മാർച്ച് നാലിനാണ് ഇന്ത്യ : ശ്രീലങ്ക രണ്ട് മത്സര ടെസ്റ്റ് പരമ്പരക്ക് തുടക്കം കുറിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഭാഗമായ ഈ ടെസ്റ്റ് പരമ്പരയിൽ ജയത്തിൽ കുറഞ്ഞത് ഒന്നും തന്നെ ഇരു ടീമുകളും ആഗ്രഹിക്കുന്നില്ല. എന്നാൽ നാട്ടിൽ നടക്കുന്ന ടെസ്റ്റ് പരമ്പരയിൽ ടീം ഇന്ത്യക്ക് തന്നെയാണ് മുൻതൂക്കം.ടീം ഇന്ത്യ അനേകം മാറ്റങ്ങളോടെയാണ് ഈ പരമ്പരയിൽ കളിക്കാൻ എത്തുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്.
പൂജാര, രഹാനെ, വൃദ്ധിമാൻ സാഹ, ഇഷാന്ത് ശർമ്മ എന്നിവരെ ഒഴിവാക്കിയാണ് ഇന്ത്യ എത്തുന്നത്. അതേസമയം ടെസ്റ്റ് ടീമിൽ നിന്നും പുറത്താക്കപ്പെട്ട വിക്കറ്റ് കീപ്പർ സാഹ സൃഷ്ടിച്ച വിവാദം ഒരിക്കൽ കൂടി ചർച്ചാവിഷയമാക്കി മാറ്റുകയാണ് മുൻ താരമായ ദിനേശ് കാർത്തിക്ക്. ടെസ്റ്റ് ടീമിൽ നിന്നും തന്നെ പുറത്താക്കിയ സാഹചര്യം മനസ്സിലാക്കാൻ സാഹക്ക് കഴിഞ്ഞിട്ടില്ല എന്നാണ് ഇപ്പോൾ ദിനേശ് കാർത്തിക്ക് അഭിപ്രായപെടുന്നത്.
“ടെസ്റ്റ് ടീമിൽ നിന്നും പുറത്താക്കിയ തീരുമാനം ഉൾകൊള്ളാൻ ഇതുവരെ സാഹക്ക് സാധിച്ചിട്ടില്ല. എങ്കിലും താരം ഈ കാര്യം ഉടനടി മനസ്സിലാക്കും എന്നാണ് എന്റെ വിശ്വാസം.വളരെ മികച്ച ബാറ്റിങ് മികവിലൂടെയും അസാധ്യ കീപ്പിംഗ് മികവിൽ കൂടിയും റിഷാബ് പന്ത് ടീമിൽ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു. അതിനാൽ തന്നെ ഇക്കാര്യത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം മാനേജ്മെന്റിനെ നമുക്ക് കുറ്റം പറയാൻ കഴിയില്ല.ഏതൊരു ക്രിക്കറ്റ് താരവും രാജ്യത്തിനായി കളിക്കാൻ ആഗ്രഹിക്കും. എന്നാൽ ഈ സമയം റിഷാബ് പന്തിനാണ് പ്രാധാന്യം നൽകുന്നത് “വിക്കെറ്റ് കീപ്പർ കൂടിയായ ദിനേശ് കാർത്തിക്ക് തന്റെ അഭിപ്രായം വിശദമാക്കി.
“വളരെ സ്ഥിരതയാർന്ന പ്രകടനത്തിലൂടെ റിഷാബ് പന്ത് ഇപ്പോൾ ടീമിലെ തന്റെ സ്ഥാനം ഏറെക്കുറെ ഭംഗിയായി തന്നെ ഉറപ്പിച്ചിരിക്കുകയാണ്. ഈ ഒരു സാഹചര്യത്തില്‍ ടീം ഇന്ത്യ ഭാവിയിലേക്ക് എന്താണ് ഉറ്റുനോക്കുന്നത് എന്നതും നമുക്ക് എല്ലാം വ്യക്തമാണ്. അതിനാൽ തന്നെ റിഷാബ് പന്തിന് ഒരു ബാക്ക്അപ്പ് ഓപ്ഷൻ എന്നുള്ള നിലയിൽ യുവ താരത്തെ വളർത്തി എടുക്കാൻ തന്നെയാകും ഇന്ത്യൻ ടീം മാനേജ്മെന്റ് ശ്രമിക്കുക. സാഹ ഇക്കാര്യം മനസ്സിലാക്കണം “താരം നിരീക്ഷിച്ചു.