2023 സീസണിലെ ഇന്ത്യൻ പ്രീമിയർ ലീഗിന് തുടക്കം കുറിച്ചിരിക്കുകയാണ്. മലയാളി താരം സഞ്ജു സാംസൺ നായകനായുള്ള രാജസ്ഥാൻ ടീമിന്റെ ആദ്യ മത്സരം ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ നടക്കുകയാണ്. കഴിഞ്ഞ സീസണിൽ മികവാർന്ന പ്രകടനം പുറത്തെടുത്ത രാജസ്ഥാനെ സംബന്ധിച്ച് മറ്റൊരു നിർണായക സീസണാണ് വന്നെത്തിയിരിക്കുന്നത്. ബാറ്റിങ്ങിലും ബോളിങ്ങിലും കൃത്യമായി കരുത്തുള്ള രാജസ്ഥാൻ ഏത് വിധേനയും ഇത്തവണ കപ്പുയർത്താൻ തന്നെയാണ് ശ്രമിക്കുന്നത്. ആദ്യ മത്സരത്തിൽ ഹൈദരാബാദിനെ നേരിടുമ്പോൾ രാജസ്ഥാന്റെ സാധ്യത ഇലവൻ പരിശോധിക്കാം.
രാജസ്ഥാനായി ജോസ് ബട്ലറും ജെയസ്വാളും തന്നെ ഓപ്പണിങ് ഇറങ്ങാനാണ് സാധ്യത. ഒപ്പം മൂന്നാമനായി ദേവദത്ത് പടിക്കൽ ക്രീസിലെത്തും. നാലാമനായി നായകൻ സഞ്ജു സാംസൺ ഇറങ്ങും. ഈ മുൻനിരയാണ് കഴിഞ്ഞവർഷവും രാജസ്ഥാനെ മികച്ച പൊസിഷനിൽ എത്തിച്ചത്. അഞ്ചാമതായി ഇന്ത്യൻ യുവതാരം റിയാൻ പരാഗും ആറാമനായി വെസ്റ്റിൻഡീസ് വെടിക്കെട്ട് താരം ഹെറ്റ്മെയറും ഇറങ്ങാനാണ് സാധ്യത. ഒപ്പം ജയ്സൺ ഹോൾഡർ, രവിചന്ദ്രൻ അശ്വിൻ എന്നിവർ അടുത്ത സ്ഥാനങ്ങളിൽ ബാറ്റ് ചെയ്യും.
ബോളിങ്ങിൽ ഒരുപാട് ഓപ്ഷനുകളുള്ള ടീമാണ് രാജസ്ഥാൻ റോയൽസ്. പ്രസീദ് കൃഷ്ണയ്ക്ക് പരിക്ക് പറ്റിയെങ്കിലും അതിനെ മറികടക്കാനാവുന്ന ലൈനപ്പ് രാജസ്ഥാനുണ്ട്. നിലവിൽ സ്പിന്‍ ഡിപ്പാർട്ട്മെന്റിൽ രവിചന്ദ്രൻ അശ്വിനും ചഹലും തന്നെയാണ് ഇലവനിൽ സ്ഥാനം പിടിക്കാൻ സാധ്യതയുള്ള ക്രിക്കറ്റർമാർ. പേസ് ബോളിഗ് ഡിപ്പാർട്ട്മെന്റിൽ ട്രെൻഡ് ബോൾട്ട് രാജസ്ഥാന്റെ നിര്‍ണായക താരമാവുു. ഒപ്പം ഇന്ത്യൻ യുവതാരം കുൽദീപ് സെൻ, ജയ്സൺ ഹോൾഡർ എന്നിവരും ഫാസ്റ്റ് ബോളിങ്ങിൽ രാജസ്ഥാന്റെ പ്രതീക്ഷകളാണ്.
ഉച്ചകഴിഞ്ഞ് 3.30നാണ് മത്സരം നടക്കുന്നത്. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം ജിയോ സിനിമയിൽ ലൈവായി കാണാൻ സാധിക്കും. ഒപ്പം സ്റ്റാർ സ്പോർട്സും ഐപിഎല്ലിന്റെ സംപ്രേക്ഷണാവകാശം കയ്യടക്കിയിട്ടുണ്ട്. എന്തായാലും ശക്തമായ രണ്ട് ടീമുകൾ പോരാടുമ്പോൾ തീപാറും എന്ന് ഉറപ്പാണ്.