ഈ വർഷം ഒക്ടോബറിൽ ഓസ്ട്രേലിയയിൽ വച്ചാണ് ട്വൻറി20 ലോകകപ്പ് നടക്കുന്നത്. കഴിഞ്ഞ തവണ വളരെ ദയനീയമായ പ്രകടനം കാഴ്ചവച്ച ഇന്ത്യ ഇത്തവണ കപ്പ് നേടുന്ന ലക്ഷ്യത്തോടെ തന്നെയായിരിക്കും കളിക്കാനിറങ്ങുന്നത്. കഴിഞ്ഞതവണ ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ പുറത്തായിരുന്നു.
ഇത്തവണത്തെ ഐപിഎൽ അവസാനിച്ചതോടെ ഇന്ത്യയുടെ ലോകകപ്പിൽ ടീമിൽ ആരൊക്കെ ഉണ്ടാകും എന്നത് വലിയ ചർച്ചയായി മാറി കൊണ്ടിരിക്കുകയാണ്. എന്നാൽ ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് നിരവധി പരമ്പരകൾ കളിക്കാൻ ഉള്ളതിനാൽ ലോകകപ്പ് ടീമിൽ സ്ഥാനം നേടുന്നവരെ ഇപ്പോൾ തന്നെ പ്രവചിക്കാൻ സാധിക്കില്ല. ഐപിഎല്ലിൽ മോശം പ്രകടനം കാഴ്ചവച്ച രോഹിത് ശർമയും വിരാട് കോഹ്‌ലിയും ലോകകപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കും എന്ന വിശ്വാസത്തിലാണ് ക്രിക്കറ്റ് ആരാധകർ.
ഇപ്പോഴിതാ ട്വൻറി20 ലോകകപ്പ് ടീം തിരഞ്ഞെടുക്കുന്നതിനു മുമ്പ് തൻ്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുനിൽ ഗവാസ്കർ. ട്വൻറി 20 ഡെത്ത് ഓവറുകളിൽ പന്ത്- പാണ്ഡ്യ സഖ്യത്തിൻ്റെ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അഭിപ്രായവുമായാണ് താരം എത്തിയത്. ഈ സഖ്യം ഇന്ത്യയുടെ എക്സ് ഫാക്ടർ ആണെന്നും, അവർ ഒന്നിച്ചാൽ എന്തൊക്കെയാണ് സംഭവിക്കുക എന്നത് കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് എന്ന് ഗവാസ്ക്കർ പറഞ്ഞു.
“ഋഷഭ് പന്തിനെ 5-ാം നമ്പറിലോ 6-ാം നമ്പറിലോ കളിപ്പിക്കാനാകും ഇന്ത്യ ആലോചിക്കുന്നത്. ഒന്നു ചിന്തിച്ചുനോക്കൂ. ടീം ഇന്ത്യയ്ക്കായി 5-ാം നമ്പറിലും 6-ാം നമ്പറിലും ഹാർദിക് പാണ്ഡ്യയും ഋഷഭ് ചന്തും ഒന്നിച്ചു ബാറ്റു ചെയ്യുന്നു. കുറച്ച് ഓവറുകൾ ഇരുവർക്കും സ്ട്രൈക്ക് മാറി കളിക്കാം. പക്ഷേ, 14 മുതൽ 20 വരെയുള്ള ഓവറുകളിൽ സ്ഫോടനാത്മകമായ ഒരു കൂട്ടുകെട്ടായിരിക്കും അത്.
ആ 6 ഓവറിൽ ഇന്ത്യയ്ക്ക് 100-120 റൺസ് വരെ പ്രതീക്ഷിക്കാം.”-ഗവാസ്ക്കർ പറഞ്ഞു.