അട്ടിമറിയിൽ നിന്ന് കഷ്ടിച്ച് രക്ഷപെട്ട് വിൻഡിസ്. പോരാട്ടവീര്യം കാട്ടി പിഎൻജി. വിൻഡിസ് വിജയം 5 വിക്കറ്റുകൾക്ക്.

2024 ട്വന്റി20 ലോകകപ്പിലെ പാപ്പുവ ന്യൂ ഗനിയയ്ക്കെതിരായ മത്സരത്തിൽ വിജയം സ്വന്തമാക്കി വെസ്റ്റിൻഡീസ്. മത്സരത്തിൽ 5 വിക്കറ്റുകളുടെ വിജയമാണ് വിൻഡീസ് സ്വന്തമാക്കിയത്. കുഞ്ഞൻ ടീമായി ടൂർണമെന്റിലേക്ക് എത്തിയ പിഎൻജി മത്സരത്തിൽ മികച്ച പ്രകടനം തന്നെ പുറത്തെടുക്കുകയുണ്ടായി. മത്സരത്തിന്റെ ഒരു ഘട്ടത്തിൽ പൂർണ്ണമായി പിടിമുറുക്കാൻ പിഎൻജി ടീമിന് സാധിച്ചിരുന്നു. എന്നാൽ വിൻഡീസ് താരം റോസ്റ്റൺ ചെയ്‌സ് പക്വതയാർന്ന ബാറ്റിംഗ് പ്രകടനം പുറത്തെടുത്തതോടെ മത്സരത്തിൽ കരീബിയൻ പട വിജയം സ്വന്തമാക്കുകയായിരുന്നു. എന്നിരുന്നാലും വിൻഡീസിനെ സംബന്ധിച്ച് അത്ര ആധികാരികമായ വിജയമല്ല മത്സരത്തിൽ ഉണ്ടായിരിക്കുന്നത്.

മത്സരത്തിൽ നേടിയ വെസ്റ്റിൻഡീസ് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വിചാരിച്ചതുപോലെ വളരെ മോശം തുടക്കമാണ് പിഎൻജി ടീമിന് ലഭിച്ചത്. പിഎൻജിക്ക് തുടക്കത്തിൽ തന്നെ തങ്ങളുടെ ഓപ്പണർമാരെ നഷ്ടമായി. ശേഷം മധ്യനിരയിൽ ബൌ മാത്രമാണ് അല്പമെങ്കിലും പിടിച്ചുനിന്നത്. ബൌ മത്സരത്തിൽ 43 പന്തുകളിൽ 50 റൺസാണ് നേടിയത്. 6 ബൗണ്ടറികളും ഒരു സിക്സറും താരത്തിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. ശേഷം അവസാന ഓവറുകളിൽ വിക്കറ്റ് കീപ്പർ ഡോറിഗ തരക്കേടില്ലാത്ത ബാറ്റിംഗ് പ്രകടനവും പുറത്തെടുക്കുകയുണ്ടായി. 18 പന്തുകൾ നേരിട്ട് ഡോറിഗ 27 റൺസാണ് നേടിയത്. ഇതോടെ പിഎൻജി നിശ്ചിത 20 ഓവറുകളിൽ 136 റൺസ് എന്ന സ്കോറിൽ എത്തുകയായിരുന്നു.

മറുവശത്ത് വിൻഡിസിനായി മികച്ച ബോളിംഗ് പ്രകടനമാണ് എല്ലാവരും കാഴ്ചവച്ചത്. റസലും അൾസാരി ജോസഫും 2 വിക്കറ്റുകൾ വീതം മത്സരത്തിൽ നേടുകയുണ്ടായി. മറുപടി ബാറ്റിംഗ് ആരംഭിച്ച വിൻഡീസിന് തുടക്കത്തിൽ തന്നെ ഓപ്പണർ ചാൾസിന്റെ(0) വിക്കറ്റ് നഷ്ടമായി. പിന്നീട് എത്തിയ നിക്കോളാസ് പൂരനും ക്രീസിൽ പതറുന്നതാണ് കണ്ടത്. 27 പന്തുകളിൽ 27 റൺസ് മാത്രമാണ് പൂരന് നേടാൻ സാധിച്ചത്. പക്ഷേ ഒരു വശത്ത് ബ്രാണ്ടൻ കിംഗ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത് വെസ്റ്റിൻഡീസിന് സഹായകരമായി. പക്ഷേ മധ്യ ഓവറുകളിൽ വിക്കറ്റുകൾ സ്വന്തമാക്കി പിഎൻജി മത്സരത്തിലേക്ക് തിരികെ വരുകയായിരുന്നു.

അവസാന ഓവറുകളിൽ കൃത്യമായ രീതിയിൽ മത്സരത്തിൽ പിടിമുറുക്കാൻ പിഎൻജിക്ക് സാധിച്ചു. എന്നാൽ ആൻഡ്രെ റസലും റോസ്റ്റൺ ചെയ്സും അവസാന ഓവറുകളിൽ തങ്ങളുടെ പക്വത പുറത്തു കാട്ടുകയായിരുന്നു. മത്സരത്തിൽ 27 പന്തുകളിൽ 42 റൺസാണ് ചെയ്സ് നേടിയത്. ഇന്നിംഗ്സിൽ 4 ബൗണ്ടറികളും 2 സിക്സറുകളും ഉൾപ്പെട്ടു. ആൻഡ്ര റസൽ 9 പന്തുകളിൽ 15 റൺസ് നേടി. ഇങ്ങനെ മത്സരത്തിൽ വിൻഡീസ് 5 വിക്കറ്റുകളുടെ വിജയം സ്വന്തമാക്കുകയായിരുന്നു. തരക്കേടില്ലാത്ത തുടക്കമാണ് വെസ്റ്റിൻഡീസിന് ടൂർണമെന്റിൽ ലഭിച്ചിരിക്കുന്നത്.

Previous article“ന്യൂയോർക്കിലെ പിച്ച് ചതിക്കും.. വലിയ മത്സരങ്ങളിൽ പണിയാകും” – ആശങ്ക തുറന്ന് പറഞ്ഞ് രാഹുൽ ദ്രാവിഡ്‌
Next articleപന്തിന് ട്വന്റി20യിൽ വലിയ റെക്കോർഡ് ഇല്ല. പക്ഷേ വലിയ മത്സരങ്ങളിൽ അവൻ സൂപ്പറാണ്. മഞ്ജരേക്കർ പറയുന്നു.