കഴിഞ്ഞ ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയ്ക്കായി വളരെ മോശം ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത നായകൻ രോഹിത് ശർമയ്ക്ക് ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ താരം സുനിൽ ഗവാസ്കർ. മത്സരങ്ങളിൽ രോഹിത്തിന്റെ ശരീരചലനങ്ങൾ മെച്ചപ്പെടുത്തേണ്ടതുണ്ട് എന്നാണ് സുനിൽ ഗവാസ്കർ പറയുന്നത്.
ക്രീസിലെത്തിയ ശേഷം രോഹിത് അല്പസമയം ഓടുകയും പരിശീലനം നടത്തുകയും ചെയ്യണമെന്ന് സുനിൽ ഗവാസ്കർ പറയുന്നു. അതിലൂടെ തന്റെ ശരീരചലനങ്ങൾ സുഗമമാക്കാൻ രോഹിത്തിന് സാധിക്കും എന്നാണ് ഗവാസ്കറുടെ പക്ഷം. ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ മോശം പ്രകടനമായിരുന്നു രോഹിത് കാഴ്ചവച്ചത്. ഇതിന് ശേഷമാണ് ഗവാസ്കർ രംഗത്ത് എത്തിയത്.
രോഹിത് ശർമ തന്റെ ശരീര ചലനങ്ങൾ വളരെ പതിയെയാണ് തുടങ്ങുന്നത് എന്ന് സുനിൽ ഗവാസ്കർ ചൂണ്ടിക്കാട്ടുന്നു. ഇത് രോഹിത്തിന്റെ മോശം പ്രകടനത്തിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട് എന്നാണ് ഗവാസ്കർ പറയുന്നത്. “രോഹിത് ശർമയുടെ ശരീരം നന്നായി ചലിക്കുന്നുണ്ട് എന്നെനിക്ക് തോന്നുന്നില്ല. അതിനാൽ ക്രീസിലെത്തിയ ഉടൻ തന്നെ രോഹിത് ശർമ അല്പം പരിശീലനങ്ങൾ നടത്തേണ്ടതുണ്ട്. അങ്ങനെയെങ്കിൽ കാലുകളിലും മറ്റും കൃത്യമായ ചലനങ്ങൾ സൃഷ്ടിക്കാനും മത്സരത്തോട് പെട്ടെന്ന് പൊരുത്തപ്പെടാനും സാധിക്കും.”- ഗവാസ്കർ പറഞ്ഞു.
“കാലിന്റെ ചലനങ്ങൾ പരിശോധിക്കുകയാണെങ്കിൽ, രോഹിത് ശർമ ഒരു പതിയെ ആരംഭിക്കുന്ന താരമാണ്. ഇത് രോഹിത്തിന് സമീപകാലത്തെ പ്രശ്നം മാത്രമല്ല. നമുക്ക് എത്ര പ്രായമേറുന്നോ, അതിനനുസരിച്ച് ഇത്തരം പ്രശ്നങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കും.”- ഗവാസ്കർ കൂട്ടിച്ചേർക്കുന്നു. ഇക്കാരണത്താൽ രോഹിത് ക്രീസിലെത്തിയ ഉടൻ തന്നെ അല്പസമയം ഓടേണ്ടതുണ്ട് എന്നാണ് ഗവാസ്കർ പറയുന്നത്. മാത്രമല്ല ആദ്യ പന്ത് നേരിടുന്നതിനു മുൻപ് തന്നെ രോഹിത് അല്പം ജോഗിംഗ് നടത്തണമെന്നും ഗവാസ്കർ കൂട്ടിച്ചേർത്തു.
അതേസമയം ഒരു വമ്പൻ തിരിച്ചുവരവ് നടത്തിയാണ് രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഓസ്ട്രേലിയ വിജയം കണ്ടത്. ആദ്യ ടെസ്റ്റ് മത്സരത്തിൽ 295 റൺസിന്റെ കനത്ത പരാജയം നേരിട്ട ഓസ്ട്രേലിയൻ ടീം ശക്തമായ പ്രകടനത്തോടെ രണ്ടാം ടെസ്റ്റ് മത്സരത്തിൽ തിരിച്ചുവരികയായിരുന്നു. കൃത്യമായി ബാറ്റിങ്ങിലും ബോളിങ്ങിലും ഇന്ത്യക്കുമേൽ ആധിപത്യം സ്ഥാപിച്ചാണ് ഓസ്ട്രേലിയയുടെ വിജയം. ഈ വിജയത്തോടെ പരമ്പര 1-1 എന്ന നിലയിൽ എത്തിക്കാൻ ഓസ്ട്രേലിയയ്ക്ക് സാധിച്ചിട്ടുണ്ട്. വരാനിരിക്കുന്ന മൂന്ന് ടെസ്റ്റ് പരമ്പരകളും ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമാണ്.