സൂര്യകുമാറിന് ഏകദിനത്തിൽ ഇനിയും അവസരങ്ങൾ നൽകും. പിന്തുണ പ്രഖ്യാപിച്ച് രോഹിത് ശർമ.

surya out getty 1667882483107 1667882488596 1667882488596

ഇന്ത്യയുടെ സൂപ്പർ താരം സൂര്യകുമാർ യാദവിന് ഏകദിന ക്രിക്കറ്റിൽ ഇനിയും ഒരുപാട് അവസരങ്ങൾ നൽകുമെന്ന് സൂചിപ്പിച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ. ട്വന്റി20 ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങൾ കഴിഞ്ഞ സമയങ്ങളിൽ കാഴ്ചവച്ച ക്രിക്കറ്ററാണ് സൂര്യകുമാർ. എന്നാൽ ഏകദിനങ്ങളിൽ സൂര്യകുമാർ പൂർണമായും പരാജയമായത് കാണുകയുണ്ടായി. എന്നിരുന്നാലും സൂര്യയ്ക്ക് കൂടുതൽ അവസരങ്ങൾ നൽകേണ്ടതുണ്ട് എന്നാണ് രോഹിത് ശർമ പറയുന്നത്. സൂര്യ കുറച്ചു കൂടി മെച്ചപ്പെടണമെന്ന കാഴ്ചപ്പാടാണ് രോഹിത്തിനുള്ളത്. അതിനാൽ തന്നെ അവന് ഇനിയും സമയം നൽകണമെന്ന് രോഹിത് പറയുന്നു.

മുൻപ് ഏകദിന ക്രിക്കറ്റിലെ തന്റെ പ്രകടനം വളരെയധികം മോശമാണെന്ന് സൂര്യകുമാർ തന്നെ തുറന്നു പറയുകയുണ്ടായി. ഈ അവസരത്തിൽ പ്രകടനം കൂടുതൽ മെച്ചപ്പെടുത്താൻ താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും, ഏകദിന ക്രിക്കറ്റ് തനിക്ക് അല്പം പ്രയാസമുള്ളതാണെന്നും സൂര്യകുമാർ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രോഹിത് ശർമയുടെ ഈ പ്രസ്താവന.

“ഇന്ത്യക്കായി ഏകദിന ക്രിക്കറ്റിൽ തകർപ്പൻ പ്രകടനങ്ങൾ പുറത്തെടുക്കാൻ സൂര്യകുമാർ അങ്ങേയറ്റം പരിശ്രമിക്കുന്നുണ്ട്. ടീമിലെ പരിചയസമ്പന്നരായ താരങ്ങളോടും മറ്റും അവൻ ഇതിനെക്കുറിച്ച് കൂടുതൽ സംസാരിക്കുന്നുമുണ്ട്. സൂര്യയെപ്പോലെയുള്ള പ്രതിഭയുള്ള ബാറ്റർമാർക്ക് നമ്മൾ ഇനിയും കൂടുതൽ അവസരങ്ങൾ നൽകാൻ തയ്യാറാവണം.”- രോഹിത് ശർമ പറയുന്നു.

Read Also -  ബാറ്റർമാർ മനോഭാവം കാട്ടിയില്ല, പരാജയത്തിന് കാരണം അവരാണ് - വിമർശനവുമായി സംഗക്കാര..

“2023ലെ ഇന്ത്യൻ പ്രീമിയർ ലീഗ് പരിശോധിച്ചാൽ മനസ്സിലാവുന്ന ഒരു കാര്യമുണ്ട്. സീസണിൽ ആദ്യ 4-5 മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സൂര്യകുമാറിന് സാധിച്ചിരുന്നില്ല. പക്ഷേ അതിനുശേഷം എന്താണ് സംഭവിച്ചത് എന്ന് നമ്മൾ പരിശോധിക്കണം. അങ്ങനെയുള്ള താരങ്ങൾ ഒന്നോ രണ്ടോ മത്സരങ്ങളിൽ മോശം പ്രകടനം ആവർത്തിച്ചാലും അത് വലിയ കുഴപ്പമായി കാണേണ്ടതില്ല. തന്റെ ഫോം തിരിച്ചുപിടിക്കാൻ അവന് സാധിച്ചാൽ മത്സരങ്ങൾ ഒറ്റയ്ക്ക് നിന്ന് വിജയിപ്പിക്കാനും അവനു കഴിയും.”- രോഹിത് ശർമ കൂട്ടിച്ചേർത്തു.

ഏകദിന ക്രിക്കറ്റിൽ മോശം ഫോം തുടരുമ്പോഴും ട്വന്റി20യിൽ സൂര്യകുമാർ തന്റെ അഴിഞ്ഞാട്ടം ആവർത്തിക്കുകയാണ്. വെസ്റ്റിൻഡിസിനെതിരായ ഇന്ത്യയുടെ മൂന്നാം ട്വന്റി20യിൽ സൂര്യകുമാർ നിറഞ്ഞാടുകയുണ്ടായി. 44 പന്തുകളിൽ 87 റൺസായിരുന്നു മത്സരത്തിൽ സൂര്യകുമാർ നേടിയത്. അഭിമാന പോരാട്ടത്തിൽ ഇന്ത്യയെ വിജയിപ്പിച്ചതും സൂര്യകുമാറിന്റെ ഈ തട്ടുപൊളിപ്പൻ പ്രകടനം തന്നെയായിരുന്നു. 2 ട്വന്റി20 മത്സരങ്ങൾ കൂടി പരമ്പരയിൽ അവശേഷിക്കുമ്പോൾ സൂര്യകുമാർ ഇനിയും മികവുപുലർത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

Scroll to Top