വെടിക്കെട്ട് ഫിഫ്റ്റി, അത്ഭുത റെക്കോർഡ് സ്വന്തമാക്കി സൂര്യ. ഇനി കോഹ്ലിയ്ക്കും ബാബർ ആസമിനും ഒപ്പം.

F3bCdvUXEAE3dg7 1

വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിലെ അഞ്ചാം മത്സരത്തിൽ നേരിട്ട പരാജയം ഇന്ത്യയെ ഞെട്ടിച്ചിട്ടുണ്ട്. വിൻഡിസിനെതിരായ പരമ്പരയിൽ അത്ര മോശം പ്രകടനമായിരുന്നു ഇന്ത്യ കാഴ്ചവെച്ചത്. അഞ്ചാം മത്സരത്തിലും ബാറ്റിംഗിൽ പല കളിക്കാരും മോശം ഫോം തുടർന്നു. സഞ്ജു സാംസൺ അടക്കമുള്ള താരങ്ങൾ ക്രീസിൽ പതറിയപ്പോൾ സൂര്യകുമാർ യാദവ് മാത്രമായിരുന്നു അഞ്ചാം മത്സരത്തിൽ ഇന്ത്യക്കായി കളം നിറഞ്ഞത്.

സൂര്യകുമാർ യാദവിന്റെ തകർപ്പൻ അർദ്ധസെഞ്ച്വറിയാണ് ഇന്ത്യയെ വലിയ നാണക്കേടിൽ നിന്ന് രക്ഷപ്പെടുത്തിയത്. മത്സരത്തിലെ ഈ തകർപ്പൻ ഇന്നിങ്സോടുകൂടി സൂര്യ ഒരു വലിയ റെക്കോർഡ് തന്നെ സ്വന്തമാക്കുകയുണ്ടായി. അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റിൽ 50 ഇന്നിങ്സുകൾ പിന്നിടുമ്പോൾ ഏറ്റവുമധികം തവണ 50ലധികം റൺസ് നേടിയ ബാറ്റർ എന്ന റെക്കോർഡാണ് സൂര്യകുമാർ പേരിൽ ചേർത്തിരിക്കുന്നത്. വിരാട് കോഹ്ലി, ബാബർ ആസാം എന്നിവരാണ് ഈ റെക്കോർഡിൽ സൂര്യകുമാർ യാദവിനൊപ്പമുള്ളത്.

അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റിൽ 50 ഇന്നിങ്സുകൾ പിന്നിട്ടപ്പോൾ 18 തവണയാണ് സൂര്യകുമാർ യാദവ് 50ലധികം റൺസ് നേടിയിട്ടുള്ളത്. ഇതിൽ 15 തവണ സൂര്യകുമാറിന് അർധസെഞ്ച്വറിയിൽ ഒതുങ്ങേണ്ടി വന്നപ്പോൾ, 3 തവണ സെഞ്ച്വറി നേട്ടം കൈപ്പിടിയിൽ ഒതുക്കാനും സാധിച്ചു. വിരാട് കോഹ്ലിയ്ക്കും ബാബർ ആസമിനും മാത്രമാണ് ഇത്തരത്തിൽ മികച്ച റെക്കോർഡ് 50 ഇന്നിങ്സുകൾ അവസാനിക്കുമ്പോഴുള്ളത്. എന്തായാലും ഈ റെക്കോർഡ് സൂര്യയ്ക്ക് ഒരു പുതിയ ഊർജ്ജമാണ് നൽകുന്നത്. ഏകദിന പരമ്പരയിൽ തുടർച്ചയായി പരാജയപ്പെടുമ്പോഴും ട്വന്റി20കളിൽ സൂര്യ തന്റെ പതിവ് വെടിക്കെട്ട് തുടരുകയാണ്.

Read Also -  സഞ്ജുവിനെയും അഭിഷേകിനെയും ടീമിലെടുക്കാത്തതിന്റെ കാരണം പറഞ്ഞ് ചീഫ് സെലക്ടര്‍.

വിൻഡീസിനെതിരായ അഞ്ചാം മത്സരത്തിൽ ഇന്ത്യക്കായി ഒരു നിർണായക അർദ്ധസെഞ്ച്വറി തന്നെയാണ് സൂര്യകുമാർ നേടിയത്. മത്സരത്തിൽ 45 പന്തുകൾ നേരിട്ട സൂര്യ 4 ബൗണ്ടറികളും 3 സിക്സറുകളും ഉൾപ്പെടെ 61 റൺസ് നേടുകയുണ്ടായി. അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റിൽ സൂര്യകുമാറിന്റെ പതിനഞ്ചാമത്തെ സെഞ്ച്വറിയാണ് മത്സരത്തിൽ പിറന്നത്. മറ്റു ബാറ്റർമാർ പരാജയമായി മാറുമ്പോഴും സൂര്യകുമാറിന്റെ സ്ഥിരതയുള്ള പ്രകടനം ഇന്ത്യയ്ക്ക് പരമ്പരയിൽ ആശ്വാസം നൽകുന്നുണ്ട്.

മുൻപ് പരമ്പരയിലെ മൂന്നാം മത്സരത്തിലും ഒരു തകർപ്പൻ പ്രകടനമായിരുന്നു സൂര്യ പുറത്തെടുത്തത്. മത്സരത്തിൽ 44 പന്തുകളിൽ 83 റൺസ് നേടി സൂര്യ ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ലായി മാറുകയുണ്ടായി. ഇതാണ് ഇന്ത്യയെ വിജയ വഴിലേക്ക് തിരികെ കൊണ്ടുവരാൻ സഹായിച്ച ഇന്നിംഗ്സ്. ശേഷമാണ് അഞ്ചാം മത്സരത്തിലും സൂര്യ നിറഞ്ഞാടിയത്. വരും മത്സരങ്ങളിലും മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത് സൂര്യകുമാർ എത്രയും വേഗം 2024 ട്വന്റി20 ലോകകപ്പിന് സജ്ജമാകും എന്നാണ് കരുതുന്നത്.

Scroll to Top