ലോകകപ്പ് ഫൈനലിലെ വലിയ പരാജയം ഇന്ത്യയ്ക്ക് നിരാശ തന്നെയാണ് സമ്മാനിച്ചത്. ഇതിൽ ഏറ്റവും നിരാശയായി മാറിയത് മത്സരത്തിലെ സൂര്യകുമാർ യാദവ് അടക്കമുള്ള ബാറ്റർമാരുടെ പ്രകടനമായിരുന്നു. ഈ ടൂർണമെന്റിലൂടനീളം ഇന്ത്യയുടെ കരുത്തായി മാറിയത് ബാറ്റിംഗായിരുന്നു. എന്നാൽ ഫൈനലിൽ പല ബാറ്റർമാരും നിസ്സഹായരായി മാറുന്നതാണ് കണ്ടത്. ഇതിൽ പ്രധാനിയാണ് സൂര്യകുമാർ യാദവ്.
ലോകകപ്പിന് മുൻപ് വളരെ പ്രതീക്ഷയോടെ ആയിരുന്നു ഇന്ത്യ സൂര്യകുമാറിനെ സ്ക്വാഡിലേക്ക് ഉൾപ്പെടുത്തിയത്. എന്നാൽ ടൂർണമെന്റിടനീളം നിറംമങ്ങുന്ന പ്രകടനമാണ് സൂര്യകുമാർ യാദവ് കാഴ്ചവച്ചത്. സഞ്ജു സാംസന് പകരക്കാരനായി ടീമിലേക്ക് ചേക്കേറിയ സൂര്യകുമാറിന്റെ പ്രകടനങ്ങൾ പരിശോധിച്ചാൽ എന്തിനാണ് സൂര്യയെ ടീമിൽ എടുത്തത് എന്ന് പോലും തോന്നിപ്പോകും.
ഫൈനൽ മത്സരത്തിൽ നിർണായകമായ സമയത്ത് ക്രീസിലെത്തിയ സൂര്യകുമാർ യാദവ് 28 പന്തുകളിൽ 18 റൺസാണ് നേടിയത്. മാത്രമല്ല മത്സരത്തിന്റെ അവസാന ഓവറുകളിൽ സ്വന്തമായി ഉത്തരവാദിത്വം ഏറ്റെടുത്ത് റൺസ് കണ്ടെത്താൻ പോലും സൂര്യകുമാർ യാദവ് ശ്രമിച്ചില്ല എന്നതാണ് വസ്തുത.
ഈ ലോകകപ്പിലെ മുഴുവൻ കണക്കെടുത്താൽ ഏഴ് ഇന്നിംഗ്സുകളിൽ നിന്ന് സൂര്യകുമാർ നേടിയിരിക്കുന്നത് 113 റൺസ് മാത്രമാണ്. സൂര്യയുടെ ഈ ലോകകപ്പിലെ ഏറ്റവും ഉയർന്ന സ്കോർ 49 റൺസും. ഇന്ത്യയെ സംബന്ധിച്ച് ഒരു ഫിനിഷറായി തന്നെയാണ് സൂര്യയെ ടീമിൽ ഉൾപ്പെടുത്തിയത്. വലിയ ശരാശരിയുള്ള സഞ്ജു സാംസണെ ഒഴിവാക്കിയായിരുന്നു ഇന്ത്യ സൂര്യയെ ടീമിൽ ഉൾപ്പെടുത്തിയത്.
എന്നാൽ ടൂർണമെന്റിന്റെ പല സമയത്തും അത് തെറ്റായ തീരുമാനമായിരുന്നു എന്ന് തോന്നിക്കുന്ന പ്രകടനമാണ് സൂര്യകുമാറിൽ നിന്നുണ്ടായത്. 2, 49, 12, 22, 2, 1, 18 എന്നിങ്ങനെയാണ് സൂര്യകുമാർ ഈ ലോകകപ്പിൽ നേടിയിട്ടുള്ളത്. പല മത്സരങ്ങളിലും സൂര്യകുമാർ യാദവിന് വേണ്ട രീതിയിൽ പന്തുകൾ ലഭിച്ചിരുന്നില്ല.
പക്ഷേ കിട്ടിയ അവസരങ്ങൾ മികച്ച രീതിയിൽ ഉപയോഗിക്കാൻ സൂര്യയ്ക്ക് സാധിച്ചതുമില്ല. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ 49 റൺസ് നേടിയതൊഴിച്ചാൽ സൂര്യകുമാർ യാദവ് പൂർണമായും പരാജയമായി മാറുകയായിരുന്നു. നിർണായക മത്സരത്തിൽ ഒന്നും ചെയ്യാനാവാതെ നിൽക്കുന്ന സൂര്യകുമാർ യാദവിനെയാണ് കാണാൻ സാധിച്ചതും.
ഏകദിന ക്രിക്കറ്റിൽ ഇപ്പോഴും 39 റൺസിൽ താഴെ മാത്രമാണ് സൂര്യകുമാർ യാദവിന്റെ ശരാശരി. എന്നാൽ 50 റൺസിന് മുകളിൽ ശരാശരിയുള്ള സഞ്ജു സാംസൺ അടക്കമുള്ള താരങ്ങൾ പുറത്തിരിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ എന്തിനാണ് ലോകകപ്പിൽ ഇങ്ങനെയൊരു താരത്തെ ഇന്ത്യ ഉൾപ്പെടുത്തിയത് എന്നത് വലിയ ചോദ്യമാണ്.
ഫ്ലാറ്റ് പിച്ചുകളിൽ മാത്രം റൺസ് കണ്ടെത്തുന്ന താരങ്ങളെ ഇത്രയും വലിയ ടൂർണമെന്റുകളിലേക്ക് തിരഞ്ഞെടുത്തത് വലിയ തെറ്റായിരുന്നു എന്ന് ആരാധകരടക്കം പറയുന്നു. എന്തായാലും വരും നാളുകളിൽ ഇന്ത്യൻ ടീം കേൾക്കാൻ പോകുന്ന ഏറ്റവും വലിയ വിമർശനങ്ങളിൽ ഒന്നുതന്നെയാണ് സൂര്യകുമാർ യാദവിന്റെ പ്രകടനം.