ക്യാപ്റ്റൻസിയല്ല, തന്റെ വലിയ ആഗ്രഹം തുറന്ന് പറഞ്ഞ് സൂര്യകുമാർ യാദവ്.

നിലവിൽ ഇന്ത്യയുടെ ട്വന്റി20 നായകനാണ് സൂര്യകുമാർ യാദവ്. ഇതിനോടകം തന്നെ ഇന്ത്യയ്ക്കായി ട്വന്റി20 ക്രിക്കറ്റിൽ വമ്പൻ നേട്ടങ്ങൾ സ്വന്തമാക്കാൻ സൂര്യയ്ക്ക് സാധിച്ചിട്ടുണ്ട്. അതിനാൽ തന്നെയാണ് 2024 ട്വന്റി20 ലോകകപ്പിന് ശേഷം സൂര്യകുമാറിനെ ഇന്ത്യ തങ്ങളുടെ നായകനായി പ്രഖ്യാപിച്ചതും

ഇപ്പോൾ തന്റെ വലിയൊരു ആഗ്രഹം തുറന്നു പറഞ്ഞിരിക്കുകയാണ് സൂര്യകുമാർ. തനിക്ക് ഇന്ത്യൻ ടീമിനായി എല്ലാ ഫോർമാറ്റിലും കളിക്കേണ്ടതുണ്ട് എന്നാണ് സൂര്യകുമാർ യാദവ് പറയുന്നത്. ഇതിനുള്ള തയ്യാറെടുപ്പിലാണ് താനെന്നും സൂര്യകുമാർ സൂചിപ്പിക്കുന്നു. നായകനായി എത്തിയ ആദ്യ ട്വന്റി20 പരമ്പരയിൽ വമ്പൻ വിജയം ഇന്ത്യയ്ക്ക് സമ്മാനിക്കാൻ സൂര്യകുമാർ യാദവിന് സാധിച്ചിരുന്നു. ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ 3- 0 എന്ന വമ്പൻ മാർജിനിലാണ് ഇന്ത്യയെ സൂര്യ വിജയത്തിലെത്തിച്ചത്.

ഇതിന് ശേഷമാണ് സൂര്യകുമാർ യാദവ് ഇപ്പോൾ ടെസ്റ്റ് മത്സരങ്ങളിലും ഏകദിന മത്സരങ്ങളിലും സജീവമാകാൻ ഒരുങ്ങുന്നത്. ട്വന്റി20 ലോകകപ്പിന് ശേഷം ഇന്ത്യ ഹർദിക് പാണ്ഡ്യയെ ട്വന്റി20 ടീമിന്റെ നായകനായി പ്രഖ്യാപിക്കും എന്നാണ് എല്ലാവരും കരുതിയത്. പക്ഷേ പാണ്ഡ്യയെ ഒഴിവാക്കി സൂര്യയെ നായകനാക്കി മാറ്റുകയായിരുന്നു. പാണ്ഡ്യയെക്കാൾ ഫിറ്റ്നസ്സിൽ അല്പം മുമ്പിൽ നിൽക്കുന്നത് സൂര്യകുമാറാണ് എന്ന ബോധ്യത്തിലാണ് സെലക്ടർമാർ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. എന്നിരുന്നാലും ഇന്ത്യയുടെ ശ്രീലങ്കയ്ക്കെതിരായ 3 ഏകദിന മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ സൂര്യകുമാർ യാദവിന് ഭാഗമാവാൻ സാധിച്ചില്ല. ഇപ്പോൾ ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റിൽ സജീവമാവാൻ ശ്രമിക്കുകയാണ് സൂര്യ.

മുംബൈക്കായി ബുച്ചി ബാബു ടൂർണമെന്റ് കളിക്കാൻ താൻ തയ്യാറാണ് എന്ന് സൂര്യകുമാർ ഇതിനോടകം തന്നെ അറിയിച്ചിട്ടുണ്ട്. അതിനിടയാണ് തന്റെ ആഗ്രഹവും സൂര്യ പങ്കുവെച്ചത്. “എനിക്ക് ഇന്ത്യയ്ക്കായി എല്ലാ ഫോർമാറ്റിലും കളിക്കണമെന്ന് ആഗ്രഹമുണ്ട്. ബുച്ചി ബാബു ടൂർണമെന്റിൽ കളിക്കുന്നത് എന്നെ സംബന്ധിച്ച് വലിയ ഗുണം ചെയ്യും. കാരണം ഈ സീസണിലെ ടെസ്റ്റ് മത്സരങ്ങളിൽ കളിക്കാൻ അതൊരു മികച്ച പരിശീലനമായി മാറും എന്നാണ് ഞാൻ കരുതുന്നത്.”- സൂര്യകുമാർ യാദവ് പറയുകയുണ്ടായി.

നിലവിൽ ഇന്ത്യക്ക് ട്വന്റി20 ക്രിക്കറ്റിൽ വലിയൊരു ഇടവേള തന്നെയാണ് ലഭിച്ചിരിക്കുന്നത്. ഒക്ടോബറിൽ ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ അടുത്ത ട്വന്റി20 പരമ്പര നടക്കുന്നത്. അതിനാൽ തന്നെ ഇതിനോടകം ആഭ്യന്തര ക്രിക്കറ്റിൽ ടെസ്റ്റ് മത്സരങ്ങളിൽ മികവ് പുലർത്തി ഇന്ത്യയുടെ ടീമിൽ ഇടം പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് സൂര്യകുമാർ യാദവ്. 2023 ൽ ദുലീപ് ട്രോഫിയിലായിരുന്നു അവസാനമായി സൂര്യകുമാർ യാദവ് ടെസ്റ്റ് മത്സരം കളിച്ചത്.

പക്ഷേ ടൂർണമെന്റിൽ മികച്ച പ്രകടനം നടത്താൻ സൂര്യകുമാർ യാദവിന് സാധിച്ചിരുന്നില്ല. തന്റെ ഫസ്റ്റ് ക്ലാസ് കരിയറിൽ 82 മത്സരങ്ങളിൽ നിന്ന് 5628 റൺസ് ആണ് സൂര്യകുമാർ യാദവ് സ്വന്തമാക്കിയിട്ടുള്ളത്. ഇനിയും കൂടുതൽ റെക്കോർഡുകൾ സ്വന്തമാക്കി ഇന്ത്യൻ ടീമിന്റെ ശ്രദ്ധ പിടിച്ചുപറ്റുക എന്നതാണ് സൂര്യയുടെ ലക്ഷ്യം

Previous articleരാജസ്ഥാൻ ടീമിൽ സംഗക്കാരയ്ക്ക് പകരക്കാരനാവാൻ സാധിക്കുന്ന 3 പരിശീലകർ ഇവർ.
Next article10 ഏകദിന മത്സരങ്ങളിൽ സഞ്ജുവിനെ തുടർച്ചയായി കളിപ്പിക്കൂ. ഇന്ത്യയ്ക്ക് മുമ്പിൽ 2 വിക്കറ്റ് കീപ്പർമാർ കൂടെ