അമേരിക്കയിൽ ലോ സ്കോറിങ്ങ് ത്രില്ലര്‍. പാക്കിസ്ഥാനെ പരാജയപ്പെടുത്തി ടീം ഇന്ത്യ

GPpsMiYbkAAhQr4 scaled

പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ ആവേശവിജയം സ്വന്തമാക്കി ഇന്ത്യ. ലോ സ്കോറിംഗ് ത്രില്ലർ മത്സരത്തിൽ 6 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ജസ്പ്രീത് ബൂമ്രയുടെയും ഹർദിക് പാണ്ട്യയുടെയും ബോളിംഗ് മികവാണ് ഇന്ത്യയെ വിജയത്തിൽ എത്തിച്ചത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കേവലം 119 റൺസാ മാത്രമാണ് സ്വന്തമാക്കിയത്. ഈ സമയത്ത് അനായാസ വിജയം പാക്കിസ്ഥാൻ സ്വന്തമാക്കും എന്നാണ് എല്ലാവരും കരുതിയത്. എന്നാൽ വെടിക്കെട്ട് ബോളിംഗ് പ്രകടനത്തിലൂടെ ഇന്ത്യ മത്സരത്തിൽ തിരിച്ചുവന്ന് വിജയം സ്വന്തമാക്കുകയായിരുന്നു. ഈ ലോകകപ്പിലെ ഇന്ത്യയുടെ രണ്ടാം വിജയമാണ് മത്സരത്തിൽ പിറന്നത്.

മത്സരത്തിൽ ടോസ് നേടിയ പാക്കിസ്ഥാൻ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിന്റെ ആദ്യ ഓവറിൽ ഷാഹിൻ അഫ്രിദിയ്ക്കെതിരെ സിക്സർ നേടിയാണ് രോഹിത് ശർമ ആരംഭിച്ചത്. എന്നാൽ വിരാട് കോഹ്ലി(4) തുടക്കത്തിൽ തന്നെ പുറത്താവുകയുണ്ടായി. പിന്നീട് 13 റൺസ് നേടിയ രോഹിത്തും മടങ്ങിയപ്പോൾ ഇന്ത്യ കൂപ്പുകുത്തി വീഴുകയായിരുന്നു.

അവിടെ നിന്ന് റിഷഭ് പന്തും അക്ഷർ പട്ടേലുമാണ് ഇന്ത്യയെ കൈപിടിച്ചു കയറ്റിയത്. പന്ത് മത്സരത്തിൽ 31 പന്തുകളിൽ 6 ബൗണ്ടറുകളടക്കം 42 റൺസ് നേടി. എന്നാൽ 20 റൺസ് നേടിയ അക്ഷർ പുറത്തായതോടെ ഇന്ത്യ പതറുന്നതാണ് കാണാൻ സാധിച്ചത്.

3 വിക്കറ്റ് നഷ്ടത്തിൽ 89 എന്ന നിലയിൽ നിന്ന് ഇന്ത്യ കൂപ്പുകുത്തി വീണു. കേവലം 119 റൺസിന് ഇന്ത്യ ഓൾഔട്ട് ആവുകയായിരുന്നു. ഇന്ത്യയുടെ മധ്യനിരയിൽ ഒരു ബാറ്റർ പോലും രണ്ടക്കം കണ്ടില്ല. ഇത് ആദ്യമായാണ് ഇന്ത്യ ട്വന്റി20 ക്രിക്കറ്റിൽ പാകിസ്ഥാനെതിരെ ഓൾഔട്ട് ആവുന്നത്.

Read Also -  ബംഗ്ലാദേശിന്‍റെ 3 വിക്കറ്റ് വീണു. രസംകൊല്ലിയായി മഴ. കാൺപൂർ ടെസ്റ്റിന് തണുപ്പൻ തുടക്കം.

മറുവശത്ത് പാക്കിസ്ഥാനായി ഹാരിസ് റോഫും നസീം ഷായും ബോളിങ്ങിൽ തിളങ്ങി. ഇരുവരും 3 വിക്കറ്റുകൾ വീതം മത്സരത്തിൽ സ്വന്തമാക്കുകയുണ്ടായി. മറുപടി ബാറ്റിംഗ് ആരംഭിച്ച പാക്കിസ്ഥാനായി മെല്ലെ തുടങ്ങാനാണ് ഓപ്പണർമാർ ശ്രമിച്ചത്. എന്നാൽ പവർപ്ലെയിൽ തന്നെ നായകൻ ആസമിന്റെ വിക്കറ്റ് സ്വന്തമാക്കാൻ ബൂമ്രയ്ക്ക് സാധിച്ചു.

പക്ഷേ മുഹമ്മദ് റിസ്വാനും ഉസ്മാൻ ഖാനും ക്രീസിലുറച്ചത് ഇന്ത്യയ്ക്ക് വലിയ തലവേദന സൃഷ്ടിക്കുകയായിരുന്നു. ഇരുവരും തങ്ങൾക്ക് ലഭിച്ച അവസരങ്ങളിൽ ബൗണ്ടറി കണ്ടെത്തി മുൻപിലേക്ക് പോയി. എന്നാൽ ഉസ്മാനെ പുറത്താക്കി അക്ഷർ പട്ടേലും, ഫക്കർ സമനെ പുറത്താക്കി ഹർദിക് പാണ്ഡ്യയും ഇന്ത്യയ്ക്ക് പ്രതീക്ഷകൾ നൽകി. ശേഷം അപകടകാരിയായ റിസ്വാനെ പുറത്താക്കി ബുംറ വീര്യം കാട്ടുകയായിരുന്നു. 44 പന്തുകളിൽ 31 റൺസാണ് റിസ്വാൻ നേടിയത്. ശേഷം അവസാന ഓവറുകളിൽ കൃത്യമായി പിടി മുറുക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു.

അവസാന 3 ഓവറുകളിൽ 30 റൺസായിരുന്നു പാക്കിസ്ഥാന് വിജയിക്കാൻ വേണ്ടിയിരുന്നത്. മത്സരത്തിന്റെ പതിനെട്ടാം ഓവറിൽ 9 റൺസാണ് മുഹമ്മദ് സിറാജ് വഴങ്ങിയത്. ഇതോടെ പാക്കിസ്ഥാന്റെ അവസാന 2 ഓവറിലെ വിജയലക്ഷം 21 റൺസായി മാറി. ഒരു അത്യുഗ്രൻ ബോളിങ് പ്രകടനമാണ് പിന്നീട് ബുമ്ര കാഴ്ചവച്ചത്. 3 റൺസ് മാത്രം വഴങ്ങി ഇഫ്തിക്കാർ അഹമ്മദിന്റെ വിക്കറ്റ് സ്വന്തമാക്കാൻ ബുമ്രയ്ക്ക് സാധിച്ചു.

ഇതോടെ അവസാന ഓവറിലെ പാകിസ്താന്റെ വിജയലക്ഷ്യം 18 റൺസായി മാറി.അവസാന ഓവറിലെ ആദ്യ പന്തിൽ ഇമാദ് വസീമിനെ പുറത്താക്കി അർഷദീപ് സിംഗ് ഇന്ത്യയുടെ വിജയം ഉറപ്പിച്ചു. മത്സരത്തിൽ 6 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

Scroll to Top