ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ മികച്ച ബോളിംഗ് പ്രകടനം പുറത്തെടുക്കാൻ ഇന്ത്യൻ സ്പിന്നർ ബിഷ്ണോയിക്ക് സാധിച്ചു. മത്സരത്തിൽ 3 വിക്കറ്റുകളാണ് ബിഷ്ണോയി സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സാംസണിന്റെ സെഞ്ച്വറിയുടെയും സൂര്യകുമാർ യാദവിന്റെ അർത്ഥ സെഞ്ച്വറിയുടെയും മികവിൽ 297 എന്ന ശക്തമായ സ്കോറിൽ എത്തുകയായിരുന്നു.
ബംഗ്ലാദേശിനെ എറിഞ്ഞിടാൻ ബിഷ്ണോയുടെ നേതൃത്വത്തിൽ ഇന്ത്യയ്ക്ക് സാധിച്ചു. 133 റൺസിന്റെ വിജയം ഇന്ത്യ മത്സരത്തിൽ സ്വന്തമാക്കി. മത്സരത്തിൽ സൂര്യകുമാർ യാദവിന്റെ നിർദ്ദേശങ്ങളെ പറ്റി ബിഷ്ണോയി സംസാരിക്കുകയുണ്ടായി. തങ്ങൾ 300 റൺസാണ് പ്രതിരോധിക്കുന്നത് എന്ന് കരുതരുത് എന്നാണ് സൂര്യകുമാർ യാദവ് ബിഷ്ണോയിയോട് പറഞ്ഞത്. 170 റൺസാണ് ബംഗ്ലാദേശിന്റെ ലക്ഷ്യം എന്ന രീതിയിൽ പന്തറിയാൻ സൂര്യ ആവശ്യപ്പെട്ടതായി താരം പറയുന്നു.
“ഞങ്ങൾ ബോൾ ചെയ്യാനായി മൈതാനത്തേക്ക് എത്തിയ സമയത്ത് സൂര്യകുമാർ യാദവ് ഞങ്ങളുടെ അടുത്ത് വരികയും, നമ്മൾ പ്രതിരോധിക്കുന്നത് 160- 170 റൺസാണ് എന്ന് പറയുകയും ചെയ്തു. 300 റൺസാണ് പ്രതിരോധിക്കുന്നത് എന്ന് നമ്മൾ കരുതരുത് എന്നാണ് സൂര്യകുമാർ പറഞ്ഞത്. അത് പിന്നീടുള്ള മത്സരങ്ങളിലും നമുക്ക് സഹായകരമായി മാറും എന്നാണ് സൂര്യകുമാർ പറഞ്ഞത്. മത്സരത്തിൽ എല്ലാതരത്തിലും ബാറ്റിംഗിന് അനുകൂലമായ ഒരു പിച്ചാണ് ഉണ്ടായിരുന്നത്. പക്ഷേ ഇത്തരം ഒരു മനോഭാവത്തോടെ പന്തറിഞ്ഞതിനാൽ ഞങ്ങൾക്ക് കാര്യങ്ങൾ എളുപ്പമായി.”- ബിഷ്ണോയി പറഞ്ഞു.
ഇന്ത്യൻ ടീമും മറ്റു ടീമുകളും തമ്മിലുള്ള വ്യത്യാസത്തെ പറ്റി ബിഷ്ണോയി സംസാരിക്കുകയുണ്ടായി. കൂടുതലായി ആക്രമണ മനോഭാവം പുലർത്താൻ ഇന്ത്യൻ ടീമിന് സാധിക്കാറുണ്ട് എന്നാണ് താരം പറയുന്നത്.
“ഇതൊരു പുതുതലമുറയാണ്. അതു തന്നെയാണ് ഏറ്റവും വലിയ വ്യത്യാസം. 298 റൺസായിരുന്നു ബംഗ്ലാദേശിന്റെ വിജയലക്ഷ്യം. എന്നാൽ ഞങ്ങൾ അവരെ എത്രയും വേഗം പുറത്താക്കാനാണ് ശ്രമിച്ചത്. കൃത്യമായി ആക്രമണ മനോഭാവം പുലർത്തുകയും അവരെ 160 റൺസിൽ ഒതുക്കുകയും ചെയ്തു. നമ്മൾ മുകളിൽ നിൽക്കുന്ന സമയത്ത് കൂടുതൽ മുകളിലേക്ക് ഉയരാൻ ശ്രമിക്കുക എന്ന മനോഭാവമാണ് ഇപ്പോഴത്തെ ടീമിനുള്ളത്.”- ബിഷ്ണോയി കൂട്ടിച്ചേർത്തു.
“ഈ ഇന്ത്യൻ ടീമിനെ സംബന്ധിച്ച് ഓരോ ഒരു ദിവസവും ഓരോ പുതിയ ദിവസങ്ങൾ മാത്രമാണ്. അത്തരത്തിലാണ് ടീം മാനേജ്മെന്റ് എല്ലാ കാര്യങ്ങളും കാണുന്നത്. ഇന്നലത്തെ മത്സരം അവസാനിച്ചതോടെ, അത് അവസാനിച്ചു. അതിനൊപ്പം മുൻപോട്ടു പോകാൻ ടീം മാനേജ്മെന്റ് സമ്മതിക്കാറില്ല.”- ബിഷ്ണോയി പറഞ്ഞു വയ്ക്കുന്നു. ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പര 3-0 എന്ന നിലയിൽ തൂത്തുവാരാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. ടെസ്റ്റ് പരമ്പരയിൽ 2-0 എന്ന നിലയിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ആക്രമണപരമായ സമീപനമാണ് ഇരു പരമ്പരകളിലും ഇന്ത്യയെ രക്ഷിച്ചത്