തകര്‍പ്പന്‍ പ്രകടനം, സൂപ്പര്‍ റെക്കോഡ്. ഓസ്ട്രേലിയന്‍ താരത്തെ മറികടന്ന് സൂര്യകുമാര്‍ യാദവ്

സൗത്താഫ്രിക്കക്കെതിരെയുള്ള രണ്ടാം ടി20 മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് സൂര്യകുമാര്‍ യാദവ് പുറത്തെടുത്ത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, നിശ്ചിത 20 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സാണ് നേടിയത്. 22 പന്തില്‍ 5 ഫോറും 5 സിക്സും വീതം 61 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവാണ് ഇന്ത്യയുടെ ടോപ്പ് സ്കോറര്‍.

മത്സരത്തില്‍ കരിയറിലെ 1000 രാജ്യാന്തര ടി20 റണ്‍സും സൂര്യകുമാര്‍ യാദവ് പൂര്‍ത്തിയാക്കി. കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ടി20 അരങ്ങേറ്റം കുറിച്ച താരം 573 പന്തുകള്‍ മാത്രമാണ് 1000 റണ്‍സ് നേടാന്‍ എടുത്തത്. ഇതോടെ ഏറ്റവും വേഗത്തില്‍ (ബോള്‍ കണക്കില്‍ ) 1000 റണ്‍സ് എന്ന നേട്ടം ഇന്ത്യന്‍ താരം സ്വന്തമാക്കി.

604 പന്തിൽ ഈ നേട്ടം സ്വന്തമാക്കിയ ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ്വെല്ലിനെയാണ് സൂര്യകുമാർ യാദവ് പിന്നിലാക്കിയത്. ടി20 ഫോർമാറ്റിൽ 1000 റൺസ് നേടുന്ന ഒന്‍പതാമത്തെ ഇന്ത്യൻ താരം കൂടിയാണ് സൂര്യകുമാർ യാദവ്. വിരാട് കോഹ്ലി, രോഹിത് ശർമ്മ, എം എസ് ധോണി, ശിഖാർ ധവാൻ, കെ എൽ രാഹുൽ, സുരേഷ് റെയ്ന, യുവരാജ് സിങ്, ശ്രേയസ് അയ്യർ എന്നിവരാണ് ഇതിനുമുൻപ് അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ 1000 റൺസ് നേടിയിട്ടുള്ളത്.