നടരാജന് വിശ്രമം നൽകണം താരത്തെ ഫ്രഷ്‌ ആയി അടുത്ത പരമ്പരക്ക് കിട്ടണം :ആവശ്യവുമായി ബിസിസിഐ

ഇടംകൈയൻ പേസ്   ബൗളർ ടി നടരാജനെ വിജയ് ഹസാരെ ട്രോഫിക്കുളള തമിഴ്നാട് ടീമിൽ നിന്ന് ഒഴിവാക്കി. ഇംഗ്ലണ്ടിനെതിരെ അടുത്തമാസം തുടങ്ങുന്ന ട്വന്‍റി 20 ഏകദിന പരമ്പരകൾക്ക് മുൻപായി ആവശ്യത്തിന് വിശ്രമം കിട്ടാൻ നടരാജനെ ടീമിൽ നിന്ന് ഒഴിവാക്കണമെന്ന് ബിസിസിഐ നേരിട്ട്  ആവശ്യപ്പട്ടതിനെ തുടർന്നാണ് നടപടി.

ഇക്കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനത്തിൽ നടരാജൻ മൂന്ന് ഫോർമാറ്റിലും ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ചിരുന്നു. നെറ്റ് ബൗളറായി ഓസ്ട്രേലിയയിലേക്ക് ഇന്ത്യന്‍ ടീമിനൊപ്പം പോയ നടരാജന്‍ സ്പിന്നർ  വരുണ്‍ ചക്രവര്‍ത്തിക്ക് പരിക്കേറ്റതോടെ ടി20 ടീമിലും പിന്നീട് ഏകദിന ടീമിലും ഷമിക്കും ഉമേഷിനും പരിക്കേറ്റതോടെ ടെസ്റ്റ് ടീമിലും അരങ്ങേറി തിളങ്ങിയിരുന്നു.

താരം അരങ്ങേറിയ 3 ഫോർമാറ്റിലും മികച്ച പ്രകടനമാണ്  പര്യടനത്തിൽ  കാഴ്ചവെച്ചത് .താരത്തിന്റെ ടെസ്റ്റ് അരങ്ങേറ്റവും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു .ഗാബയില്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച നടരാജന്‍ ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിംഗ്‌സില്‍ 24.2 ഓവറില്‍ 78 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. മാര്‍നസ് ലബുഷെയ്‌ന്‍, മാത്യൂ വെയ്ഡ്, ജോഷ് ഹേസല്‍വുഡ് എന്നിവരെയാണ് നട്ടു പുറത്താക്കിയത്. ടെസ്റ്റ് അരങ്ങേറ്റത്തില്‍ ഒരു ഇന്ത്യന്‍ ഇടംകൈയന്‍ പേസറുടെ ഏറ്റവും മികച്ച രണ്ടാമത്തെ പ്രകടനമാണിത്. ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ടീമിനൊപ്പം നെറ്റ് ബൗളറായെത്തിയ നടരാജന്‍ താരങ്ങള്‍ പരിക്കിന്‍റെ പിടിയിലായതോടെയാണ് മൂന്ന് ഫോര്‍മാറ്റിലും അരങ്ങേറ്റം കുറിച്ചത്. 

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന  ഇന്ത്യ : ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് ശേഷമാണ്
ടി:20 ,ഏകദിന പരമ്പരകൾ ആരംഭിക്കുന്നത് .അഹമ്മദാബാദില്‍ മാര്‍ച്ച് 12 മുതലാണ് ടി20 പരമ്പര തുടങ്ങുക. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. അഞ്ച് മത്സരങ്ങള്‍ക്കും വേദിയാവുന്നത് അഹമ്മദാബാദാണ്.