സൂര്യയുടെ വണ്ടർ ക്യാച്ച്. സൗത്താഫ്രിക്കയുടെ മത്സരം തട്ടിയെടുത്ത “സൂര്യ സ്പെഷ്യൽ”.

2024 ട്വന്റി20 ലോകകപ്പിന്റെ ഫൈനൽ മത്സരത്തിൽ ഒരു ത്രില്ലിംഗ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരം പൂർണമായും കൈവിട്ടുപോയ സാഹചര്യത്തിൽ നിന്ന്, ബോളർമാരുടെ മികവാർന്ന പ്രകടനത്തിലൂടെ, ഇന്ത്യക്ക് കിരീടം സ്വന്തമാവുകയായിരുന്നു. ഇന്ത്യക്കായി ഹർദിക് പാണ്ഡ്യ, അർഷദീപ് സിംഗ്, ബൂമ്ര എന്നിവർ അവസാന ഓവറുകളിൽ തകര്‍പ്പന്‍ ബോളിംഗ് പ്രകടനവുമായി രംഗത്തെത്തുകയുണ്ടായി.

ഇതോടെ ദക്ഷിണാഫ്രിക്ക 7 റൺസിന്റെ പരാജയം മത്സരത്തിൽ ഏറ്റുവാങ്ങുകയും ചെയ്തു. ദക്ഷിണാഫ്രിക്കയ്ക്ക് അവസാന ഓവറിൽ വിജയിക്കാൻ വേണ്ടിയിരുന്നത് 16 റൺസ് ആണ്. അപകടകാരിയായ മില്ലർ ഈ സമയത്ത് ക്രീസിൽ ഉണ്ടായിരുന്നു.

എന്നാൽ അവസാന ഓവറിലെ ആദ്യ പന്തിൽ സൂര്യകുമാർ യാദവ് ഒരു തകർപ്പൻ ക്യച്ചിലൂടെ മില്ലറെ പുറത്താക്കുകയായിരുന്നു. ഇത് മത്സരത്തിൽ വളരെ നിർണായകമായി മാറി. ഒരു അവിശ്വസനീയ ക്യാച്ച് തന്നെയായിരുന്നു സൂര്യകുമാർ മത്സരത്തിൽ സ്വന്തമാക്കിയത്. പാണ്ഡ്യ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്ത് ഒരു ഫുൾ ടോസ് ആയിരുന്നു. ഈ പന്തിൽ ലോങ്ങ്‌ ഓഫിന് മുകളിലൂടെ ഒരു വെടിക്കെട്ട് സിക്സർ നേടാനാണ് മില്ലർ ശ്രമിച്ചത്. ഇതേ സമയം ലോങ് ഓഫിൽ ഉണ്ടായിരുന്ന സൂര്യകുമാർ യാദവ് കൃത്യമായ രീതിയിൽ പന്ത് കൈപ്പിടിയിൽ ഒതുക്കി. പക്ഷേ തന്റെ ബാലൻസ് നഷ്ടമാവുന്നു എന്ന് തോന്നിയ സൂര്യ പന്ത് വായുവിലേക്ക് എറിയുകയുണ്ടായി.

ശേഷം ബൗണ്ടറി ലൈനപ്പുറം ചാടി, തന്റെ ബാലൻസ് വീണ്ടെടുത്ത ശേഷം സൂര്യകുമാർ യാദവ് മുൻപിലേക്ക് വരികയും ക്യാച്ച് കൈപ്പിടിയിൽ ഒതുക്കുകയും ചെയ്തു. സമ്മർദ്ദ സാഹചര്യത്തിൽ സൂര്യ നേടിയ ഈ ക്യാച്ച് വലിയ രീതിയിൽ പ്രശംസയും പിടിച്ചു പറ്റിയിട്ടുണ്ട്. ഈ തകർപ്പൻ ക്യാച്ചിലൂടെ 17 പന്തുകളിൽ 21 റൺസ് നേടിയ മില്ലറുടെ വിക്കറ്റ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. പലരും സൂര്യയുടെ ഈ അത്ഭുത ക്യാച്ചിനെ 2007 ഫൈനലിൽ ശ്രീശാന്ത് നേടിയ ക്യാച്ചിനോടാണ് ഉപമിക്കുന്നത്. അന്ന് പാകിസ്ഥാന് വിജയിക്കാൻ 6 റൺസ് വേണ്ട സമയത്തായിരുന്നു മിസ്ബ ഒരു സ്കൂപ്പ് ഷോട്ട് കളിച്ചത്.

മിസ്ബ കളിച്ച റാമ്പ് ഷോട്ട് കൃത്യമായി മനസ്സിലാക്കിയ ശ്രീശാന്ത് മുൻപിലേക്ക് കയറി നിർണായകമായ ക്യാച്ച് സ്വന്തമാക്കുകയായിരുന്നു. ഇതേ രീതിയിൽ തന്നെ 2024 ട്വന്റി20 ലോകകപ്പിൽ സൂര്യയുടെ ഈ ക്യാച്ചും നിർണായകമായി മാറി. മത്സരത്തിൽ ബാറ്റിംഗിൽ വലിയ രീതിയിലുള്ള സംഭാവനകൾ നൽകാൻ സൂര്യകുമാറിന് സാധിച്ചിരുന്നില്ല. എന്നാൽ ഫീൽഡിങ്ങിൽ ഒരു അത്ഭുത സംഭാവന തന്നെയാണ് സൂര്യകുമാർ നൽകിയിരിക്കുന്നത്. കഴിഞ്ഞ 11 വർഷങ്ങളായി ഐസിസി കിരീടത്തിന് ശ്രമിക്കുന്ന ഇന്ത്യക്ക് വലിയ ആശ്വാസമാണ് 2024 ട്വന്റി20 ലോകകപ്പ് വിജയം.

Previous article“ഇത് കഴിഞ്ഞ 3-4 വർഷങ്ങളിലെ പ്രയത്നത്തിന്റെ വിജയം. കോഹ്ലി എന്നെ അത്ഭുതപെടുത്തുന്നു.”- രോഹിത് ശർമ..
Next articleഒടുവില്‍ രോഹിത് ശര്‍മ്മയും പ്രഖ്യാപിച്ചു. വിടപറയാന്‍ ഇതിനേക്കാള്‍ നല്ല സമയമില്ലാ.