ഗില്ലിനും ശ്രേയസ് അയ്യർക്കും ശേഷം ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ വെടിക്കെട്ട് ബാറ്റിംഗുമായി സൂര്യകുമാർ യാദവും. മത്സരത്തിൽ ഇഷാൻ കിഷന്റെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായ ശേഷമായിരുന്നു സൂര്യ ക്രീസിൽ എത്തിയത്. ആദ്യ പന്തുകളിൽ കൃത്യമായി റൺസ് കണ്ടെത്താൻ സൂര്യകുമാർ വിഷമിക്കുന്നതാണ് കണ്ടത്. എന്നാൽ പിന്നീട് സൂര്യകുമാർ തന്റെ ബീസ്റ്റ് മോഡ് ആരംഭിക്കുകയായിരുന്നു. മത്സരത്തിൽ ഓസ്ട്രേലിയൻ ബോളർമാരെ പഞ്ഞിക്കിട്ടു കൊണ്ടാണ് സൂര്യകുമാർ യാദവ് ഇന്ത്യയെ വലിയൊരു സ്കോറിൽ എത്തിച്ചത്.
ക്രീസിലെത്തിയ ശേഷം ആദ്യ 10 ബോളുകളിൽ സൂര്യകുമാർ യാദവിന് ഒന്നും ചെയ്യാൻ സാധിച്ചിരുന്നില്ല. എന്നാൽ പിന്നീട് 44ആം ഓവറിൽ സൂര്യകുമാർ തന്റെ സംഹാരം ആരംഭിച്ചു. കാമറൂൺ ഗ്രീൻ എറിഞ്ഞ 44ആം ഓവറിൽ തുടർച്ചയായി 4 സിക്സറുകളാണ് സൂര്യകുമാർ നേടിയത്. ഇതോടെ പഴയ സൂര്യകുമാറിന്റെ ഒരു തിരിച്ചുവരമാണ് മത്സരത്തിൽ കണ്ടത്. പിന്നീട് ബോളിങ് ക്രീസിലെത്തിയ എല്ലാവരെയും സൂര്യകുമാർ നന്നായി പ്രഹരിക്കുകയുണ്ടായി. തന്റെ സ്പെഷ്യലിസ്റ്റ് ഷോട്ടുകൾ കളിച്ചാണ് സൂര്യകുമാർ എല്ലാവരെയും വരവേറ്റത്. സ്കൂപ്പ് ഷോട്ടുകളും സ്വീപ്പ് ഷോട്ടുകളും ഒക്കെയായി സൂര്യകുമാർ നിമിഷനേരം കൊണ്ട് ഇന്ത്യയുടെ രക്ഷകനായി അവതരിക്കുകയായിരുന്നു.
മറുവശത്ത് വിക്കറ്റുകൾ നഷ്ടമായപ്പോഴും ഇന്ത്യൻ ഇന്നിങ്സിന്റെ അവസാന ബോൾ മുതൽ ആവേശം കാത്തു സൂക്ഷിക്കാൻ സൂര്യകുമാർ യാദവിന് സാധിച്ചു. മത്സരത്തിൽ കേവലം 24 പന്തുകളിൽ നിന്നായിരുന്നു സൂര്യകുമാർ തന്റെ അർത്ഥസെഞ്ച്വറി സ്വന്തമാക്കിയത്. ഓസ്ട്രേലിയക്കെതിരെ തുടർച്ചയായി രണ്ടാമത്തെ അർദ്ധ സെഞ്ചുറിയാണ് സൂര്യകുമാർ പൂർത്തിയാക്കിയിരിക്കുന്നത്. ഈ വർഷത്തിന്റെ തുടക്കത്തിൽ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ 3 തവണ തുടർച്ചയായി ഡക്കിന് പുറത്തായി റെക്കോർഡ് നേടിയ താരമാണ് സൂര്യകുമാർ യാദവ്. അങ്ങനെയുള്ള സൂര്യയുടെ വലിയ തിരിച്ചുവരമാണ് മത്സരത്തിൽ കണ്ടത്.
മത്സരത്തിൽ 37 പന്തുകൾ നേരിട്ട സൂര്യകുമാർ 72 റൺസാണ് നേടിയത്. ഇന്നിംഗ്സിൽ 6 ബൗണ്ടറികളും 6 പടുകൂറ്റൻ സിക്സറുകളും ഉൾപ്പെട്ടു. 194.59 ആണ് സൂര്യകുമാറിന്റെ മത്സരത്തിലെ സ്ട്രൈക്ക് റേറ്റ്. ഏകദേശം 370 റൺസ് ലക്ഷ്യം വെച്ചിരുന്ന ഇന്ത്യയെ 399 എന്ന വമ്പൻ സ്കോറിലെത്തിക്കാൻ സൂര്യകുമാറിന്റെ ഇന്നിങ്സിന് സാധിച്ചിട്ടുണ്ട്. ലോകകപ്പ് വരാനിരിക്കുന്ന സാഹചര്യത്തിൽ സൂര്യകുമാർ തിരികെ ഫോമിലേക്ക് എത്തിയത് ഇന്ത്യയ്ക്ക് വലിയ ആത്മവിശ്വാസവും നൽകുന്നു.