2023ലെ ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിക്കാൻ കേവലം കുറച്ചു ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. പല ടീമുകളും തങ്ങളുടെ ആദ്യ പരിശീലന സെക്ഷനും ആരംഭിച്ചിട്ടുണ്ട്. ചെന്നൈ സൂപ്പർ കിങ്സ് ടീമിനെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമായ ഒരു സീസൺ തന്നെയാണ് 2023. തങ്ങളുടെ എക്കാലത്തെയും ഐക്കൺ താരമായ മഹേന്ദ്ര സിംഗ് ധോണി ഇത്തവണത്തെ ഐപിഎല്ലോടുകൂടി തന്റെ കരിയർ അവസാനിപ്പിക്കാൻ സാധ്യതകൾ ഏറെയാണ്. ഈ അവസരത്തിൽ ചെന്നൈക്കായി പുതിയ ക്യാപ്റ്റനെ നിർദ്ദേശിക്കുകയാണ് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന.
ധോണിക്ക് ശേഷം ചെന്നൈയുടെ ക്യാപ്റ്റനായി ഋതുരാജ് ഗൈക്കുവാഡ് വരണം എന്നാണ് സുരേഷ് റെയ്‌ന ആഗ്രഹിക്കുന്നത്. “ഋതുരാജ് ധോണിയ്ക്ക് ശേഷം ചെന്നൈയുടെ ക്യാപ്റ്റനായി വരണം എന്നാണ് എന്റെ ആഗ്രഹം. മഹി ഭായ് ബുദ്ധിമാനായ ഒരു ക്രിക്കറ്ററാണ്. അദ്ദേഹം ചെന്നൈ കളിക്കാർകൊപ്പം തന്നെ വേണം. റുതുരാജ് കഴിഞ്ഞ സമയങ്ങളിൽ വളരെ മികച്ച രീതിയിലുള്ള പ്രകടനങ്ങൾ കാഴ്ചവച്ചിരുന്നു. അതിനാൽ തന്നെ ഇനിയുള്ള വർഷങ്ങളിലും ചെന്നൈക്കായും ഇന്ത്യക്കായും അയാൾ മികച്ച പ്രകടനം നടത്തുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.”- സുരേഷ് പറയുന്നു.
ഐപിഎല്ലിന്റെ 2020ലെ സീസണിലാണ് ഋതുരാജ് ചെന്നൈ സൂപ്പർ കിംഗ്സിനായി തന്റെ ആദ്യ മത്സരം കളിച്ചത്. ശേഷം 2021 ലെ സീസണിൽ കൃത്യമായ ആധിപത്യം സ്ഥാപിക്കാൻ ഋതുരാജിന് സാധിച്ചിരുന്നു. പ്രസ്തുത സീസണിലെ ഓറഞ്ച് ക്യാപ്പ് വിജയി ഋതുരാജ് ഗൈക്കുവാഡ് തന്നെയായിരുന്നു. 2021ലെ ഐപിഎൽ സീസണിൽ 16 മത്സരങ്ങൾ കളിച്ച ഋതുരാജ് 635 റൺസായിരുന്നു നേടിയത്. സീസണിൽ 4 അർത്ഥസെഞ്ച്വറികളും ഒരു സെഞ്ചുറിയും ഋതുരാജ് തന്റെ പേരിൽ ചേർത്തിരുന്നു.
മറുവശത്ത് ചെന്നൈയെ സംബന്ധിച്ച് വലിയൊരു തിരിച്ചടി തന്നെയാണ് എംഎസ് ധോണിയുടെ പടിയിറങ്ങൽ. 2008ലെ സീസൺ മുതൽ ചെന്നൈയെ നയിച്ച നായകനാണ് എംഎസ് ധോണി. ചെന്നൈക്കായി ഒരുപാട് നേട്ടങ്ങളും ധോണി കൊയ്തിട്ടുണ്ട്. അതിനാൽതന്നെ ധോണിയ്ക്ക് പകരക്കാരനെ നിയമിക്കുക എന്നത് ചെന്നൈയെ സംബന്ധിച്ച് ശ്രമകരമായ ദൗത്യമാണ്.