“ആദ്യ മത്സരത്തിൽ വിക്കറ്റ് കീപ്പർ സഞ്ജു തന്നെ”. അക്കാര്യത്തിൽ ഒരു ചോദ്യവും വേണ്ടെന്ന് സൂര്യകുമാർ യാദവ്.

എല്ലാ വിവാദങ്ങൾക്കും ഇടയിൽ സഞ്ജു സാംസണ് ആശ്വാസമായി ഇന്ത്യയുടെ ട്വന്റി20 നായകൻ സൂര്യകുമാർ യാദവ്. ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പര ഇന്ന് ആരംഭിക്കുകയാണ്. പരമ്പരയിൽ ആര് ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി എത്തുമെന്ന ചോദ്യത്തിന്, സഞ്ജു സാംസൺ അല്ലാതെ മറ്റൊരു ഓപ്ഷനില്ല എന്ന് സൂര്യകുമാർ യാദവ് തുറന്നു പറഞ്ഞിരിക്കുകയാണ്.

സമീപകാലത്ത് ട്വന്റി20 ക്രിക്കറ്റിൽ മികച്ച ബാറ്റിംഗ് പ്രകടനങ്ങളായിരുന്നു സഞ്ജു കാഴ്ചവെച്ചത്. ഇത് ഇന്ത്യൻ ആരാധകരെ പൂർണ്ണമായും കയ്യിലെടുത്തിരുന്നു. ശേഷമാണ് സഞ്ജു തന്നെ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി എത്തുമെന്ന കാര്യം സൂര്യകുമാർ തുറന്നു പറഞ്ഞിരിക്കുന്നത്.

ആദ്യ ട്വന്റി20 മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ ആയിരുന്നു സൂര്യകുമാർ യാദവ് വിക്കറ്റ് കീപ്പർ സ്ലോട്ടിനെ പറ്റി തന്റെ നിലപാട് വ്യക്തമാക്കിയത്. “പരമ്പരയിൽ വിക്കറ്റ് കീപ്പറായി ആരു കളിക്കുമെന്ന കാര്യത്തിൽ യാതൊരു ചോദ്യത്തിന്റെയും ആവശ്യം ഉദിക്കുന്നില്ല. കഴിഞ്ഞ 7-8 മത്സരങ്ങളായി സഞ്ജു സാംസൺ ഗംഭീരമായ പ്രകടനങ്ങൾ തന്നെ കാഴ്ചവയ്ക്കുന്നുണ്ട്. സമീപകാലത്ത് അവൻ അവന്റെ കഴിവ് നമുക്ക് കാണിച്ചു തന്നു. അതുകൊണ്ടു തന്നെ മറ്റൊരു ഓപ്ഷനെപ്പറ്റി ഞങ്ങൾ ചിന്തിക്കുന്നില്ല.”- സൂര്യകുമാർ പറഞ്ഞു.

“ഇത്തരം പ്രകടനങ്ങൾ തന്നെയാണ് നമുക്ക് കളിക്കാരിൽ നിന്ന് ആവശ്യമായുള്ളത്. തനിക്ക് ലഭിച്ച അവസരം അങ്ങേയറ്റം മികച്ച രീതിയിൽ ഉപയോഗിക്കാൻ സഞ്ജുവിന് സാധിച്ചു. സഞ്ജുവിനെക്കുറിച്ച് ആലോചിക്കുമ്പോൾ എനിക്ക് ഇപ്പോഴും വലിയ സന്തോഷമാണുള്ളത്.”- സൂര്യകുമാർ യാദവ് മാധ്യമങ്ങളോട് കൂട്ടിച്ചേർക്കുകയുണ്ടായി. സഞ്ജുവിനെ സംബന്ധിച്ച് ട്വന്റി20 ക്രിക്കറ്റിൽ 2024 വളരെ മികച്ച ഒരു വർഷം തന്നെയായിരുന്നു. നല്ല ഫോമിൽ തന്നെ 2024ൽ ബാറ്റ് ചെയ്യാൻ സഞ്ജുവിന് സാധിച്ചു. അവസാന 5 ട്വന്റി20 മത്സരങ്ങളിൽ നിന്നും 3 സെഞ്ചുറികളാണ് സഞ്ജു സാംസൺ 2024ൽ നേടിയത്.

2024 കലണ്ടർ വർഷത്തിൽ 436 റൺസായിരുന്നു സഞ്ജുവിന് സമ്പാദ്യം. ഓപ്പണറായി സ്ഥാനക്കയറ്റം ലഭിച്ചതിന് ശേഷമാണ് സഞ്ജു വെടിക്കെട്ട് പ്രകടനം കാഴ്ചവച്ചത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും സഞ്ജു ഇത് ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഇന്ന് കൊൽക്കത്ത ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിലാണ് പരമ്പരയിലെ ആദ്യ ട്വന്റി20 മത്സരം നടക്കുന്നത്. നിലവിൽ ഉയരുന്ന വിവാദങ്ങൾക്കുള്ള മറുപടി സഞ്ജു ബാറ്റ് കൊണ്ട് നൽകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Previous article“ആ താരം ടീമിലുണ്ട്, ഇന്ത്യയ്ക്ക് ചാമ്പ്യൻസ് ട്രോഫി നേടാനാവും” : ഗാംഗുലി
Next article“150 കിലോമീറ്റർ സ്പീഡിൽ വരുന്ന പന്തുകളെ നേരിട്ടിട്ടില്ലാത്തവരാണ് എന്നെ വിമർശിക്കുന്നത് “- ശ്രെയസ് അയ്യർ.