പാക്കിസ്ഥാനിൽ ഹർദിക് പാണ്ഡ്യ പോലൊരു താരം ഉണ്ടായിട്ടും അവർ അവനെ ഉപയോഗിക്കുന്നില്ല; ഗവാസ്കർ

ഇത്തവണത്തെ ലോകകപ്പിന് ഏറെ പ്രതീക്ഷകളോടെയാണ് പാക്കിസ്ഥാൻ വന്നത്. എന്നാൽ പ്രതീക്ഷകളെല്ലാം തെറ്റി സെമി സാധ്യതകൾ എല്ലാം ആയിരിക്കുകയാണ്. ലോകകപ്പിലെ ആദ്യ രണ്ടു കളികളും തോറ്റതാണ് പാക്കിസ്ഥാന് വിനയായത്. ആദ്യ മത്സരത്തിൽ ഇന്ത്യയോടും രണ്ടാം മത്സരത്തിൽ സിംബാബവെയോടും ആണ് പാകിസ്ഥാൻ പരാജയപ്പെട്ടത്.

ലോകകപ്പിലെ പാക്കിസ്ഥാന്റെ ഭാവി ഇനി ബാക്കിയുള്ള ടീമുകളുടെ പ്രകടനം അടിസ്ഥാനമാക്കിയിരിക്കും. ഇപ്പോഴിതാ പാക്കിസ്ഥാനെ നിർത്തി പൊരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ. മുഹമ്മദ് വസീം ജൂനിയറെ മത്സരത്തിൽ പാക്കിസ്ഥാൻ കളിപ്പിക്കേണ്ടത് ആയിരുന്നു എന്നാണ് ഗവാസ്ക്കർ പറഞ്ഞത്. വസീം ഇന്ത്യൻ ടീമിൻ്റെ നെടും തൂണായ ഹർദിക് പാണ്ഡ്യ പോലൊരു താരം ആണെന്നാണ് ഗാവസ്കർ വാദിക്കുന്നത്.“പാകിസ്ഥാന് സ്ഥായിയായ മധ്യനിരയില്ല. മുമ്പ് ഫഖര്‍ സമാനായിരുന്നു മൂന്ന്, നാല് നമ്പറുകളില്‍ കളിച്ചിരുന്നത്. ഇപ്പോള്‍ സ്‌ക്വാഡിലുണ്ടെങ്കിലും പ്ലേയിംഗ് ഇലവനിലില്ല. പാകിസ്ഥാന്‍റെ ടീം സെലക്ഷന്‍ മോശമാണ്. സിംബാബ്‌വെക്കെതിരെ മുഹമ്മദ് വസീം മികച്ച രീതിയില്‍ പന്തെറിഞ്ഞതും ഷോട്ടുകള്‍ കളിച്ചതും കണ്ടതാണ്. അദേഹത്തിന് പ്രതിഭയുണ്ട്. ഹാര്‍ദിക് പാണ്ഡ്യയെ പോലൊരു താരമാണ്. വസീമിനെ ഇന്ത്യക്കെതിരെ കളിപ്പിച്ചില്ല.

സിഡ്‌നിയില്‍ രണ്ട് സ്‌പിന്നര്‍മാരുമായാണ് കളിച്ചത് എന്നത് അംഗീകരിക്കാം. പക്ഷേ മറ്റ് വേദികളില്‍ 3-4 ഓവറുകള്‍ എറിയാന്‍ കഴിയുകയും അവസാന ഓവറുകളില്‍ 30 റണ്‍സ് നേടാനാവുകയും ചെയ്യുന്നൊരു താരം ടീമില്‍ വേണം.”- ഗാവസ്കർ പറഞ്ഞു. നിലവിൽ പോയിൻ്റുകൾ ഒന്നുമില്ലാതെ ഗ്രൂപ്പ് രണ്ടിൽ അഞ്ചാം സ്ഥാനത്താണ് പാകിസ്ഥാൻ.