താക്കൂറോ ഷാമിയോ, പാകിസ്ഥാനെതിരെ ആര് കളിക്കണം ? ഇന്ത്യൻ ടീമിൽ കൂടുതൽ തലവേദന

വീണ്ടും ഒരു ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം വന്നെത്തിയിരിക്കുകയാണ്. ഏഷ്യാകപ്പിലെ സൂപ്പർ നാല് മത്സരത്തിൽ സെപ്റ്റംബർ 10നാണ് ഇന്ത്യ പാകിസ്ഥാനെതിരെ വീണ്ടും പോരാട്ടത്തിന് ഇറങ്ങുന്നത്. ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചെങ്കിലും അടുത്ത മത്സരത്തിൽ ആവേശം അണപൊട്ടും എന്നത് ഉറപ്പാണ്. ഈ സാഹചര്യത്തിൽ കുറച്ചധികം പ്രശ്നങ്ങൾ ഇന്ത്യൻ ടീമിൽ ഇപ്പോഴും നിലനിൽക്കുന്നു.

പരിക്കിന്റെ പിടിയിലായിരുന്ന കെ എൽ രാഹുൽ ഇന്ത്യൻ ടീമിലേക്ക് തിരികെയെത്തുന്നു എന്നതാണ് സൂപ്പർ നാല് റൗണ്ടിലെ ഇന്ത്യയുടെ ഏറ്റവും വലിയ പ്രശ്നം. രാഹുലിനെ ഏത് തരത്തിൽ ടീമിൽ ഉൾപ്പെടുത്തും എന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയ തലവേദനയാണ്. ഇതിനൊപ്പം തന്നെ വലിയ പ്രശ്നമായി നിൽക്കുന്ന മറ്റൊന്നു കൂടിയുണ്ട്. പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യ മുഹമ്മദ് ഷാമിയെ ഇറക്കുമോ, അതോ ഷർദുൽ താക്കൂറിനെ ഇറക്കുമോ എന്നത് വലിയ ചോദ്യചിഹ്നമായി നിൽക്കുന്നു.

മുൻപ് പാക്കിസ്ഥാനെതിരായ ആദ്യ മത്സരത്തിൽ ഇന്ത്യ മുഹമ്മദ് ഷാമിക്ക് പകരം താക്കൂറിനെ ആയിരുന്നു ടീമിൽ ഉൾപ്പെടുത്തിയിരുന്നത്. ഇത് ഇന്ത്യൻ മുൻ താരങ്ങളെ പോലും വലിയ രീതിയിൽ അത്ഭുതപ്പെടുത്തി. ടീമിന്റെ ബാറ്റിംഗ് ഡെപ്ത് വർദ്ധിപ്പിക്കാനാണ് ഇത്തരത്തിൽ ഒരു തീരുമാനം ഇന്ത്യ കൈക്കൊണ്ടത്. പക്ഷേ മത്സരത്തിൽ താക്കൂർ ബാറ്റിംഗിൽ പൂർണമായും പരാജയപ്പെടുകയുണ്ടായി.

പിന്നീട് ഇന്ത്യയുടെ നേപ്പാളിനെതിരായ മത്സരത്തിൽ ജസ്പ്രീറ്റ് ബൂമ്ര മടങ്ങിയ സാഹചര്യത്തിലായിരുന്നു മുഹമ്മദ് ഷാമിയെ ടീമിൽ ഉൾപ്പെടുത്തിയത്. എന്നാൽ ഇന്ത്യയുടെ പാക്കിസ്ഥാനെതിരായ സൂപ്പർ നാല് മത്സരത്തിൽ ബൂമ്ര തിരികെ ടീമിലെത്തും. ഈ സാഹചര്യത്തിൽ ഇന്ത്യ ഷാമിയെ കളിപ്പിക്കുമോ, ഷർദുൽ താക്കൂറിനെ കളിപ്പിക്കുമോ എന്നത് വലിയ സംശയം ഉണ്ടാക്കുന്നുണ്ട്.

പാക്കിസ്ഥാനെതിരായ ആദ്യ മത്സരത്തിൽ താക്കൂർ ഒരു ഓൾറൗണ്ടറായിയാണ് താക്കൂർ ഇറങ്ങിയത്. അതിനാൽ തന്നെ ബോളിങ്ങിലും ബാറ്റിംഗിലും താക്കൂർ റൺസ് കണ്ടെത്തുമെന്ന് ഇന്ത്യ പ്രതീക്ഷിച്ചു. എന്നാൽ കേവലം 3 റൺസ് മാത്രമാണ് മത്സരത്തിൽ താക്കൂറിന് നേടാൻ സാധിച്ചത്. മഴമൂലം ബോൾ ചെയ്യാനും താക്കൂറിന് സാധിച്ചിരുന്നില്ല. മത്സരത്തിൽ വളരെ മികച്ച ബോളിംഗ് പ്രകടനമായിരുന്നു പാക്കിസ്ഥാൻ താരങ്ങൾ ഇന്ത്യക്കെതിരെ കാഴ്ചവെച്ചത്. ഈ സാഹചര്യത്തിൽ വരും മത്സരത്തിലെങ്കിലും താക്കൂറിന് പകരം ഷാമിയെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തണം എന്നാണ് എല്ലാവരുടെയും ആവശ്യം.

നിലവിലെ ഇന്ത്യൻ ടീമിൽ വളരെ മികവുറ്റ ബോളർ തന്നെയാണ് മുഹമ്മദ് ഷാമി. റിവേഴ്സ് സിംഗ് ചെയ്യുന്ന ബോളുകളും യോർക്കറുകളുമൊക്കെയായി എതിർ ടീമിനെ എറിഞ്ഞിടാനുള്ള ആയുധങ്ങൾ മുഹമ്മദ് ഷാമിയുടെ കയ്യിലുണ്ട്. എന്നാൽ താക്കൂറിനെ സംബന്ധിച്ച് ഇപ്പോഴും അദ്ദേഹം ഒരു ആശ്രയിക്കാവുന്ന ഓൾറൗണ്ടറല്ല.

ചില മത്സരങ്ങളിൽ ബാറ്റിംഗ് കഴിവുകൾ പ്രദർശിപ്പിച്ചിട്ടുണ്ടെങ്കിലും സ്ഥിരത പുലർത്താൻ താക്കൂറിന് സാധിച്ചിട്ടില്ല. മാത്രമല്ല ബോളിങ്ങിലും താക്കൂർ എതിർ ടീമിന് പലപ്പോഴും ഭീഷണി ഉണ്ടാക്കുന്നുമില്ല. ഇക്കാര്യത്തിൽ ഇന്ത്യ എന്ത് തീരുമാനമെടുക്കും എന്നത് വരും ദിവസങ്ങളിൽ മാത്രമേ കാണാൻ സാധിക്കൂ.