ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സും രാജസ്ഥാന്‍ റോയല്‍സും ഏറ്റുമുട്ടും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ചാണ് ഗുജറാത്ത് ഫൈനലിലേക്ക് യോഗ്യത നേടിയത്. മറുവശത്ത് ബാംഗ്ലൂരിനെ രണ്ടാം ക്വാളിഫയറില്‍ തോല്‍പ്പിച്ചു കലാശപ്പോരാട്ടത്തിനു യോഗ്യത നേടി.
ഇപ്പോഴിതാ ഫൈനല്‍ മത്സരത്തിനു മുന്നോടിയായി ടൂര്‍ണമെന്‍റ് വിജയികളെ പ്രവചിച്ചിരിക്കുകയാണ് മുന്‍ താരം റെയ്ന. ഇത്തവണ ഗുജറാത്തിനാണ് സാധ്യത എന്നാണ് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്ന അഭിപ്രായപ്പെട്ടത്. ❝ നാലോ അഞ്ചോ ദിവസത്തെ വിശ്രമവും ഈ സീസണിലുടനീളം തുടരുന്ന ടെമ്പോയും കാരണം ഗുജറാത്ത് ടൈറ്റൻസിന് രാജസ്ഥാൻ റോയൽസിനെതിരെ ഫൈനൽ മത്സരത്തിൽ നേരിയ മുൻതൂക്കം ഉണ്ടാകുമെന്ന് ഞാൻ കരുതുന്നത്. ❞ സ്റ്റാര്‍ സ്പോര്‍ട്ട്സ് ഷോയില്‍ റെയ്ന പറഞ്ഞു.
അതേ സമയം രാജസ്ഥാനെ നിസ്സാരരായി കാണരുതെന്നും റെയ്ന മുന്നറിയിപ്പ് നല്‍കി. രാജസ്ഥാന്‍ മികച്ച ഫോമിലാണെന്നും, ജോസ് ബട്ട്‌ലർ ഈ സീസണിൽ അവസാനമായി അന്നുകൂടി വെടിപ്പൊട്ടിച്ചാല്‍, അത് ടീമിന് വലിയ ബോണസായിരിക്കും എന്നും റെയ്ന പറഞ്ഞു. അഹമ്മദാബാദിലെ പിച്ച് ബാറ്റിംഗിന് അനുകൂലമാണെന്നും താരം കൂട്ടിചേര്‍ത്തു.
ആദ്യ ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സിനെ 7 വിക്കറ്റിനു പരാജയപ്പെടുത്തിലയാണ് ഗുജറാത്ത് ടൈറ്റന്‍സ് അരങ്ങേറ്റ സീസണില്‍ തന്നെ പ്ലേയോഫില്‍ എത്തിയത്. രാജസ്ഥാന്‍ ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യം അവസാന ഓവറില്‍ ഗുജറാത്ത് മറികടന്നു. അവസാന ഓവറില്‍ വിജയിക്കാന്‍ 16 റണ്‍സ് വേണമെന്നിരിക്കെ ഹാട്രിക്ക് സിക്സ് അടിച്ചാണ് ഡേവിഡ് മില്ലര്‍, മത്സരം ഫിനിഷ് ചെയ്തത്.