വനിതാ പ്രീമിയർ ലീഗിലെ യുപിയുടെ ഡൽഹിക്കെതിരായ മത്സരത്തിനിടെ ഒരു വണ്ടർ ക്യാച്ച് സ്വന്തമാക്കി ഡൽഹി താരം രാധാ യാദവ്. മത്സരത്തിൽ യുപി ബാറ്റർ ദീപ്തി ശമയെ പുറത്താക്കാനാണ് രാധ ഈ തകർപ്പൻ ക്യാച്ച് സ്വന്തമാക്കിയത്. മത്സരത്തിൽ വലിയ വഴിത്തിരിവ് തന്നെയാണ് ഈ ക്യാച്ച് സൃഷ്ടിച്ചിരിക്കുന്നത്. ഇതോടെ 20 പന്തുകളിൽ 12 റൺസ് നേടിയ ദീപ്തി ശർമ കൂടാരം കയറിയിട്ടുണ്ട്.
മത്സരത്തിൽ യുപി ഇന്നിങ്സിലെ 11ആം ഓവറിലാണ് ഈ സംഭവം അരങ്ങേറിയത്. ശിഖാ പാണ്ടെയായിരുന്നു പതിനൊന്നാം ഓവർ എറിഞ്ഞത്. ശിഖ എറിഞ്ഞ ആദ്യ പന്ത് ലോങ്ങ് ഓണിന് മുകളിലൂടെ അടിച്ചകറ്റാൻ ദീപ്തി ശർമ്മ ശ്രമിച്ചു. എന്നാൽ ഒരു മിസ് ഹിറ്റായ ഷോട്ട് ലോങ്ങ് ഓൺ വരെ എത്തിയില്ല. പക്ഷേ ഫീൽഡർ രാധാ യാദവ് ലോങ് ഓണിൽ നിന്ന് മുൻപിലേക്ക് ഓടിയടുക്കുകയും, ഒരു കിടിലൻ ഡൈവിലൂടെ ക്യാച്ച് കൈപ്പിടിയിൽ ഒതുക്കുകയും ചെയ്തു. ഇതുവരെയുള്ള വനിതാ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ക്യാച്ചുകളിൽ ഒന്നാണ് ഇത്.
മത്സരത്തിലേക്ക് കടന്നുചെന്നാൽ ടോസ് നേടിയ യുപി ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ തുടക്കത്തിൽ തന്നെ യുപി ബോളർമാരെ സമ്മർദ്ദത്തിലാക്കാൻ ഡൽഹിയുടെ ഓപ്പണർമാർക്ക് സാധിച്ചു. ഡൽഹി നായിക മെഗ് ലാനിങ് ആയിരുന്നു മത്സരത്തിലുടനീളം നിറഞ്ഞടിയത്. 42 പന്തുകളിൽ 70 റൺസ് നേടി ലാനിംഗ് ഡൽഹി ഇന്നിംഗ്സിന്റെ നെടുംതൂണായി. അങ്ങനെ നിശ്ചിത 20 ഓവറുകളിൽ 211 എന്ന വമ്പൻ സ്കോർ നേടാൻ ഡൽഹിക്ക് സാധിച്ചു.
മറുപടി ബാറ്റിംഗിൽ ഡൽഹിയുടെ വമ്പൻ സ്കോറിനെതിരെ കടപുഴകി വീഴുന്ന യുപി യെയാണ് കാണാൻ സാധിച്ചത്. യുപി ബാറ്റർമാർ പലപ്പോഴും സ്കോർ റേറ്റ് ഉയർത്തുന്നതിനിടെ കൂടാരം കയറുകയുണ്ടായി. ഈ സമയത്തായിരുന്നു രാധാ യാദവിന്റെ ഈ കിടിലൻ ക്യാച്ച് പിറന്നത്. എന്തായാലും മത്സര ഫലത്തെ വളരെയധികം ഈ ക്യാച്ച് ബാധിക്കും എന്നത് ഉറപ്പാണ്. വരുന്ന മത്സരങ്ങളിലും ഇത്തരം തകർപ്പൻ ക്യാച്ചുകൾ ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്