വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ 20-20 ഫോമാറ്റിലെ ഇന്ത്യയുടെ ഏറ്റവും മികച്ച താരം എന്ന പേര് സ്വന്തമാക്കിയിരിക്കുകയാണ് സൂര്യ കുമാർ യാദവ്. താരത്തിന്റെ വിജയത്തിന് പിന്നിൽ സ്ഥിരതയാർന്ന പ്രകടനം തന്നെയാണ്. ഏത് രാജ്യമാണെന്നോ, ഗ്രൗണ്ടാണെന്നോ ബൗളറാണെന്നോ നോക്കാതെ എല്ലാവർക്കുമെതിരെ പേടിയില്ലാതെ കടന്നാക്രമിക്കുന്നതാണ് സൂര്യ കുമാർ യാദവിന്റെ ശൈലി. അങ്ങനെ ചെയ്യുന്നതിലൂടെ ബൗളറുടെ ആത്മവിശ്വാസം തകർത്ത് ആധിപത്യം നേടിയെടുക്കാനും സൂര്യ കുമാർ യാദവിന് കഴിയുന്നു.
ഇത്തവണത്തെ ലോകകപ്പിലും ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനമാണ് സൂര്യ കുമാർ യാദവ് കാഴ്ചവച്ചത്. ഇപ്പോൾ അതെ ഫോം ന്യൂസിലാൻഡിനെതിരായ പരമ്പരയിലും താരം തുടർന്നുകൊണ്ടു പോവുകയാണ്. ഇന്നലെ നടന്ന രണ്ടാം ട്വന്റി-ട്വന്റി മത്സരത്തിൽ 51പന്തിൽ പുറത്താക്കാതെ 111 റൺസ് ആണ് താരം നേടിയത്. ഇന്ത്യയുടെ മറ്റ് ബാറ്റ്സ്മാൻമാർ എല്ലാം ന്യൂസിലാൻഡിനെതിരെ താളം കണ്ടെത്താൻ ബുദ്ധിമുട്ടിയപ്പോൾ ഒരു കൂസലും ഇല്ലാതെയാണ് സൂര്യകുമാർ യാദവ് ബാറ്റ് ചെയ്തത്.
ഇപ്പോഴിതാ തൻ്റെ സ്ഥിരതയാർന്ന പ്രകടനത്തിന് പിന്നിലുള്ള രഹസ്യം എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സൂര്യ കുമാർ യാദവ്.”കുടുംബത്തോടൊപ്പം ഞാൻ സമയം ചിലവഴിക്കാൻ കണ്ടെത്തും. ഞാൻ എല്ലാ പരമ്പരകൾ കളിക്കാൻ പോകുമ്പോളും ഭാര്യയെ കൂടെ കൂട്ടാറുണ്ട്. എനിക്ക് ഇടവേളകൾ ലഭിക്കുമ്പോൾ എല്ലാം ഞാൻ ഭാര്യയുമായി സമയം ചിലവഴിക്കാറുണ്ട്. എല്ലാ ദിവസവും മാതാപിതാക്കളോട് സംസാരിക്കുകയും സമയം കിട്ടുമ്പോൾ ഭാര്യയുമായി പുറത്തു പോകാറുമുണ്ട്. അവർ എന്നെ സമ്മർദ്ദത്തിൽ ആക്കാൻ ക്രിക്കറ്റിനെ കുറിച്ച് ഒന്നും സംസാരിക്കില്ല. എൻറെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ മാത്രമായിരിക്കും അവർ സംസാരിക്കുക. അതുകൊണ്ടുതന്നെ എൻറെ ആത്മവിശ്വാസം തുടരാൻ ഇത് അനുവദിക്കുന്നു.”- സൂര്യ കുമാർ യാദവ് പറഞ്ഞു.
നിലവിൽ ട്വൻ്റി-20 ഫോർമാറ്റിൽ ഒന്നാം സ്ഥാനത്താണ് സൂര്യ കുമാർ യാദവ്. ഈ വർഷം റൺ വേട്ടക്കാരിലും താരം തന്നെയാണ് ഒന്നാമത്. 30 മത്സരങ്ങളിൽ നിന്ന് 1151 റൺസ് ആണ് താരം നേടിയിട്ടുള്ളത്. 47.95 ശരാശരിയുള്ള താരത്തിൻ്റെ സ്ട്രൈക്ക് റേറ്റ് 188.37 ആണ്. രണ്ട് സെഞ്ചുറിയും ഈ വർഷം താരം നേടിയിട്ടുണ്ട്. ഈ വർഷം ഇംഗ്ലണ്ടിനെതിരെയായിരുന്നു താരത്തിന്റെ ആദ്യ സെഞ്ചുറി. ട്വൻ്റി ട്വൻ്റിയിലെ ഇന്ത്യക്കായുള്ള ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറർമാരിൽ മൂന്നാം സ്ഥാനത്താണ് സൂര്യ.