ഇത്തവണത്തെ ഐപിഎല്ലിൽ തങ്ങളെ നയിക്കുന്ന പുതിയ നായകനെ പ്രഖ്യാപിച്ച് സൺറൈസേഴ്സ് ഹൈദരാബാദ്. തങ്ങളുടെ പുതിയ നായകനായി നിയമിച്ചിരിക്കുന്നത് സൗത്താഫ്രിക്കൻ താരം ഐഡൻ മാർക്രത്തെയാണ്. നായകനായിരുന്ന ന്യൂസിലാൻഡ് താരം കെയ്ൻ വില്യംസണെ തങ്ങളുടെ ടീമിൽ നിന്നും ഹൈദരാബാദ് ഒഴിവാക്കിയിരുന്നു.
ടീമിൻ്റെ വൈസ് ക്യാപ്റ്റൻ ഇന്ത്യൻ പേസർ ഭുവനേശ്വർ കുമാറാണ്. എല്ലാവരും പ്രതീക്ഷിച്ചിരുന്നത് ഭുവനേശ്വർ കുമാറിനെ നായകനാക്കുമെന്നായിരുന്നു. എന്നാൽ മാർക്രത്തെ നായകനായി ടീം മാനേജ്മെൻ്റ് തിരഞ്ഞെടുക്കുകയായിരുന്നു. സൺറൈസേഴ്സ് ഹൈദരാബാദ് വിദേശ നായകന്മാരിൽ വിശ്വാസം നൽകിയ ടീമുകളിൽ ഒന്നാണ്. ഡേവിഡ് വാർണർ കുമാർ,സംഗക്കാര എന്നീ ഇതിഹാസ താരങ്ങൾ സൺറൈസേഴ്സ് ഹൈദരാബാദിനെ നയിച്ചിട്ടുണ്ട്.
അവരുടെ കീഴിൽ എല്ലാം മികച്ച പ്രകടനമായിരുന്നു ഹൈദരാബാദ് കാഴ്ചവച്ചത്. ആ വിശ്വാസം തന്നെയാണ് പുതിയ ഒരു വിദേശ നായകനെ തിരഞ്ഞെടുക്കുവാൻ ഹൈദരാബാദിനെ പ്രേരിപ്പിച്ചത്. സൗത്ത് ആഫ്രിക്കൻ ട്വൻ്റി ട്വൻ്റി ലീഗിൽ സൺറൈസേഴ്സ് കേപ്പ് ടൗണിന്റെ നായകനായിരുന്നു മാർക്രം. പ്രഥമ സീസണിൽ തന്നെ ടീമിനെ ചാമ്പ്യന്മാർ ആക്കുവാൻ മാർക്രത്തിന് സാധിച്ചിരുന്നു.
അണ്ടർ 19 ലോകകപ്പ് സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി നേടിക്കൊടുത്ത നായകൻ കൂടിയാണ് മാർക്രം. അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷയാണ് പുതിയ നായകന് കീഴിൽ ഹൈദരാബാദിനുള്ളത്. കഴിഞ്ഞ ഐപിഎൽ സീസണിൽ 14 മത്സരങ്ങളിൽ നിന്നും 47.63 ശരാശരിയിൽ 381 റൺസാണ് 140ന് അടുത്ത് സ്ട്രൈക്ക് റേറ്റിൽ താരം നേടിയത്.