വരാനിരിക്കുന്ന വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസണെ ഉൾപ്പെടുത്തിയതിന് സെലക്ടർമാരെ സുനിൽ ഗവാസ്‌കർ അഭിനന്ദിച്ചു. രണ്ട് ടെസ്റ്റുകളുടങ്ങുന്ന പരമ്പരയിലും സഞ്ചു സാംസണ്‍ ഭാഗമാകേണ്ടിയിരുന്നു എന്ന് ഗവാസ്കര്‍ പറഞ്ഞു. അതുപോലെ, ഇന്ത്യൻ പ്രീമിയർ ലീഗ് സീസൺ മികച്ചതായിട്ടും ഇന്ത്യയുടെ ഏകദിന ടീമിൽ യശസ്വി ജയ്‌സ്വാളിന്റെ അഭാവത്തിൽ ഗവാസ്‌കർ ആശ്ചര്യപ്പെട്ടു.
“സഞ്ജു സാംസണെ ഏകദിന ടീമിൽ കാണുന്നത് വളരെ സന്തോഷകരമാണ്, അവന്‍ ഒരു വലിയ പ്രതിഭയാണ്, ഒരുപക്ഷേ അദ്ദേഹത്തിന് ടെസ്റ്റ് ടീമിലും ഉണ്ടാകാമായിരുന്നു. അവസരങ്ങൾ അവിടെ നഷ്‌ടമായി, അതുപോലെ, വൈറ്റ് ബോൾ ക്രിക്കറ്റില്‍ യശസ്വി ജയ്‌സ്വാൾ ടീമിലില്ല ”
2023ലെ ഐപിഎല്ലിൽ മൂന്ന് അർധസെഞ്ചുറികൾ ഉൾപ്പെടെ 153.39 സ്‌ട്രൈക്ക് റേറ്റിൽ 14 കളികളിൽ നിന്ന് 362 റൺസാണ് സഞ്ചു സാംസൺ നേടിയത്. താന്‍ കളിച്ച 11 ഏകദിനങ്ങളിൽ 66 റണ്‍സ് ശരാശരിയില്‍ 330 റൺസാണ് സഞ്ചുവിന്‍റെ സമ്പാദ്യം.
ടീം ഇന്ത്യയ്ക്കായി മൂന്ന് ഫോർമാറ്റുകളും കളിക്കാൻ ഇടങ്കയ്യൻ പേസർ അർഷ്ദീപ് സിംഗിനെ പിന്തുണച്ചിരിക്കുകയാണ് സുനിൽ ഗവാസ്കർ. ഈ മാസമാദ്യം സറേയ്‌ക്കെതിരെ നാല് വിക്കറ്റ് വീഴ്ത്തി കെന്റിനായുള്ള കൗണ്ടി അരങ്ങേറ്റം നടത്തിയ പ്രകടനത്തിന് യുവതാരത്തെ അദ്ദേഹം പ്രശംസിച്ചു.
“അവനാണ് ഭാവി. ഈ ഐപിഎല്ലിൽ അവൻ കുറച്ച് റൺസ് വഴങ്ങിയെന്ന് എനിക്കറിയാം, പക്ഷേ അവനാണ് ഭാവി. ഞാൻ എല്ലാ ഫോർമാറ്റുകളെക്കുറിച്ചും സംസാരിക്കുകയാണ്. കൗണ്ടി ക്രിക്കറ്റിൽ ഇംഗ്ലണ്ടിൽ അൽപ്പം നന്നായി കളിക്കാൻ അവന്‍ തുടങ്ങിക്കഴിഞ്ഞു.”
ട്വന്റി20 ടീമിൽ സ്ഥിരം അംഗമായിരുന്ന അർഷ്ദീപ് സിംഗിനെ വിന്‍ഡീസിനെതിരെയുള്ള ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന ടീമുകളിൽ ഉൾപ്പെടുത്തിയിട്ടില്ല.