“ടീം മീറ്റിങ്ങിലെ തന്ത്രങ്ങൾ വിജയം കണ്ടു”, മത്സരശേഷം സൂര്യകുമാർ യാദവിന്റെ വാക്കുകൾ.

hardik pandya and nithish reddy

ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ ഒരു തകർപ്പൻ വിജയം തന്നെയാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ 7 വിക്കറ്റുകൾക്ക് ബംഗ്ലാദേശ് ടീമിനെ അടിച്ചൊതുക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ ഇന്ത്യൻ ബോളർമാർ കേവലം 127 റൺസിന് പുറത്താക്കുകയായിരുന്നു.

അർഷദ്ദീപ് സിംഗും വരുൺ ചക്രവർത്തിയും ഇന്ത്യക്കായി 3 വിക്കറ്റുകൾ വീതം സ്വന്തമാക്കി. മറുപടി ബാറ്റിംഗിൽ ഇന്ത്യക്കായി ഹർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ എന്നിവർ മികച്ച പ്രകടനങ്ങൾ പുറത്തെടുത്തു. ഇതോടെ ഇന്ത്യ അനായാസ വിജയവും സ്വന്തമാക്കി. മത്സരത്തിലെ വിജയത്തെ പറ്റി നായകൻ സൂര്യകുമാർ യാദവ് സംസാരിക്കുകയുണ്ടായി.

നേരത്തെ തങ്ങൾ ഉണ്ടാക്കിയ തന്ത്രത്തിൽ ഉറച്ചുനിന്നാണ് മത്സരത്തിൽ വിജയം സ്വന്തമാക്കിയത് എന്ന് സൂര്യകുമാർ യാദവ് പറയുകയുണ്ടായി.

“ഞങ്ങൾ ഞങ്ങളുടെ കഴിവുകൾക്ക് പിന്തുണ നൽകാനാണ് മത്സരത്തിൽ ശ്രമിച്ചത്. മാത്രമല്ല ടീം മീറ്റിങ്ങിൽ എന്താണോ സംസാരിച്ചത്, അത് മൈതാനത്ത് പ്രാവർത്തികമാക്കാൻ ഞങ്ങൾ ശ്രമിച്ചു. അത് പൂർണമായും പ്രാവർത്തികമായി. പുതിയ മൈതാനം ആയിരുന്നിട്ട് കൂടി സഹതാരങ്ങൾ എല്ലാവരും കൃത്യമായി പുലർത്തുകയും മികച്ച രീതിയിൽ ബാറ്റിംഗ് പ്രകടനം പുറത്തെടുക്കുകയും ചെയ്തു. അത് ഞങ്ങൾക്ക് ഒരുപാട് ഗുണം ചെയ്തു.”- സൂര്യകുമാർ പറഞ്ഞു.

Read Also -  പാക് പടയെ തകര്‍ത്ത് ഇന്ത്യൻ പെൺപുലികൾ. ലോകകപ്പിൽ 6 വിക്കറ്റുകളുടെ വിജയം

“നായകൻ എന്ന നിലയിൽ മൈതാനത്ത് നിൽക്കുമ്പോഴുള്ള തലവേദന എന്നെ സംബന്ധിച്ച് ഒരുപാട് സന്തോഷം നൽകുന്നതാണ്. ആര് ഏത് സമയത്ത് ബോൾ ചെയ്യണമെന്ന് തീരുമാനിക്കുന്നത് എല്ലായിപ്പോഴും കുറച്ചു ബുദ്ധിമുട്ടാണ്. ഏത് സമയത്തും എനിക്ക് ഒരു എക്സ്ട്രാ ബോളിംഗ് ഓപ്ഷനുണ്ട്. അതൊരു നല്ല കാര്യമാണ്. ഓരോ മത്സരങ്ങളിലൂടെ കടന്നു പോകുമ്പോഴും പുതിയ കാര്യങ്ങൾ ഞാൻ പഠിക്കുകയാണ്. ഇനിയും ഞങ്ങൾക്ക് കുറച്ചധികം ഏരിയകളിൽ കൂടി പുരോഗതികൾ ഉണ്ടാക്കാനുണ്ട്. അതിനെപ്പറ്റി ചർച്ച ചെയ്ത് അടുത്ത മത്സരത്തിൽ കൂടുതൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ശ്രമിക്കും.”- സൂര്യകുമാർ കൂട്ടിച്ചേർത്തു.

മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണും നല്ല ബാറ്റിംഗ് പ്രകടനമായിരുന്നു കാഴ്ചവച്ചത്. മത്സരത്തിൽ ഓപ്പണർ റോളിലെത്തിയ സഞ്ജു 19 പന്തുകളിൽ 29 റൺസാണ് നേടിയത്. 6 തകർപ്പൻ ബൗണ്ടറികളാണ് സഞ്ജുവിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടത്. മത്സരത്തിൽ 3 വിക്കറ്റുകൾ സ്വന്തമാക്കിയ അർഷദീപ് സിംഗിനെയാണ് താരമായി തിരഞ്ഞെടുത്തത്. ആദ്യ മത്സരത്തിൽ വിജയം സ്വന്തമാക്കിയതോടെ 1-0 എന്ന നിലയിൽ പരമ്പരയിൽ മുൻപിലെത്താൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്.

Scroll to Top