“എനിക്കെതിരെ സ്വീപ് ഷോട്ട് കളിക്കുന്നത് നിർത്തൂ”. റാഷിദ് ഖാൻ മത്സരത്തിനിടെ സൂര്യയോട്.

download

അഫ്ഗാനിസ്ഥാനെതിരായ സൂപ്പർ 8 മത്സരത്തിൽ തകർപ്പൻ ബാറ്റിംഗ് പ്രകടനമായിരുന്നു ഇന്ത്യയുടെ ബാറ്റർ സൂര്യകുമാർ യാദവ് കാഴ്ചവെച്ചത്. ടൂർണമെന്റിലെ ആദ്യ മത്സരങ്ങളിൽ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ സൂര്യകുമാറിന് സാധിച്ചിരുന്നില്ല. എന്നാൽ അമേരിക്കയ്ക്ക് എതിരായ മത്സരത്തിലും, അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലും പഴയ സൂര്യകുമാറിന്റെ വീര്യം കാണാൻ സാധിച്ചു.

അഫ്ഗാനെതിരായ മത്സരത്തിൽ പൂർണമായും 360 ഡിഗ്രി സൂര്യകുമാർ യാദവിനെയാണ് കണ്ടത്. അഫ്ഗാനിസ്ഥാനായി മികച്ച ബോളിംഗ് പ്രകടനം പുറത്തെടുത്ത റാഷിദ് ഖാനെതിരെ പോലും തന്റെ റാമ്പ് ഷോട്ടുകളുമായി സൂര്യകുമാർ യാദവ് കളം നിറഞ്ഞിരുന്നു. മത്സരത്തിനിടെ സൂര്യകുമാറും റാഷിദ് ഖാനും പങ്കുവെച്ച സൗഹൃദ സംഭാഷണമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്.

മത്സരത്തിൽ റാഷിദ് ഖാനെതിരെ തുടർച്ചയായി സ്വീപ് ഷോട്ടുകൾ കളിച്ച് ബൗണ്ടറികൾ സ്വന്തമാക്കാൻ സൂര്യകുമാർ യാദവിന് സാധിച്ചിരുന്നു. ഇതിന് ശേഷം റാഷിദ് സൂര്യകുമാറിന്റെ അടുത്തു വരികയും സൗഹൃദ രൂപേണ ചില കാര്യങ്ങൾ പറയുകയും ചെയ്തു. മത്സരത്തിൽ ഇന്ത്യൻ ഇന്നിങ്സിൻ്റെ പതിനൊന്നാം ഓവറിലാണ് റാഷിദിനെതിരെ ലോക നമ്പർ വൺ ട്വന്റി20 ബാറ്റർ ഒരു ബൗണ്ടറിയും ഒരു സിക്സറും സ്വീപ്പ് ഷോപ്പിലൂടെ നേടിയത്. ഇതിന് ശേഷം റാഷിദ് സൂര്യകുമാർ യാദവിന്റെ അടുത്ത് വന്ന് എന്താവും പറഞ്ഞിരിക്കുക എന്ന് ഊഹിച്ചെടുത്തിരിക്കുകയാണ് മുൻ ഇന്ത്യൻ താരം രവി ശാസ്ത്രി.

Read Also -  അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ചു. സൂപ്പര്‍ 8 ല്‍ ഇന്ത്യക്ക് ഗംഭീര തുടക്കം.

ഒരുപക്ഷേ റാഷിദ് സൂര്യകുമാറിന്റെ അടുത്ത് വന്ന് “എന്റെ പന്തുകളിൽ സ്വീപ് കളിക്കുന്നത് നിർത്തൂ” എന്ന് പറഞ്ഞിട്ടുണ്ടാവും എന്ന് ശാസ്ത്രി വിലയിരുത്തുന്നു. ഒപ്പം സൂര്യകുമാർ യാദവ് ഇതിന് മറുപടി നൽകുന്നതായും വീഡിയോയിൽ വ്യക്തമാണ്. ഒരുപക്ഷേ “ഇതെന്റെ തെറ്റല്ല” എന്ന് സൂര്യകുമാർ യാദവ് മറുപടി നൽകിയിരിക്കും എന്നാണ് രവി ശാസ്ത്രി പറഞ്ഞത്. എന്തായാലും മത്സരത്തിൽ ഇന്ത്യയ്ക്കായി സമ്മർദ്ദ സാഹചര്യത്തിൽ ക്രീസിലെത്തി മികച്ച പ്രകടനം തന്നെ കാഴ്ചവയ്ക്കാൻ സൂര്യകുമാറിന് സാധിച്ചിട്ടുണ്ട്. മത്സരത്തിൽ 28 പന്തുകൾ നേരിട്ട സൂര്യകുമാർ 53 റൺസ് സ്വന്തമാക്കുകയുണ്ടായി.

മറ്റ് ഇന്ത്യൻ ബാറ്റർമാർ വളരെയധികം ബുദ്ധിമുട്ടിയ വിക്കറ്റിലാണ് സൂര്യകുമാർ ഈ അനായാസ പ്രകടനം കാഴ്ചവച്ചത്. സൂര്യയുടെയും ഹർദിക് പാണ്ട്യയുടെയും മികവിൽ നിശ്ചിത 20 ഓവറുകളിൽ 181 റൺസ് മത്സരത്തിൽ സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. മറുപടി ബാറ്റിംഗിൽ അഫ്ഗാനിസ്ഥാനെ പൂർണമായും എറിഞ്ഞിടാൻ ബൂമ്രയ്ക്കും അർഷദീപ് സിംഗിനും സാധിച്ചു. ഇതോടെ മത്സരത്തിൽ ഇന്ത്യ 47 റൺസിന്റെ കൂറ്റൻ വിജയം സ്വന്തമാക്കുകയായിരുന്നു. ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ അടുത്ത സൂപ്പർ8 മത്സരം നടക്കുന്നത്.

Scroll to Top