മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന ഇന്ത്യൻ പ്രീമിയർ ലീഗില്‍ നിന്ന് വിരമിക്കാൻ ഒരുങ്ങുന്നു. കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പർ കിംഗ്‌സ് അദ്ദേഹത്തെ നിലനിർത്താത്തതിനെ തുടർന്ന് മെഗാ ലേലത്തിൽ അദ്ദേഹം വിൽക്കപ്പെടാതെ പോയിരുന്നു. 2020 ഓഗസ്റ്റിൽ ധോണിയോടൊപ്പം റെയ്‌നയും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു.
ദൈനിക് ജാഗരണിലെ ഒരു റിപ്പോർട്ട് പ്രകാരം സുരേഷ് റെയ്‌ന 2023 പതിപ്പിന് മുമ്പ് ഐപിഎല്ലിൽ നിന്ന് വിരമിക്കുന്ന വാർത്ത വെളിപ്പെടുത്തി. ബിസിസിഐയെയും ഉത്തർപ്രദേശ് ക്രിക്കറ്റ് അസോസിയേഷനെയും (യുപിസിഎ) ക്രിക്കറ്റ് താരം തന്റെ തീരുമാനം അറിയിച്ചിട്ടുണ്ടെന്നും അതിൽ കൂട്ടിച്ചേർത്തു. ലോകമെമ്പാടുമുള്ള ടി20 ലീഗുകളിൽ പങ്കെടുക്കാനാണ് അദ്ദേഹത്തിന്‍റെ പദ്ധതി.
“എനിക്ക് 2-3 വർഷം കൂടി ക്രിക്കറ്റ് കളിക്കണം. ഉത്തർപ്രദേശ് ടീമിന് കഴിവുള്ള ചില ക്രിക്കറ്റ് താരങ്ങളെ ലഭിച്ചിട്ടുണ്ട്, അവർ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. എനിക്ക് യുപിസിഎയിൽ നിന്ന് എൻഒസി ലഭിച്ചു, ബിസിസിഐ സെക്രട്ടറി ജയ് ഷായെയും വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയെയും അറിയിച്ചു. എന്റെ കരിയറിൽ ഉടനീളം എന്നെ പിന്തുണച്ചതിന് യുപിസിഎയ്ക്കും ബിസിസിഐയ്ക്കും ഞാൻ നന്ദി പറയുന്നു. ഇപ്പോൾ ഞാൻ ലോകമെമ്പാടുമുള്ള ടി20 ലീഗുകളിൽ കളിക്കും,” റെയ്ന പറഞ്ഞു.
ടൂർണമെന്റിലെ എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളാണ് സുരേഷ് റെയ്‌ന. ചെന്നൈ സൂപ്പര്‍ കിംഗ്സിനായും ഗുജറാത്ത് ലയൺസിനായും കളിച്ച താരം, 200 ഇന്നിംഗ്‌സുകളിൽ നിന്ന് 32.52 ശരാശരിയിലും 136.73 സ്‌ട്രൈക്ക് റേറ്റിലും 5528 റൺസ് നേടി. 25 വിക്കറ്റുകളും വീഴ്ത്തി.
ചെന്നൈ സൂപ്പര്‍ കിംഗ്സ് ജേഴ്സിയില്‍ സുരേഷ് റെയ്ന പരിശീലനം നടത്തുന്നത് ഏറെ വൈറലായിരുന്നു. അടുത്ത സീസണിൽ അദ്ദേഹം ഐപിഎല്ലിലേക്ക് മടങ്ങിയെത്തുമെന്ന് പലരും കരുതിയെങ്കിലും അങ്ങനെയല്ല.
സൗത്താഫ്രിക്കന്‍ ടി20 ലീഗിൽജോഹന്നാസ്ബർഗ് സൂപ്പർ കിംഗ്‌സ് എന്ന ഫ്രാഞ്ചൈസിയെ സിഎസ്‌കെ വാങ്ങിയിട്ടുണ്ട്, അവർ അദ്ദേഹത്തെ ടൂർണമെന്റിനായി സൈൻ ചെയ്യുമോയെന്നത് കാണാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്.