2007ൽ തുടർച്ചയായി മൂന്നു തവണ ലോകകപ്പ് കിരീടം നേടിയതിനു പിന്നാലെ 2011ൽ നടന്ന ലോകകപ്പ് നിലനിർത്താൻ ഓസ്ട്രേലിയക്ക് കഴിഞ്ഞിരുന്നില്ല. പിന്നാലെയാണ് ഓസ്ട്രേലിയയുടെ വമ്പൻ താരങ്ങൾ ദേശീയ ടീമിനോട് വിടപറഞ്ഞത്.
അന്നത്തെ കാലത്ത് വാർത്തകളിൽ ഇടംപിടിച്ച പ്രധാന വിഷയമായിരുന്നു ഓസ്ട്രേലിയ ദേശീയ ടീമംഗങ്ങളായ ആൻഡ് സൈമണ്ട്സും മുൻ ക്യാപ്റ്റൻ കൂടിയായ ക്ലാർക്കും തമ്മിൽ ഉണ്ടായ പ്രശ്നം. ഇപ്പോഴിതാ ആ സൗഹൃദം തകരാനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് സൈമണ്ട്സ്.
“ഞാനും ക്ലാർക്കും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. ക്ലാർക്ക് ടീമിലെത്തിയതിനു ശേഷം ഒട്ടേറെ മത്സരങ്ങളിൽ ഞങ്ങൾ ഒന്നിച്ചു ബാറ്റു ചെയ്തു. ക്ലാർക്കിനെ ഞാൻ നന്നായി നോക്കി. അങ്ങനെ ഞങ്ങളുടെ ബന്ധം വളർന്നു. മാത്യു ഹെയ്ഡൻ എന്നോടു പറഞ്ഞിട്ടുണ്ട് ഐപിഎൽ തുടങ്ങിയപ്പോൾ എനിക്കു വൻ തുക ലഭിച്ചത് ക്ലാർക്കിന് അൽപം അസൂയ ജനിപ്പിച്ചെന്ന്.
അതാണു പിന്നീടു ഞങ്ങളുടെ സൗഹൃദം തകർത്തത്.പണം ഇത്തരത്തിലുള്ള ഒരുപാടു കാര്യങ്ങൾ ചെയ്യും. പണം നല്ലതാണ്, അതേ സമയം വിഷവും.ഞാനും ക്ലാർക്കും തമ്മിലുള്ള ബന്ധം ഇല്ലാതാക്കിയത് പണമാണ്. എനിക്ക് ഇപ്പോഴും ക്ലാർക്കിനെ ബഹുമാനമാണ് അതുകൊണ്ടുതന്നെ കാര്യങ്ങളുടെ വിശദാംശങ്ങളിലേക്കു കടക്കുന്നില്ല. ഞങ്ങൾ തമ്മിലുള്ള സൗഹൃദം നഷ്ടമായി.
ഞാൻ ഇപ്പോൾ അതുമായി പൊരുത്തപ്പെടുകയും ചെയ്യുന്നു. പക്ഷേ,തൽക്കാലം പഴയ കാര്യങ്ങൾ ചികഞ്ഞെടുക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല”- സൈമണ്ട്സ് പറഞ്ഞു.