സൂര്യ ഏകദിന ക്രിക്കറ്റിനെ പറ്റി പഠിച്ചുകൊണ്ടിരിക്കുന്നു.. ഇനിയും അവസരം നൽകുമെന്ന് ദ്രാവിഡ്.

ഇന്ത്യയുടെ വെസ്റ്റിൻഡീസിനെതിരായ ആദ്യ രണ്ട് ഏകദിനങ്ങളിലും മികച്ച പ്രകടനം പുറത്തെടുക്കാൻ സൂര്യകുമാർ യാദവിന് സാധിച്ചിരുന്നില്ല. കഴിഞ്ഞ വർഷം ട്വന്റി20 ക്രിക്കറ്റിൽ അത്യുഗ്രൻ പ്രകടനങ്ങൾ നടത്തിയായിരുന്നു സൂര്യകുമാർ ഇന്ത്യയുടെ ഏകദിന ടീമിലേക്ക് എത്തിയത്. അതിനാൽ തന്നെ വളരെയധികം പ്രതീക്ഷ സൂര്യകുമാറിൽ എല്ലാവരും വച്ചിരുന്നു. എന്നാൽ പിന്നീടുള്ള മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സൂര്യയ്ക്ക് സാധിക്കാതെ വന്നു.

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നു മത്സരങ്ങളിലും പൂജ്യനായിയാണ് സൂര്യ മടങ്ങിയത്. പിന്നീട് വിൻഡിസ് പരമ്പരയിലേക്ക് വന്നപ്പോഴും മികച്ച പ്രകടനം പുറത്തെടുക്കാൻ ഈ താരത്തിന് സാധിക്കാതെ വന്നു. പക്ഷേ സൂര്യകുമാർ യാദവിനെ ന്യായീകരിച്ചുകൊണ്ട് ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യയുടെ കോച്ച് രാഹുൽ ദ്രാവിഡ്. സൂര്യകുമാർ ഇപ്പോഴും ഏകദിന ക്രിക്കറ്റിനെ പറ്റി പഠിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് ദ്രാവിഡ് പറയുന്നത്.

“സൂര്യകുമാർ ഒരു നല്ല ക്രിക്കറ്റർ തന്നെയാണ്. അക്കാര്യത്തിൽ എനിക്ക് യാതൊരു സംശയവുമില്ല. ട്വന്റി20 ക്രിക്കറ്റിലും ആഭ്യന്തര ക്രിക്കറ്റുകളിലും മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത ശേഷമാണ് സൂര്യകുമാർ ഇന്ത്യൻ ടീമിലേക്ക് എത്തിയത്. അയാളുടെ കഴിവ് അയാൾ ആഭ്യന്തര ക്രിക്കറ്റിൽ പുറത്തെടുക്കുകയും ചെയ്തിട്ടുണ്ട്.

എന്നാൽ നിർഭാഗ്യവശാൽ ട്വന്റി20യിലെ സൂര്യയുടെ പ്രകടനം ഏകദിനത്തിൽ ആവർത്തിക്കാൻ അയാൾക്ക് സാധിക്കാതെ വരുന്നു. ആ കാര്യം സൂര്യകുമാർ തന്നെ സമ്മതിച്ചിട്ടുള്ളതാണ്. ഇപ്പോൾ ഏകദിന ക്രിക്കറ്റിനെപ്പറ്റി കൂടുതൽ പഠിക്കുകയാണ് സൂര്യകുമാർ യാദവ്.”- രാഹുൽ ദ്രാവിഡ് പറഞ്ഞു.

“ഐപിഎല്ലിൽ നല്ല പ്രകടനങ്ങൾ പുറത്തെടുത്ത ശേഷമായിരുന്നു സൂര്യകുമാർ യാദവ് ട്വന്റി20 ടീമിലേക്ക് എത്തിയത്. അതുകൊണ്ടുതന്നെ ആ മികവ് സൂര്യയെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ഇപ്പോൾ ഏകദിനങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കാതെ വരുന്നത് സൂര്യയുടെ പരിചയക്കുറവ് കൊണ്ട് മാത്രമാണ്.

ഏകദിനങ്ങളിൽ മധ്യ ഓവറുകളിൽ ഏതുതരത്തിൽ കളിക്കണം എന്നതിനെ സംബന്ധിച്ച് സൂര്യകുമാർ ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. അവന്റെ കഴിവുകളിൽ ഞങ്ങൾക്ക് അങ്ങേയറ്റം വിശ്വാസമുണ്ട്. അതുകൊണ്ടുതന്നെ ഇനിയും സൂര്യകുമാറിന് അവസരങ്ങൾ നൽകും.”- രാഹുൽ ദ്രാവിഡ് പറഞ്ഞു.

ഏകദിന കരിയറിന് മികച്ച തുടക്കം തന്നെയായിരുന്നു സൂര്യകുമാറിന് ലഭിച്ചത്. തന്റെ ആദ്യ ആറ് ഏകദിനങ്ങളിൽ നിന്ന് 65 റൺസ് ശരാശരിയിൽ 261 റൺസ് നേടാൻ സൂര്യയ്ക്ക് സാധിച്ചിരുന്നു. എന്നാൽ അടുത്ത 19 മത്സരങ്ങളിൽ സൂര്യ പൂർണമായും പരാജയപ്പെടുകയാണ് ഉണ്ടായത്.

ഇതിനുശേഷം സൂര്യയെ വീണ്ടും ടീമിൽ ഉൾപ്പെടുത്തുന്നതിനെതിരെ വിമർശനങ്ങളും ഉയർന്നിരുന്നു. എന്തായാലും വരും മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചാൽ മാത്രമേ സൂര്യകുമാറിന് ലോകകപ്പിനുള്ള ഏകദിന ടീമിൽ ഇടം പിടിക്കാൻ സാധിക്കൂ.