പ്രധാനമന്ത്രി ഇടപെട്ടു. വിരമിക്കല്‍ പിന്‍വലിച്ച് ബംഗ്ലാദേശ് താരം.

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഇടപെടലിനെത്തുടർന്ന് തമീം ഇഖ്ബാൽ തന്റെ വിരമിക്കൽ പ്രഖ്യാപനം പിന്‍വലിച്ചു. മുൻ ക്യാപ്റ്റൻ മഷ്‌റഫ് മൊർത്താസ, ബിസിബി പ്രസിഡന്റ് നസ്മുൽ ഹസ്സൻ എന്നിവർക്കൊപ്പമാണ് തമീം ഇക്ബാല്‍ ഹസീനയെ കണ്ടത്. ഇവരുടെ കൂടികാഴ്ച്ചക്ക് പിന്നാലെയാണ് വിരമിക്കല്‍ പിന്‍വലിച്ചത്.

വളരെ അപ്രതീക്ഷിതമായാണ് തമീം തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്‌. ഏകദിന ലോകകപ്പ് നടക്കാൻ കേവലം മൂന്നുമാസങ്ങൾ മാത്രമുള്ള സമയത്താണ് 16 വർഷങ്ങൾ നീണ്ട തന്റെ കരിയർ തമീം ഇക്ബാൽ അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചത്. താൻ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിനിടെ അതി വൈകാരികപരമായി ആണ് തമീം ഇക്കാര്യം അറിയിച്ചത്. അഫ്ഗാനിസ്ഥാനെതിരെ നടന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ശേഷമാണ് തമീം ഇത്തരം ഒരു തീരുമാനം കൈക്കൊണ്ടത്.

“ഇത് എന്നെ സംബന്ധിച്ച് ഒരു അവസാനമാണ്. ഇതുവരെ എന്റെ ഏറ്റവും മികച്ചത് തന്നെ ഞാൻ ടീമിനായി നൽകിയിട്ടുണ്ട്. എല്ലാംകൊണ്ടും ഏറ്റവും മികച്ചത് ടീമിനായി നൽകാൻ ഞാൻ പരിശ്രമിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ, ഈ നിമിഷം ഞാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയാണ്.”- തമീം ഇഖ്ബാൽ പറഞ്ഞു. “എന്റെ ബംഗ്ലാദേശ് സഹതാരങ്ങൾ, പരിശീലകർ, ഔദ്യോഗിക വൃത്തങ്ങൾ, കുടുംബാംഗങ്ങൾ എന്നിവരോടെല്ലാം എനിക്ക് നന്ദി പറയണം. മാത്രമല്ല എന്റെ ആരാധകരോട് എനിക്ക് എന്നെന്നും കടപ്പാടുണ്ടാകും. നിങ്ങൾ എന്നോട് പുലർത്തിയ സ്നേഹവും വിശ്വാസവുമാണ് ടീമിനായി ഏറ്റവും മികച്ചത് നൽകാൻ എനിക്ക് പ്രചോദനമായത്. നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നെയും ഉൾപ്പെടുത്തുമെന്ന് കരുതുന്നു.”- തമീം കൂട്ടിച്ചേർത്തു.

മുൻപ് ട്വന്റി20 ക്രിക്കറ്റിൽ നിന്ന് തമീം ഇക്ബാൽ വിരമിച്ചിരുന്നു. ഈ വർഷം ഏപ്രിൽ മാസത്തിലായിരുന്നു തമീം ബംഗ്ലാദേശിനായി അവസാനമായി ടെസ്റ്റ് മത്സരം കളിച്ചത്. അന്ന് അയർലൻഡായിരുന്നു ബംഗ്ലാദേശിന്റെ എതിരാളികൾ. 2007ൽ ഇന്ത്യക്കെതിരെ ആയിരുന്നു തമീം ഇക്ബാൽ തന്റെ ഏകദിന അരങ്ങേറ്റം കുറിച്ചത്. ആദ്യ മത്സരത്തിൽ അർധശതകം നേടിയ തമീം തന്റെ കരിയറിലുടനീളം മികവാർന്ന പ്രകടനങ്ങളാണ് കാഴ്ചവച്ചിട്ടുള്ളത്. ഏകദിന ക്രിക്കറ്റിൽ 14 സെഞ്ച്വറികളടക്കം 8313 റൺസാണ് തമീം നേടിയിട്ടുള്ളത്.

ടെസ്റ്റ് ക്രിക്കറ്റിൽ 39 റൺസാണ് തമിമിന്റെ ശരാശരി. 5234 റൺസാണ് തമീം ടെസ്റ്റിൽ നേടിയിട്ടുള്ളത്. ഇതിൽ 10 സെഞ്ച്വറികൾ ഉൾപ്പെടുന്നു. നായകൻ എന്ന നിലയിൽ 37 ഏകദിന മത്സരങ്ങൾ ബംഗ്ലാദേശിനെ നയിക്കാൻ തമീമിന് സാധിച്ചു. ഇതിൽ 21 മത്സരങ്ങളിലും ബംഗ്ലാദേശിനെ തമീം വിജയത്തിലെത്തിച്ചു.

Previous articleപരിശീലനമത്സരത്തിൽ തകര്‍ത്ത് രോഹിത്തും ജയിസ്വാളും. ഉനാദ്കട്ടിന് മുമ്പിൽ കോഹ്ലി പരാജയമായി.
Next articleഞാൻ തിരിച്ചുവരുന്നു മക്കളെ, കരുതിയിരുന്നോ – റീഎൻട്രിയ്ക്ക് സഞ്ജുവിന്റെ മാസ്സ് പ്രതികരണം.