ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ വിജയവുമായി പഞ്ചാബ്. പഞ്ചാബ് ഉയര്‍ത്തിയ 215 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് നിശ്ചിത 20 ഓവറില്‍ 201 റണ്‍സില്‍ എത്താനാണ് സാധിച്ചത്. 13 റണ്‍സിന്‍റെ വിജയമാണ് പഞ്ചാബ് നേടിയത്. അര്‍ഷദീപ് സിങ്ങിന്‍റെ തകര്‍പ്പന്‍ ഡെത്ത് ഓവര്‍ ബൗളിംഗാണ് പഞ്ചാബിന് വിജയമൊരുക്കിയത്.
അവസാന ഓവറില്‍ വിജയിക്കാന്‍ 16 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ആദ്യ രണ്ട് പന്തില്‍ 1 റണ്‍ മാത്രമാണ് അര്‍ഷദീപ് വഴങ്ങിയത്. മൂന്നാം പന്തിലും നാലാം പന്തിലും തിലക് വര്‍മയും (3) നേഹല്‍ വദേരയേയും (0) പുറത്താക്കി അര്‍ഷദീപ് പഞ്ചാബിന് മേല്‍കൈ നല്‍കി.
ബൗള്‍ഡായാണ് ഇരുവരും പുറത്തായത്. ഇരുവരുടേയും സ്റ്റംപ് ഒടിച്ചാണ് അര്‍ഷദീപ് ഇവരെ യാത്രയാക്കിയത്. അവസാന പന്തിലാണ് അര്‍ഷദീപ് പിന്നീട് 1 റണ്‍ വഴങ്ങിയത്. 16 റണ്‍സ് വേണ്ടപ്പോള്‍ വെറും 2 റണ്‍സ് മാത്രം വഴങ്ങിയ അര്‍ഷദീപ് പഞ്ചാബിന് വിജയം സമ്മാനിച്ചു.
4 ഓവറില്‍ 29 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റാണ് അര്‍ഷദീപ് പിഴുതത്. 7 മത്സരങ്ങളില്‍ നിന്നും 13 വിക്കറ്റുമായി അര്‍ഷദീപ് സിങ്ങാണ് ഇപ്പോള്‍ പര്‍പ്പിള്‍ ക്യാപ് ഹോള്‍ഡര്‍.