെ നിർദ്ദേശ പ്രകാരമാണ് കോഹ്ലി ഇത്തരത്തിൽ ഇന്നിംഗ്സിന്റെ അവസാന ഭാഗത്തിൽ സ്കോറിംഗ് റേറ്റ് ഉയർത്തിയത് എന്നാണ് എല്ലാവരും വിശ്വസിക്കുന്നത്. കാരണം ഇന്ത്യയ്ക്ക് മത്സരത്തിന്റെ മൂന്നാം ദിവസം തന്നെ ഡിക്ലയർ ചെയ്ത് ഓസ്ട്രേലിയയെ ബാറ്റിംഗിന് അയക്കണമായിരുന്നു.
എന്നാൽ ഇക്കാര്യത്തിൽ വ്യത്യസ്തമായ പ്രസ്താവനയാണ് ഇപ്പോൾ ജതിൻ സപ്രു നടത്തിയിരിക്കുന്നത്. ടീമിന്റെ മുൻപോട്ടുള്ള തന്ത്രങ്ങളെപ്പറ്റി അറിയാൻ വിരാട് കോഹ്ലിയാണ് ഡ്രസ്സിംഗ് റൂമിലേക്ക് സന്ദേശമയച്ചത് എന്ന് വിരാട് പറഞ്ഞതായി സപ്രു കൂട്ടിച്ചേർക്കുന്നു.
മത്സരത്തിൽ 55 റൺസ് നേടി നിൽക്കുന്ന സമയത്താണ് കോഹ്ലി ഡ്രസിങ് റൂമിലേക്ക് ടീമിന്റെ പ്ലാനുകൾ അറിയാൻ സന്ദേശമയച്ചത് എന്ന് സപ്രു പറയുന്നു. ഇതിന് ശേഷം കുറച്ച് ഓവറുകൾ മാത്രമേ ബാക്കിയുള്ളൂ എന്ന് മനസ്സിലാക്കിയ കോഹ്ലി വെടിക്കെട്ട് തീർക്കുകയായിരുന്നു എന്നാണ് സപ്രൂ പറഞ്ഞുവെച്ചത്.
“ഞാൻ വിരാട് കോഹ്ലിയുമായി ഒരു സംഭാഷണത്തിൽ ഏർപ്പെട്ടിരുന്നു. ഡിക്ലറേഷൻ പ്ലാനുകളെ പറ്റി അറിയാനായി താനാണ് ഡ്രസ്സിംഗ് റൂമിലേക്ക് സന്ദേശമയച്ചത് എന്നാണ് വിരാട് കോഹ്ലി എന്നോട് പറഞ്ഞത്. ഇതിന് ശേഷമാണ് താൻ ആക്രമണം ആരംഭിച്ചത് എന്നും കോഹ്ലി എന്നോട് പറഞ്ഞു.”- സപ്രു പറയുന്നു.
“കോഹ്ലി എന്നോട് പറഞ്ഞത് ഇങ്ങനെയാണ്. ‘ഞാൻ 55 റൺസിൽ ബാറ്റ് ചെയ്യുന്ന സമയത്താണ് ഇതേ സംബന്ധിച്ച് തീരുമാനമെടുക്കാൻ ഡ്രസ്സിംഗ് റൂമിലേക്ക് ആവശ്യപ്പെട്ടത്. ഇതേ സംബന്ധിച്ച് ഞാൻ ഡ്രസിങ് റൂമിലേക്ക് സന്ദേശമയക്കുകയും, പിന്നീട് 22 ഓവറുകൾ മാത്രമാണ് മൈതാനത്ത് കളിക്കാൻ സാധിക്കുക എന്ന് മനസ്സിലാക്കുകയും ചെയ്തു. അതിന് ശേഷം എന്റേതായ ഷോട്ടുകൾ മൈതാനത്ത് കളിക്കാനാണ് ഞാൻ ശ്രമിച്ചത്. ആ ദിവസം തന്നെ ഓസ്ട്രേലിയൻ ബാറ്റർമാരെ മൈതാനത്തെത്തിക്കുകയും കുറച്ചു ഓവറുകൾ പന്തെറിയുകയും ചെയ്യണമായിരുന്നു. എന്റെ ലക്ഷ്യം ടീമിനെ സഹായിക്കുക എന്നതിൽ മാത്രമായിരുന്നു.”- കോഹ്ലി കൂട്ടിച്ചേർത്തതായി സപ്രു പറയുന്നു.
“എന്താണ് തനിക്ക് നേടേണ്ടത് എന്നതിനെപ്പറ്റി വിരാട് കോഹ്ലിക്ക് കൃത്യമായ ഉറപ്പുണ്ടായിരുന്നു. ഒരിക്കലും ഒരു സെഞ്ചുറി ലക്ഷം വച്ചായിരുന്നില്ല മത്സരത്തിൽ കോഹ്ലി കളിച്ചത്. അതാണ് അവനെ ഏറ്റവും മികച്ച താരമാക്കി മാറ്റുന്ന പ്രധാന കാര്യം.”- സപ്രു പറഞ്ഞു വയ്ക്കുകയുണ്ടായി. എന്തായാലും ഇന്ത്യക്കായി തകർപ്പൻ ബാറ്റിംഗ് പ്രകടനമാണ് മത്സരത്തിൽ കോഹ്ലി കാഴ്ചവെച്ചത്. മത്സരത്തിൽ 295 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതിൽ കോഹ്ലിയുടെ സെഞ്ച്വറി വളരെ പ്രധാനപ്പെട്ടതായിരുന്നു.