ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനമായിരുന്നു ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് കാഴ്ചവച്ചത്. മത്സരത്തിൽ 128 റൺസ് എന്ന വിജയത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യക്കായി ആദ്യ ഓവറുകളിൽ മികവ് പുലർത്താൻ സൂര്യയ്ക്ക് സാധിച്ചു. 14 പന്തുകളിൽ 29 റൺസാണ് സൂര്യകുമാർ മത്സരത്തിൽ നേടിയത്.
2 ബൗണ്ടറികളും 3 പടുകൂറ്റൻ സിക്സറുകളും സൂര്യകുമാറിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടു. ഈ ഇന്നിംഗ്സിനിടെ ഒരു വലിയ റെക്കോർഡിലേക്ക് കുതിക്കാൻ സൂര്യയ്ക്ക് മത്സരത്തിലൂടെ സാധിച്ചു. അന്താരാഷ്ട്ര ട്വന്റി20 മത്സരങ്ങളിൽ ഏറ്റവുമധികം സിക്സറുകൾ സ്വന്തമാക്കിയ താരങ്ങളുടെ ലിസ്റ്റിൽ ഇംഗ്ലണ്ട് നായകൻ ജോസ് ബട്ലറിനെ മറികടന്ന് നാലാം സ്ഥാനത്ത് സൂര്യകുമാർ യാദവ് ഇതോടെ എത്തിയിട്ടുണ്ട്.
മത്സരത്തിൽ 3 സിക്സറുകൾ സ്വന്തമാക്കിയതോടെയാണ് ബട്ലറിനെ സൂര്യകുമാർ കടന്നത്. ഇതുവരെ 72 ട്വന്റി20 മത്സരങ്ങൾ ഇന്ത്യക്കായി കളിച്ചിട്ടുള്ള സൂര്യകുമാർ യാദവ്, 139 സിക്സറുകളാണ് സ്വന്തമാക്കിയിട്ടുള്ളത്. ഇംഗ്ലണ്ട് നായകൻ ബട്ലർ 137 സിക്സറുകളായിരുന്നു സ്വന്തമാക്കിയിരുന്നത്. 98 അന്താരാഷ്ട്ര ട്വന്റി20 മത്സരങ്ങളിൽ നിന്ന് 144 സിക്സറുകൾ സ്വന്തമാക്കിയ വിൻഡിസ് താരം നിക്കോളാസ് പൂരനാണ് ഈ ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത് ഉള്ളത്. ന്യൂസിലാൻഡിനായി 122 ട്വന്റി20 മത്സരങ്ങളിൽ നിന്ന് 173 സിക്സറുകൾ സ്വന്തമാക്കിയ മാർട്ടിൻ ഗുപ്റ്റിൽ ഈ ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നു.
ഇന്ത്യയുടെ ഏകദിന ടെസ്റ്റ് നായകനായ രോഹിത് ശർമയാണ് അന്താരാഷ്ട്ര ട്വന്റികളിൽ ഏറ്റവുമധികം സിക്സറുകൾ സ്വന്തമാക്കിയ താരം. 2007 മുതൽ 2024 വരെ 159 ട്വന്റി20 മത്സരങ്ങളാണ് രോഹിത് ശർമ ഇന്ത്യയ്ക്കായി കളിച്ചത്. ഇതിൽ നിന്ന് 205 സിക്സറുകൾ സ്വന്തമാക്കാൻ രോഹിത്തിന് സാധിച്ചു.
എന്നാൽ രോഹിത്തിന്റെ ഈ റെക്കോർഡ് മറികടക്കണമെങ്കിൽ സൂര്യകുമാർ യാദവിന് ഒരു വമ്പൻ സിക്സർ വേട്ട തന്നെ ആവശ്യമാണ്. നിലവിൽ രോഹിത് അന്താരാഷ്ട്ര ട്വന്റി20 മത്സരങ്ങളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാൽ സൂര്യകുമാർ യാദവിന് വമ്പൻ പ്രകടനങ്ങൾ പുറത്തെടുത്താൽ ഇത് മറികടക്കാൻ സാധിക്കും.
ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ ശക്തമായ വിജയം തന്നെയാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ 7 വിക്കറ്റുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യക്കായി അർഷദീപും വരുൺ ചക്രവർത്തിയുമാണ് ബോളിങ്ങിൽ തിളങ്ങിയത്. ഇരുവരും 3 വിക്കറ്റുകൾ വീതം മത്സരത്തിൽ സ്വന്തമാക്കി.
ബാറ്റിംഗിൽ 16 പന്തുകളിൽ 39 റൺസ് നേടിയ ഹർദിക് പാണ്ട്യയും 14 പന്തുകളിൽ 25 റൺസ് നേടിയ സൂര്യകുമാർ യാദവും 19 പന്തുകളിൽ 29 റൺസ് നേടിയ സഞ്ജു സാംസണും മികച്ച പ്രകടനം പുറത്തെടുത്തു. 49 പന്തുകൾ അവശേഷിക്കവെയാണ് ഇന്ത്യ ആദ്യ മത്സരത്തിൽ കൂറ്റൻ വിജയം നേടിയത്