അവന് പേടിയില്ലാ. അവന്‍ സൈനിക കുടുംബത്തില്‍ നിന്നാണ്. ജൂരലിന് പ്രശംസയുമായി സുരേഷ് റെയ്ന

ഇംഗ്ലണ്ടിനെതിരെയുള്ള നാലാം ടെസ്റ്റില്‍ തകര്‍പ്പന്‍ പ്രകടനമാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജൂറല്‍ പുറത്തെടുത്തത്. മത്സരത്തില്‍ ബാറ്റുകൊണ്ടും കീപ്പിങ്ങിലും തിളങ്ങിയ താരം മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മൂന്നാം ദിനം ജൂരലിന്‍റെ 90 റണ്‍സ് ഇന്ത്യയെ വമ്പന്‍ ലീഡ് വഴങ്ങുന്നതില്‍ നിന്നും രക്ഷപ്പെടുത്തിയിരുന്നു.

പിന്നാലെ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സില്‍ 40 റണ്‍സ് നേടി ജൂരല്‍ ഇന്ത്യയെ വിജയത്തില്‍ എത്തിച്ചിരുന്നു. ഇപ്പോഴിതാ താരത്തിനു പ്രശംസയുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്ന.

“അവന്‍ അതിശയകരമായ താരമാണ്. ഉത്തർപ്രദേശിന് വേണ്ടി ഞാൻ അവനോടൊപ്പം രണ്ട് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ആദ്യം സർഫറാസിനും ധ്രുവ് ജൂറലിനും അവസരം നൽകിയ രോഹിത് ശർമ്മയ്ക്ക് പ്രത്യേക ക്രെഡിറ്റ്. ടെസ്റ്റ് ക്രിക്കറ്റിലേക്ക് വന്ന് തുടര്‍ച്ചയായി അർദ്ധ സെഞ്ച്വറി എന്നത് എളുപ്പമുള്ള കാര്യമല്ല. , പ്രത്യേകിച്ച് ഒരു നിർണായക ടെസ്റ്റ് മത്സരത്തിൽ ടേണിങ്ങ് പിച്ചില്‍” സുരേഷ് റെയ്‌ന പിടിഐയോട് പറഞ്ഞു.

ജൂറലിന്‍റെ വിക്കറ്റ് കീപ്പിങ്ങിനെ പ്രശംസിക്കാനും സുരേഷ് റെയ്ന മറന്നില്ലാ. “അവൻ്റെ വിക്കറ്റ് കീപ്പിംഗ് ഇഷ്ടമായി. അവൻ ശരിക്കും കഠിനാധ്വാനം ചെയ്തട്ടുണ്ട്. അവൻ ഒരു സൈനിക കുടുംബത്തിൽ നിന്നാണ് വരുന്നത്, അതിനാൽ ഒന്നും നഷ്ടപ്പെടാൻ ആഗ്രഹിക്കാത്ത നിർഭയമായ മനോഭാവമാണ് അവനുള്ളത്,” അദ്ദേഹം കൂട്ടിച്ചേർത്തു.