സൂര്യകുമാർ വീണ്ടും “ശൂന്യ”കുമാർ. 26 ദിവസത്തിനിടെ ഗോൾഡൻ ഡക്കാകുന്നത് നാലാം തവണ.

സമീപകാലത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഏറ്റവുമധികം ചർച്ചയായ പേരാണ് സൂര്യകുമാർ യാദവ്. 2022ൽ ഇന്ത്യക്കായി ട്വന്റി20 മത്സരങ്ങളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച ക്രിക്കറ്ററാണ് സൂര്യ. അതിനാൽ തന്നെ വളരെ പ്രതീക്ഷയോടെ ആയിരുന്നു 2023ൽ സൂര്യ ആരംഭിച്ചത്. എന്നാൽ കഴിഞ്ഞ മത്സരങ്ങളിലൊക്കെയും തുടർച്ചയായി പരാജയപ്പെടുന്ന സൂര്യകുമാർ യാദവിനെയാണ് കാണാൻ സാധിക്കുന്നത്. ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ പരമ്പരയിലും ശേഷം ഐപിഎല്ലിലും സൂര്യ തന്റെ മോശം ഫോം ആവർത്തിക്കുകയാണ്.

നിലവിലെ ഒന്നാം നമ്പർ ട്വന്റി20 ബാറ്ററായ സൂര്യ കഴിഞ്ഞ 26 ദിവസത്തിനിടയിൽ നാല് തവണയാണ് ഗോൾഡൻ ഡക്കായി കൂടാരം കയറിയത്. ഇതിൽ ഏറ്റവും അവസാനത്തേത് ഡൽഹിക്കെതിരായ മത്സരത്തിലായിരുന്നു. മത്സരത്തിൽ മുകേഷ് കുമാറിന്റെ പന്ത് തന്റെ സിഗ്നേച്ചർ ഷോട്ടിലൂടെ സിക്സർ പറത്താൻ ശ്രമിക്കുകയായിരുന്നു സൂര്യ. എന്നാൽ ഫൈൻ ലെഗിൽ ഫീൽഡ് ചെയ്തിരുന്ന കുൽദീപിന് ക്യാച്ച് നൽകി സൂര്യയ്ക്ക് മടങ്ങേണ്ടിവന്നു. ഇന്നിംഗ്സിലെ ആദ്യ പന്തിലായിരുന്നു സൂര്യ ഈ സാഹസത്തിനു മുതിർന്നത്.

Suryakumar Yadav 1 4

മുൻപ് ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ തുടർച്ചയായി മൂന്നു മത്സരങ്ങളിൽ സൂര്യകുമാർ ഗോൾഡൻ ഡക്കായി പുറത്തായിരുന്നു. ഇതിനുശേഷം ഇന്ത്യൻ ടീമിൽ സൂര്യകുമാർ യാദവിന്റെ സ്ഥാനത്തെ സംബന്ധിച്ച് ഒരുപാട് ചോദ്യങ്ങളും ഉയർന്നിരുന്നു. എന്നാൽ 2023ലെ ഐപിഎല്ലിലൂടെ സൂര്യ എല്ലാത്തിനുമുള്ള മറുപടി നൽകും എന്നാണ് എല്ലാവരും കരുതിയത്. പക്ഷേ ഐപിഎല്ലിന്റെ തുടക്കത്തിൽ തന്നെ സൂര്യ മോശം പ്രകടനങ്ങൾ ആരംഭിച്ചു. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിൽ എട്ട് റൺസ് മാത്രമായിരുന്നു സൂര്യ നേടിയത്. ശേഷം ഏകദിന മത്സരങ്ങളിൽ മൂന്ന് എണ്ണത്തിലും പൂജ്യനായി പുറത്തായി. ഐപിഎല്ലിലേക്ക് വന്നാൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരായ ആദ്യ മത്സരത്തിൽ 15 റൺസ് സൂര്യകുമാർ നേടുകയുണ്ടായി. ചെന്നൈയ്ക്കെതിരായ മത്സരത്തിൽ ഒരു റൺസും നേടി. ശേഷമാണ് വീണ്ടും ഡൽഹിക്കെതിരെ പൂജ്യനായി പുറത്തായിരിക്കുന്നത്.

മുംബൈ ഇന്ത്യൻസിന് മാത്രമല്ല, ഇന്ത്യൻ ടീമിനും വലിയ തലവേദനയായി മാറുകയാണ് സൂര്യയുടെ ഈ ഫോം. 2022ൽ മിന്നും പ്രകടനം കാഴ്ചവച്ചതിനാൽ തന്നെ സൂര്യയെ പ്ലെയിങ് ഇലവനിൽ നിന്ന് ഒഴിവാക്കുക എന്നത് അത്ര അനായാസമല്ല. അതിനാൽ തന്നെ 2023ലെ 50 ഓവർ ലോകകപ്പ് സ്ക്വാർഡിൽ ഇടം പിടിക്കാൻ സാധ്യതയുള്ള ഒരു കളിക്കാരൻ തന്നെയാണ് സൂര്യ. എന്നാൽ നിലവിലെ അയാളുടെ ഫോം ഇന്ത്യയ്ക്ക് ഒരുപാട് ആശങ്കകൾ ഉണ്ടാക്കുന്നുണ്ട്.

Previous articleക്യാപ്റ്റൻ കൂൾ vs ക്യാപ്റ്റൻ കൂൾ. ധോണിയെ പിടിച്ചുകെട്ടാൻ സഞ്ജുപ്പട ഇറങ്ങുന്നു.
Next articleസഞ്ജുവിനെ കാത്ത് വമ്പൻ റെക്കോർഡ്. ചെന്നൈയെ തൂക്കിയാൽ മറ്റാർക്കും നേടാനാവാത്ത റെക്കോർഡ്.